KeralaLatestThiruvananthapuram

നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തല്‍: ദമ്പതികള്‍ അറസ്റ്റില്‍

“Manju”

സിന്ധുമോൾ. ആർ

കാഞ്ഞാര്‍: നവജാത ശിശുവിനെ വിജനമായ സ്ഥലത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദമ്പതികള്‍ അറസ്റ്റില്‍. കോട്ടയം അയര്‍ക്കുന്നം തേത്തുരുത്തില്‍ അമല്‍ കുമാര്‍ (31). ഭാര്യ അപര്‍ണ്ണ (26) എന്നിവരെയാണ് കാഞ്ഞാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തെക്കുറിച്ച്‌ പൊലീസ് പറയുന്നത് ഇങ്ങനെ: അമല്‍കുമാര്‍ അപര്‍ണ്ണ ദമ്പതികള്‍ക്ക് രണ്ട് വയസായ ഒരു കുട്ടിയുണ്ട്. ഇവര്‍ ഒരുവര്‍ഷമായി പിണങ്ങി താമസിച്ചുവരികയായിരുന്നു. അകന്ന് കഴിയുന്നതിനിടെ അപര്‍ണ വീണ്ടും ഗര്‍ഭിണിയായി . ഈ സംഭവത്തില്‍ ഇവര്‍ തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടായി . രണ്ട് വയസുള്ള കുട്ടിയുള്ളതുകൊണ്ട് ഭാര്യയെ ഉപേക്ഷിക്കാനും ഭര്‍ത്താവ് മടിച്ചു. എന്നാല്‍ ഇവര്‍ തമ്മില്‍ ഒരു ധാരണയുണ്ടാക്കി കുട്ടിയുണ്ടാകുമ്പോള്‍ അനാഥാലയത്തില്‍ ഏല്പിക്കാമെന്നും ഒന്നിച്ച്‌ താമസിക്കാമെന്നും തീരുമാനിച്ചു. ഇതിനിടയ്ക്ക് പെരുവന്താനം സ്വദേശിയായ ഒരു യുവാവാണ് ഗര്‍ഭത്തിന്റെ ഉത്തരവാദിയെന്നും അയാള്‍ അത്മഹത്യ ചെയ്‌തെന്നും ഭര്‍ത്താവിനോട് പറഞ്ഞിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ അപര്‍ണ്ണയ്ക്ക് പ്രസവവേദനയുണ്ടാകുകയും സുഹൃത്തിന്റെ വണ്ടിയില്‍ ഭാര്യയെ ആശുപത്രിയല്‍ കൊണ്ടുപോകുന്നതിനിടെ വണ്ടിയില്‍ വച്ച്‌ അപര്‍ണ്ണ പ്രസവിച്ചു. ഭര്‍ത്താവാണ് വണ്ടി ഓടിച്ചിരുന്നത് . തൊടുപുഴയില്‍ അന്വേഷിച്ചതിന്റെ അടിസ്ഥാനത്തിലാണ് തൊടുപുഴ പന്നിമറ്റത്തെ സ്ഥലം തെരഞ്ഞെടുക്കുന്നത്.

പന്നിമറ്റത്ത് എത്തിയ ഇവര്‍ വഴിയില്‍ നിന്നയാളോട് അനാഥാലയത്തിലേയ്ക്കുള്ള വഴി തിരക്കി. അതിന് ശേഷം കടയില്‍ നിന്ന് വാങ്ങിയ കത്രിക ഉപയോഗിച്ച്‌ അപര്‍ണ്ണ തന്നെ പൊക്കിള്‍ കൊടിമുറിച്ച ശേഷമാണ് പന്നിമറ്റത്ത് കൊച്ചിനെ ഉപേക്ഷിക്കുന്നത്. തിരിച്ച്‌ പോയ വഴി വണ്ടി കഴുകി വൃത്തിയാക്കി ഉടമയ്ക്ക് കൈമാറുകയും ചെയ്തു. ഞായറാഴ്ച കുട്ടിയെ കണ്ടെത്തിയ ശേഷം പന്നിമറ്റത്തെ സിസിടിവി ദൃശ്യം നോക്കി വണ്ടിയുടെ നമ്പര്‍ മനസിലാക്കി.

പിന്നീട് ഞായറാഴ്ച രാത്രിയില്‍ തന്നെ കാഞ്ഞാര്‍ പൊലീസ് കോട്ടയത്ത് എത്തി വാഹനത്തിന്റെ ഉടമയെ കണ്ടെത്തി. ഉടമ പറഞ്ഞതനുസരിച്ച്‌ അമല്‍ കുമാറിനേയും അപര്‍ണ്ണയേയും കസ്റ്റഡിയില്‍ എടുത്തു. അപര്‍ണ്ണയെ അന്നു തന്നെ തൊടുപുഴ ജില്ലാ ആശുപത്രിയില്‍ പൊലീസ് നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. അമല്‍ കുമാറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. അപര്‍ണ്ണയുടെ കാമുകന്‍ ആത്മഹത്യ ചെയ്‌തെന്ന വിവരം പോലീസ് വിശ്വസിച്ചിട്ടില്ല.എസ് ഐ.മാരായ പി.ടി.ബിജോയി, ഇസ്മായില്‍, എഎസ്‌ഐ ഉബൈസ് സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷാജഹാന്‍, അശ്വതി, കെ.കെ ബിജു, ജോയി, അന‌സ്, ബിജുജോര്‍ജ് എന്നിവര്‍ ചേര്‍ന്നാണ് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്.

Related Articles

Back to top button