KeralaUncategorized

‘മാണിയുടെ ആത്മാവിനെ ജോസ് വഞ്ചിച്ചു; പിതാവിനോട് ക്ഷമാപണം നടത്തണം’ : രമേശ് ചെന്നിത്തല

“Manju”

തിരുവനന്തപുരം• കെ.എം.മാണിയെ അവഹേളിച്ച എൽഡിഎഫിലേക്കു ജോസ് കെ.മാണി പോകുന്നത് കേരള കോൺഗ്രസ് വികാരം നെഞ്ചിലേറ്റുന്ന ആരും അംഗീകരിക്കില്ലെന്നും ഇതു രാഷ്ട്രീയ വഞ്ചനയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എല്ലാ രാഷ്ട്രീയ മര്യാദയും കാറ്റിൽപറത്തിയാണ് കഴിഞ്ഞതെല്ലാം മറന്നു ജോസിന്റെ പാര്‍ട്ടിയെ എൽഡിഎഫ് മുന്നണിയിലെടുത്തത്. കെ.എം.മാണി നിരപരാധിയാണെന്നറിഞ്ഞു തന്നെയാണ് അദ്ദേഹത്തിനെതിരെ സമരം ചെയ്തതെന്നു ഇടതു മുന്നണി കൺവീനർ പറഞ്ഞിരുന്നു. അവരോടാണ് ജോസ് കെ.മാണി രാഷ്ട്രീയ കൂട്ടുകെട്ട് ഉണ്ടാക്കുന്നത്.

കെ.എം. മാണിയുടെ ആത്മാവിനെ ജോസ് വഞ്ചിച്ചു, മാണിയുടെ ആത്മാവ് പൊറുക്കില്ല. എൽഡിഎഫ് പ്രവേശനത്തിനു മുൻപ് ജോസ്, പിതാവിനോട് ക്ഷമാപണം നടത്തുമെന്നാണു കരുതുന്നത്. ജോസിന്റെ രാഷ്ട്രീയ പാപ്പരത്തം പുറത്തു വന്നു, ഇടതു മുന്നണിയുടെ രാഷ്ട്രീയ കാപട്യം ലോകമറിഞ്ഞു. മാണിയെ ക്രൂശിച്ചവരാണ് ഇടതു മുന്നണിയിലുള്ളവർ. മാണിയെ കള്ളനെന്നു വിളിച്ച് അവഹേളിച്ച മുന്നണിയിലേക്കാണ് ജോസും കൂട്ടരും പോകുന്നത്. യുഡിഎഫിന്റെ കെട്ടുറപ്പ് തകർക്കാൻ ബോധപൂർവമുള്ള ശ്രമം ജോസ് കെ. മാണിയുടെ ഭാഗത്തുനിന്നുണ്ടായി.

കെ.എം.മാണി ബജറ്റ് അവതരിപ്പിക്കാതിരിക്കാൻ എൽഡിഎഫ് ചെയ്തത് ജനാധിപത്യത്തിലെ കറുത്ത അധ്യായമാണെന്നു ചെന്നിത്തല പറഞ്ഞു. ഏതാനുംമാസത്തെ ജില്ലാ പഞ്ചായത്ത് ഭരണവുമായി ബന്ധപ്പെട്ടാണ് എൽഡിഎഫിലേക്കു ചേക്കാറാൻ ജോസ് തീരുമാനമെടുത്തത്. ഇടതു മുന്നണിയുടെ രാഷ്ട്രീയ സ്വഭാവവും പുറത്തു വരികയാണ്. ഇക്കാലമത്രയും മാണിക്കെതിരെ സമരം ചെയ്തവർക്കു പെട്ടെന്ന് ആ പാർട്ടിയോട് സ്നേഹം തോന്നുന്നത് കാപട്യം നിറഞ്ഞ രാഷ്ട്രീയമാണ്. ആ രാഷ്ട്രീയം ജനം തിരിച്ചറിയും. മുഖ്യമന്ത്രി ജോസിന്റെ നിലപാടിനെ സ്വാഗതം ചെയ്യുന്നത് കണ്ടു. ഇതേ മുഖ്യമന്ത്രിയും മുന്നണിയുമാണ് മാണിയുടെ ചോരയ്ക്കായി ദാഹിച്ചത്. ജോസ് കെ.മാണിയുടെ അപക്വമായ നിലപാട് കാരണമാണ് പാലായിൽ പരാജയപ്പെട്ടതെന്നും ചെന്നിത്തല പറഞ്ഞു.

യുഡിഎഫ്, നെഞ്ചു കൊടുത്താണ് മാണിയെ സംരക്ഷിച്ചത്. ജോസിന്റെ മുന്നണി മാറ്റം പെട്ടെന്നുള്ളതല്ല, ഇതിനുള്ള കരുക്കൾ നേരത്തെ നീക്കിയിരുന്നു. ഐക്യത്തിനുള്ള എല്ലാ ശ്രമങ്ങളും ജോസ് നിരാകരിച്ചു. അണികളുടെ വികാരം മാനിക്കാതെയാണ് ജോസിന്റെ മുന്നണി മാറ്റം. ഇടതു മുന്നണിക്കും ജോസിനും കനത്ത വില കൊടുക്കേണ്ടതായി വരും.

സ്വപ്നയുടെ മൊഴി പുറത്തു വന്നപ്പോഴാണ് സ്വപ്നയെ അറിയാമെന്നു മുഖ്യമന്ത്രിക്ക് ഓർമ വന്നത്. മുഖ്യമന്ത്രി നിരന്തരം കള്ളം പറയുന്നു. സ്വപ്നയുടെ നിയമനം അറിയില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് പച്ചക്കള്ളമാണ്. കള്ളം പറയുമ്പോൾ മുഖ്യമന്ത്രി അൽപമെങ്കിലും ജാഗ്രത കാണിക്കണം. ലൈഫ് കേസിലെ ഹൈക്കോടതി ഉത്തരവിൽ സർക്കാരിന് ആഹ്ലാദിക്കാൻ ഒന്നുമില്ല, സിബിഐ അന്വേഷണം തുടരുന്നതിന് കോടതി ഉത്തരവ് തടസ്സമില്ല. മാണി സി. കാപ്പനുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല, യുഡിഎഫ് കൺവീനർ എം.എം. ഹസൻ പറഞ്ഞതിനെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Back to top button