IndiaLatest

വന്ദേ ഭാരത് ട്രെയിന്‍ നവംബര്‍ 10 മുതല്‍

“Manju”

ദക്ഷിണ റെയില്‍വേയ്ക്ക് അനുവദിച്ച ആദ്യ വന്ദേ ഭാരത് ട്രെയിന്‍ അടുത്തമാസം 10-ന് സര്‍വീസ് ആരംഭിക്കും. ചെന്നൈ- ബെംഗളൂരു- മൈസൂര്‍ റൂട്ടിലാണ് ആദ്യ സര്‍വ്വീസ് നടത്തുക. രാജ്യത്തെ സെമി- ഹൈസ്പീഡ് ട്രെയിനായ വന്ദേ ഭാരതിന്റെ അഞ്ചാമത്തെ റൂട്ടാണിത്. 2019ല്‍ ആരംഭിച്ച വന്ദേ ഭാരത് എക്സ്പ്രസിന്റെ നാലാമത്തെ റൂട്ടായ ഹിമാചല്‍ പ്രദേശ്- ന്യൂഡല്‍ഹി റൂട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യാഴാഴ്ച ഉദ്ഘാടനം ചെയ്തിരുന്നു. ഡല്‍ഹി- കാണ്‍പുര്‍- അലഹബാദ്- വാരാണസി റൂട്ടിലാണ് ആദ്യ വന്ദേ ഭാരത് എക്സ്പ്രസ് ആരംഭിച്ചത്.

നേരത്തെ ആരംഭിച്ച സര്‍വ്വീസുകളില്‍ ഉപയോഗിച്ച ട്രെയിനുകളുടെ നവീകരിച്ച പതിപ്പാണ് നിലവില്‍ ഉപയോഗിക്കുന്നതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഓടിത്തുടങ്ങുന്ന ട്രെയിനിന് ആദ്യ 52 സെക്കന്റില്‍ തന്നെ 100 കിലോമീറ്റര്‍ വരെ വേഗം കൈവരിക്കാന്‍ സാധിക്കുന്ന രീതിയിലാണ് നവീകരണമെന്ന് കുറിപ്പില്‍ പറയുന്നു. നേരത്തെ, 430 ടണ്‍ ഭാരമുണ്ടായിരുന്ന ട്രെയിനുകള്‍ക്ക് നിലവില്‍ 392 ടണ്‍ ഭാരമാണുള്ളത്. വിമാന യാത്രയ്ക്ക് സമാനമായ അനുഭവമാണ് വന്ദേ ഭാരത് എക്സ്പ്രസുകള്‍ നല്‍കുന്നതെന്നും കുറിപ്പില്‍ അവകാശപ്പെടുന്നു. അടുത്ത വര്‍ഷം ഓഗസ്റ്റ് 15നുള്ളില്‍ 75 സര്‍വീസുകള്‍ തുടങ്ങാനാണ് ഇന്ത്യന്‍ റെയില്‍വേ ലക്ഷ്യമിടുന്നത്. മൂന്ന് വര്‍ഷത്തിനുള്ള 400 വന്ദേ ഭാരത് ട്രെയിനുകള്‍ ആരംഭിക്കും എന്നായിരുന്നു 2022-ലെ കേന്ദ്ര ബജറ്റില്‍ ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പ്രഖ്യാപിച്ചിരുന്നത്.

Related Articles

Back to top button