India

കോവിഡ് 19 വാക്‌സിന്‍ ഗവേഷണ, നിര്‍മ്മാണവുമായി ബന്ധപ്പെട്ട അവലോകനയോഗത്തില്‍ പ്രധാനമന്ത്രി അധ്യക്ഷത വഹിച്ചു

“Manju”

ബിന്ദുലാൽ തൃശ്ശൂർ:
കോവിഡ്-19 നെതിരായ വാക്‌സിന്‍ നിര്‍മാണ ഗവേഷണപ്രവര്‍ത്തനങ്ങള്‍, പരിശോധനാ സംവിധാനം, സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവരെ കണ്ടെത്തല്‍, മരുന്നു നിര്‍മ്മാണം തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഇന്ന് നടന്ന അവലോകനയോഗത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അധ്യക്ഷത വഹിച്ചു.

കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ദ്ധന്‍, നീതി ആയോഗ് അംഗം (ആരോഗ്യം), പ്രിന്‍സിപ്പല്‍ സയന്റിഫിക് അഡൈ്വസര്‍, മുതിര്‍ന്ന ശാസ്ത്രജ്ഞര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

വാക്‌സിന്‍ ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഇന്ത്യന്‍ വാക്‌സിന്‍ ഡെവലപ്പര്‍മാരുടെയും നിര്‍മാതാക്കളുടെയും പരിശ്രമങ്ങളെ അഭിനന്ദിച്ച പ്രധാനമന്ത്രി ഈ മേഖലയില്‍ ഗവണ്‍മെന്റിന്റെ എല്ലാ പിന്തുണയും തുടരുമെന്ന് വാഗ്ദാനം ചെയ്തു.
നിയന്ത്രണ പരിഷ്‌കരണങ്ങള്‍ (റെഗുലേറ്ററി റിഫോം) ചലനാത്മക പ്രവര്‍ത്തനമാണെന്നും നൂതന സമീപനരീതികള്‍ ഉയര്‍ന്നു വരുന്നതിനാല്‍ എല്ലാ മേഖലകളിലും മുന്‍കൂട്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
വാക്‌സിന്‍ വിതരണത്തിനായുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ സമഗ്ര സമ്പ്രദായത്തിന്റെ നിലവിലെ സ്ഥിതി പ്രധാനമന്ത്രി പരിശോധിച്ചു. ആവശ്യത്തിന് വാക്‌സിന്‍ സംഭരിക്കാനുള്ള സംവിധാനം, ശേഖരിച്ച വസ്തുക്കള്‍ വലിയതോതില്‍ സൂക്ഷിക്കുന്നതിനുള്ള സാങ്കേതിക വിദ്യ, ചെറു യൂണിറ്റുകളിലേക്കുള്ള നിറയ്ക്കല്‍, ഫലപ്രദമായ വിതരണ സംവിധാനം എന്നിവക്കുള്ള തയ്യാറെടുപ്പുകള്‍ പ്രധാനമന്ത്രി അവലോകനം ചെയ്തു.

സീറോ സര്‍വൈലന്‍സും കോവിഡ് ടെസ്റ്റുകളും വര്‍ദ്ധിപ്പിക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. നിരന്തരം പരിശോധന നടത്താനും, ചെലവ് കുറഞ്ഞ മാര്‍ഗത്തില്‍ വേഗത്തില്‍ ഫലം ലഭിക്കുകയും ചെയ്യുന്ന സൗകര്യം എല്ലാവര്‍ക്കും എത്രയും പെട്ടെന്ന് ലഭ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

പാരമ്പര്യ ചികിത്സാ രീതികള്‍ തുടര്‍ച്ചയായുള്ള നിരന്തര ശാസ്ത്രീയ പരിശോധനകള്‍ക്ക് വിധേയമാക്കേണ്ടതിന്റെ ആവശ്യം പ്രധാനമന്ത്രി എടുത്തുപറഞ്ഞു. തെളിവ് അടിസ്ഥാനമാക്കിയുള്ള ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും പ്രതിസന്ധിഘട്ടത്തില്‍ വിശ്വാസ്യതയുള്ള പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുന്ന ആയുഷ് മന്ത്രാലയത്തിന്റെ പ്രവര്‍ത്തനങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു.

രാജ്യത്തിന് മാത്രമല്ല, മുഴുവന്‍ ലോകത്തിനും ചെലവുകുറഞ്ഞതും എളുപ്പത്തില്‍ ലഭ്യമായതുമായ പരിശോധനാ സംവിധാനം, വാക്‌സിന്‍, മരുന്നുകള്‍ എന്നിവ ലഭ്യമാക്കാനുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധത അദ്ദേഹം ആവര്‍ത്തിച്ചു വ്യക്തമാക്കി.

കോവിഡിനെതിരെ ജാഗ്രത തുടരാനും എല്ലാതലത്തിലും സജ്ജരായിരിക്കാനും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അവലോകനയോഗത്തില്‍ ആഹ്വാനം ചെയ്തു

Related Articles

Back to top button