KeralaLatestThrissur

ഓണ്‍ലൈന്‍ ക്ലാസിനിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മൊബൈലിലേക്ക് അശ്ലീല സന്ദേശം; ആലപ്പുഴ സ്വദേശിയായ 20കാരന്‍ അറസ്റ്റില്‍

“Manju”

സിന്ധുമോൾ. ആർ

കൊച്ചി: ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുന്നതിനിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണിലേക്ക് നിരന്തരം അശ്ലീലസന്ദേശങ്ങളയച്ച യുവാവ് അറസ്റ്റില്‍. ആലപ്പുഴ പുന്നപ്ര ഈസ്റ്റ് സ്വദേശി അഖിലാ(20)ണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ ഫോണിലേക്ക് തുടര്‍ച്ചയായി അശ്ലീല സന്ദേശങ്ങള്‍ അയച്ചിരുന്ന യുവാവിനെ പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഉദയംപേരൂര്‍ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.

ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുന്നതിനിടെ ചാറ്റ് റൂം ഹാക്ക് ചെയ്താണ് ഇയാള്‍ പെണ്‍കുട്ടിയുടെ ഫോണിലേക്ക് അഖില്‍ നിരന്തരം അശ്ലീല സന്ദേശങ്ങള്‍ അയച്ചിരുന്നത്. പെണ്‍കുട്ടിയോട് നഗ്‌നചിത്രങ്ങള്‍ ആവശ്യപ്പെടുകയും അസഭ്യം പറയുകയും ചെയ്തു. ശല്യം രൂക്ഷമായതോടെ പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രതിയെ കണ്ടെത്തിയ പൊലീസ് വീട്ടിലെത്തി അഖിലിനെ കസ്റ്റഡിയിലെടുക്കുക ആയിരുന്നു.

തൃക്കാക്കര അസി. കമ്മീഷണറുടെ നിര്‍ദേശപ്രകാരം ഉദയംപേരൂര്‍ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ കെ. ബാലന്‍, സബ് ഇന്‍സ്‌പെക്ടര്‍മാരായ ജിന്‍സണ്‍ ഡൊമിനിക്, പി.എന്‍. വിനോദ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ പ്രശാന്ത്, അജിന്‍സ, ശ്രീരേഖ എന്നിവരാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കാക്കനാട് കോവിഡ് സെന്ററിലേക്ക് മാറ്റി. ഓണ്‍ലൈന്‍ ക്ലാസിനിടെ ചാറ്റ് റൂമുകള്‍ ഹാക്ക് ചെയ്ത് അശ്ലീല സന്ദേശങ്ങള്‍ അയക്കുന്നതായി പൊലീസിന് കൂടുതല്‍ പരാതികള്‍ ലഭിക്കുന്നുണ്ട്. ഇതില്‍ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

Related Articles

Back to top button