Latest

കോവിഡ്; രക്തം കട്ട പിടിക്കുമെന്ന ആശങ്ക വേണ്ട

“Manju”

വീട്ടില്‍ ചികിത്സയില്‍ കഴിയുന്ന ലക്ഷണങ്ങള്‍ കുറഞ്ഞ കോവിഡ് രോഗികള്‍ രക്തം കട്ട പിടിക്കുന്നതിനെ കുറിച്ചു കൂടുതല്‍ ആശങ്കപ്പെടേണ്ടതില്ലെന്നു ഹെമറ്റോളജി വിദഗ്ധനും അമൃത ആശുപത്രിയിലെ ക്ലിനിക്കല്‍ ഹെമറ്റോളജി വിഭാഗം അസോഷ്യേറ്റ് പ്രഫസറുമായ ഡോ. നീരജ് സിദ്ധാര്‍ഥന്‍ പറഞ്ഞു.

രക്തത്തിലെ ഓക്സിജന്‍ അളവ് കുറഞ്ഞ് ആശുപത്രി ചികിത്സ ആവശ്യമായി വന്നവരാണ് ഇക്കാര്യത്തില്‍ കരുതലെടുക്കേണ്ടതെന്നു സാന്ത്വനം പരിപാടിയില്‍ ഡോ. നീരജ് പറഞ്ഞു. കോവിഡ് മുക്തരായി ആശുപത്രി വിട്ട ശേഷം 2 മുതല്‍ 6 ആഴ്ചയ്ക്കിടയില്‍ ചിലയാളുകളില്‍ രക്തം കട്ട പിടിക്കാനുള്ള സാധ്യതയുണ്ട്. ആശുപത്രികളില്‍ ‘ഡി ഡൈമര്‍’ പരിശോധന നടത്തി ഇതിനുള്ള സാധ്യത കണ്ടെത്താം.

പരിശോധന വഴി കണ്ടെത്തുന്ന ‘ഹൈ റിസ്ക്’ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ക്കു രക്തം കട്ട പിടിക്കാതിരിക്കാനുള്ള മരുന്നുകള്‍ നല്‍കാറുണ്ട്. അനാവശ്യമായി ഇത്തരം മരുന്നുകള്‍ കഴിക്കുന്നതു ദോഷം ചെയ്യുമെന്നും ഡോക്ടര്‍ പറഞ്ഞു. വീട്ടില്‍ ചികിത്സയില്‍ കഴിയുന്ന പലരും അമിതമായ സ്വയം ചികിത്സയ്ക്ക് ഇപ്പോള്‍ താല്‍പര്യം കാണിക്കുന്നുണ്ട്. ഇതു ശരിയായ പ്രവണതയല്ല. ആശുപത്രിയില്‍ ചികിത്സ ആവശ്യമുള്ളവര്‍ക്കു മാത്രമേ രക്തം കട്ട പിടിക്കാതിരിക്കാനുള്ള മരുന്ന് കഴിക്കേണ്ടതുള്ളൂ. വീട്ടില്‍ ചികിത്സയില്‍ കഴിയുന്നവര്‍ ഒരിക്കലും അത്തരം മരുന്നുകള്‍ കഴിക്കരുത്. ഡോക്ടറുടെ മാര്‍ഗ നിര്‍ദേശ പ്രകാരം മാത്രം കഴിക്കേണ്ടവയാണ് ഇത്തരം മരുന്നുകള്‍. രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നുകളുടെ അമിതോപയോഗം രക്തസ്രാവത്തിനു കാരണമാകും. ബ്ലാക്ക് ഫംഗസ് പോലുള്ള രോഗങ്ങളും അമിത ചികിത്സയുടെ ഭാഗമായി വരുന്നതാണെന്ന് ഓര്‍ക്കണം.

കൊറോണ വൈറസ് നമ്മുടെ രക്തത്തിലും രക്തക്കുഴലുകളിലും മാറ്റമുണ്ടാക്കുന്നതാണു രക്തം കട്ടപിടിക്കാനുള്ള കാരണം. കോവിഡ് ബാധിതരായി ഐസിയുവില്‍ പ്രവേശിപ്പിക്കപ്പെടുന്നവരില്‍ 20- 70% രോഗികള്‍ക്കു രക്തം കട്ട പിടിക്കുന്ന പ്രശ്നങ്ങള്‍ ഉണ്ടാകുന്നുണ്ട്. പലരിലും ഇതു മരണ കാരണമാകാറുമുണ്ട്. കോവിഡ് മൂലമുള്ള ‘ഇമ്യൂണോ ത്രോംബോസിസ്’ മൂലം ഏതു പ്രധാന അവയവങ്ങളിലും രക്തം കട്ട പിടിക്കാം.

കാലിലെയും ശ്വാസകോശത്തിലെയും രക്ത ധമനികളിലാണു പ്രധാനമായും ഇങ്ങനെ സംഭവിക്കാനുള്ള സാധ്യത. കോവിഡ് ഗുരുതരമാകുന്ന പലരിലും ശ്വാസകോശത്തില്‍ രക്തം കട്ട പിടിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. കാലില്‍ നീരും വേദനയും ഒരുമിച്ചു വരുന്നതാണു കാലിലെ ത്രോംബോസിസിന്റെ ലക്ഷണം. ശ്വാസകോശത്തില്‍ രക്തം കട്ട പിടിക്കുന്നുണ്ടെങ്കില്‍ ശ്വാസമുട്ടുണ്ടാകും. വയറിലാണെങ്കില്‍ അസഹ്യമായ വയറുവേദനയുമുണ്ടാകും. തലച്ചോറിലേക്കുള്ള രക്തധമനികളില്‍ രക്തം കട്ട പിടിച്ചാല്‍ പക്ഷാഘാതത്തിലേക്കു നീങ്ങാം.

Related Articles

Back to top button