IdukkiKeralaLatest

മോഷ്ടിച്ച ബൈക്കുകളുമായി കാമുകിയെ കാണാനെത്തി പിടിയിലായി,ബൈക്കുകൾ പൊക്കാൻ സംഘത്തിൽ മെക്കാനിക്കും…

“Manju”

കാലടി• മോഷ്ടിച്ച ബൈക്കുകളിൽ‍ കാമുകിയെ കാണാനെത്തിയ പ്രായപൂർത്തിയാകാത്തയാളും സുഹൃത്തുക്കളും ഉൾപ്പെടെ 5 ബൈക്ക് മോഷ്ടാക്കൾ‍‍ കാലടിയിൽ പൊലീസിന്റെ പിടിയിലായി. പാലക്കാട് ചിറ്റൂർ കല്ലാട്ടേരി പള്ളിപ്പുറം വെർക്കോലി വിജയ് (20), ചിറ്റൂർ എലപ്പുള്ളി മാമ്പുള്ളി സുബിൻ (22), തൃശൂർ അളഗപ്പനഗർ വരാക്കര കപ്പേള നെടുവേലിക്കുടി ബിന്റൊ (25) എന്നിവരെയും പ്രായപൂർത്തിയാകാത്ത 2 പേരെയുമാണു കാലടി പൊലീസ് അറസ്റ്റ് ചെയ്തത്.

ഇവരിൽ നിന്ന് 5 പുതുതലമുറ ബൈക്കുകൾ കസ്റ്റഡിയിലെടുത്തു. കാലടി പട്ടണത്തിൽ ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയോടു ചേർന്നുള്ള കനാൽ റോഡിൽ വൈകിട്ടു പൊലീസ് വാഹന പരിശോധന നടത്തുമ്പോഴാണു ബൈക്ക് മോഷ്ടാക്കൾ കുടുങ്ങിയത്. നമ്പർ പ്ലേറ്റ് ഇല്ലാത്ത 2 ബൈക്കുകളിലായി 5 പേർ വന്നപ്പോൾ പൊലീസ് കൈ കാണിച്ചു. എന്നാൽ ഇവർ ബൈക്കുപേക്ഷിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു.

പൊലീസ് പിന്തുടർന്നോടി പിടികൂടിയപ്പോഴാണു ബൈക്ക് മോഷണത്തിന്റെ ചുരുളഴിയുന്നത്. ഇവർ മോഷ്ടിച്ച 3 ബൈക്കുകൾ കൂടി പിന്നീടു കണ്ടെത്തി. പ്രായപൂർത്തിയാകാത്തവരിൽ ഒരാളുടെ മലയാറ്റൂരിലുള്ള കാമുകിയെ കാണാൻ സംഘം പോവുകയായിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അനേകം ബൈക്കുകൾ ഇവർ മോഷ്ടിച്ചിട്ടുണ്ടെന്നു പൊലീസ് പറ‍ഞ്ഞു.

പ്രായപൂർത്തിയാകാത്ത ഒരാൾ വർക്‌ഷോപ്പ് മെക്കാനിക്കാണ്. നിർത്തിയിട്ടിരിക്കുന്ന ബൈക്കുകൾ വിദഗ്ധമായി സ്റ്റാർട്ട് ചെയ്തു കൊണ്ടുവരുന്നത് ഇയാളാണ്. പിന്നീട് സംഘം പാലക്കാട്ട് കുറഞ്ഞ വിലയ്ക്കു ഇവ വിൽക്കും. വിറ്റു കിട്ടുന്ന പണം ലഹരിമരുന്നു വാങ്ങി ഉപയോഗിക്കാനും ആഡംബര ജീവിതത്തിനുമാണ് ഇവ‍‍ർ ചെലവിടുന്നതെന്നു പൊലീസ് വ്യക്തമാക്കി. ഇതു വലിയ ശൃംഖലയാണെന്നും ഇനിയും പ്രതികളെ പിടികൂടാനുണ്ടെന്നും റൂറൽ‍ എസ്പി കെ. കാർത്തിക് അറിയിച്ചു.

അതിനു പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കാലടി ഇൻസ്പെക്ടർ എം.ബി. ലത്തീഫ്, അയ്യമ്പുഴ ഇൻസ്പെക്ടർ തൃദീപ് ചന്ദ്രൻ, എസ്ഐമാരായ സ്റ്റെപ്റ്റോ ജോൺ, ജെയിംസ് മാത്യു, എഎസ്ഐ എം.കെ. അബ്ദുൽ സത്താർ, സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ എൻ.പി. അനിൽകുമാർ, സി.ഡി. സെബാസ്റ്റ്യൻ, മാഹിൻ ഷാ, ടി.എൻ. മനോജ്കുമാർ, കെ.എ. നൗഫൽ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Related Articles

Back to top button