KeralaLatest

സംസ്ഥാനത്ത് കോവിഡ് വാക്‌സിന്‍ ഇന്ന് എത്തും

“Manju”

സിന്ധുമോൾ. ആർ

കൊച്ചി: ആദ്യഘട്ട കൊവിഡ് വാക്സിന്‍ ഇന്ന് കേരളത്തിലെത്തും. വാക്സിനുമായുള്ള വിമാനം ഉച്ചയ്ക്ക് രണ്ടിന് നെടുമ്പാശേരിയിലും വൈകിട്ട് ആറ് മണിക്ക് തിരുവനന്തപുരത്തുമെത്തും. സംസ്ഥാനത്തെ മൂന്ന് മേഖല കേന്ദ്രങ്ങളില്‍ നിന്നാകും ജില്ലകളിലേക്ക് വാക്സിന്‍ എത്തിക്കുക. കേരളത്തിന് 4.35 ലക്ഷം വയല്‍ വാക്സിനാണ് ആദ്യഘട്ടം ലഭിക്കുക. 10 ഡോസ് അടങ്ങുന്ന ഒരു കുപ്പിയാണ് വയല്‍. 1100 ഡോസ് മാഹിയില്‍ വിതരണം ചെയ്യാനുള്ളതാണ്. 16-നാണ് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തിട്ടുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പ്രതിരോധമരുന്ന് നല്‍കുക.

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലെ മേഖല വാക്‌സിന്‍ സ്റ്റോറേജ് കേന്ദ്രങ്ങളിലേയ്ക്കാണ് ആദ്യം വാക്‌സിന്‍ മാറ്റുക. കൊച്ചിയിലെത്തിക്കുന്ന 2,99,500 ഡോസ് വാക്‌സിനില്‍ 1,19,500 ഡോസ് കോഴിക്കോട് മേഖലയ്ക്കായി റോഡ് മാര്‍ഗം കൊണ്ടു പോകും. മാഹിക്ക് നല്‍കാനുള്ള 1100 ഡോസ് വാക്‌സിന്‍ കോഴിക്കോട് നിന്നാണ് കൊണ്ടുപോവുക. തിരുവനന്തപുരത്ത് വൈകീട്ട് ആറ് മണിയോടെ 1,34,000 ഡോസ് വാക്‌സിന്‍ വിമാനത്തില്‍ എത്തിക്കും.

തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലെ വാക്സിനേഷന്‍ കേന്ദ്രങ്ങളിലേക്കും കൊച്ചിയില്‍ നിന്ന് എറണാകുളം, ഇടുക്കി, കോട്ടയം, പാലക്കാട്, തൃശൂര്‍ ജില്ലകളിലെ വാക്സിനേഷന്‍ കേന്ദ്രങ്ങളിലേക്കും കോഴിക്കോട് സ്റ്റോറില്‍ നിന്ന് കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോട്, മലപ്പുറം, വയനാട് എന്നിവിടങ്ങളിലേക്കും വാക്സിന്‍ നല്‍കും.

എറണാകുളം ജില്ലയില്‍ 12 , തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ 11 വീതം, ബാക്കി ജില്ലകളില്‍ 9 വീതം അങ്ങനെ 133 കേന്ദ്രങ്ങളാണ് വാക്സിനേഷനായി ഒരുക്കിയിട്ടുള്ളത്. ഇവിടങ്ങളില്‍ ഒരു ദിവസം 100 വീതം പേര്‍ക്ക് വാക്സിന്‍ നല്‍കും. വാക്സിന്റെ ലഭ്യത അനുസരിച്ച്‌ ഓരോ ജില്ലകളിലും നൂറിലധികം കേന്ദ്രങ്ങള്‍ വരും ദിവസങ്ങളില്‍ സജ്ജമാക്കും. നിലവില്‍ സര്‍ക്കാര്‍ സ്വകാര്യ മേഖലകളിലെ 359549 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ആദ്യഘട്ടം വാക്സിന്‍ നല്‍കുക.

Related Articles

Back to top button