KeralaLatest

തലവേദനക്ക് കുത്തിവെപ്പെടുത്ത എഴുവയസ്സുകാരന്റെ കാല് തളര്‍ന്നതായി പരാതി

“Manju”

 

ചാവക്കാട്: താലൂക്ക് ആശുപത്രിയില്‍ തലവേദനക്ക് കുത്തിവെപ്പെടുത്ത എഴുവയസ്സുകാരന്റെ കാല് തളര്‍ന്നെന്ന പരാതിയില്‍ ഡോക്ടര്‍ക്കും നഴ്സിനുമെതിരെ കേസ്. ഡോക്ടറെ ഒന്നാം പ്രതിയും പുരുഷ നഴ്സിനെ രണ്ടാം പ്രതിയുമാക്കിയാണ് പൊലീസ് കേസെടുത്തത്.

പാലയൂര്‍ നാലകത്ത് കാരക്കാട് ഷാഫിലിന്റെ മകൻ മുഹമ്മദ് ഗസാലിയുടെ ഇടത് കാലിനാണ് തളര്‍ച്ച ബാധിച്ചത്. ഡിസംബര്‍ ഒന്നിനാണ് സംഭവം. പാലയൂര്‍ സെന്റ് തോമസ് എല്‍.പി സ്കൂളിലെ രണ്ടാം ക്ലാസുകാരനായ മുഹമ്മദ് ഗസാലി തലവേദനയെ തുടര്‍ന്ന് മാതാവ് ഹിബയുമൊത്താണ് താലൂക്ക് ആശുപത്രിയിലെത്തിയത്. അത്യാഹിത വിഭാഗത്തിലെ ഡ്യൂട്ടി ഡോക്ടറെ കാണിച്ചപ്പോള്‍ രണ്ട് കുത്തിവെപ്പുകള്‍ എടുക്കാൻ നിര്‍ദേശിച്ചു. തുടര്‍ന്ന് ഗസാലിയുടെ ഇടതു കൈയില്‍ ആദ്യം കുത്തിവെപ്പ് നല്‍കി. കൈയില്‍ വീര്‍പ്പുണ്ടാകുകയും വേദന അനുഭവപ്പെടുകയും ചെയ്തതായി കുട്ടി പറഞ്ഞപ്പോള്‍ ആണ്‍ നഴ്സ് സിറിഞ്ച് താഴെ വെച്ച്‌ അവിടെനിന്ന് പോയെന്നും മാതാവ് പിന്നാലെ പോയി പറഞ്ഞിട്ടാണ് അദ്ദേഹം തിരികെ വന്നതെന്നും പരാതിയില്‍ പറയുന്നു.

പിന്നീട് അരക്കെട്ടില്‍ ഇടതുഭാഗത്തായി കുത്തിവെച്ചു. ഇതോടെ ഇടതുകാലില്‍ ശക്തമായ വേദനയും തരിപ്പും അനുഭവപ്പെട്ടു. എണീറ്റ് നടക്കാൻ ശ്രമിച്ചപ്പോള്‍ വീഴാൻ പോകുകയും ഇടത് കാലിന് ബലക്കുറവ് തോന്നുകയും ചെയ്തപ്പോള്‍ മാതാവ് ഹിബ ഡോക്ടറെ ചെന്നുകണ്ട് കാര്യം പറഞ്ഞു. കൈയില്‍ വീര്‍പ്പുള്ള ഭാഗത്ത് പുരട്ടാൻ ഓയിൻമെന്റ് നല്‍കിയ ഡോക്ടര്‍ കാലിലേത് മാറിക്കോളുമെന്നും പറഞ്ഞ് വീട്ടിലേക്ക് പറഞ്ഞുവിട്ടു.

വീട്ടിലെത്തിയിട്ടും മാറ്റമില്ലാതായതോടെ കുട്ടിയെ കോട്ടക്കലിലെ ആശുപത്രിയിലെത്തിച്ചു. മരുന്ന് മാറിയതിനാലോ ഇൻജക്ഷൻ ഞരമ്ബില്‍ കൊണ്ടതിനാലോ ആവാം കാലിലെ തളര്‍ച്ചയെന്ന് അവിടെയുള്ള ഡോക്ടര്‍ അഭിപ്രായപ്പെട്ടതായും പറയുന്നു.

രക്ഷിതാക്കള്‍ ചാവക്കാട് പൊലീസിനു പുറമെ ആശുപത്രി സൂപ്രണ്ട്, ജില്ല മെഡിക്കല്‍ ഓഫിസര്‍, എം.എല്‍., ആരോഗ്യമന്ത്രി, ബാലാവകാശ കമീഷൻ എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച്‌ അന്വേഷണം നടത്തി ജില്ല മെഡിക്കല്‍ ഓഫിസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ഷാജ് കുമാര്‍ പറഞ്ഞു.

 

Related Articles

Back to top button