Kerala

സ്വന്തം കാലില്‍ നില്‍ക്കാന്‍ തേജോമയ ആഫ്റ്റര്‍കെയര്‍ ഹോം – ഉദ്ഘടാനം മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു

“Manju”

സേതുനാഥ് എസ്

തിരുവനന്തപുരം: എറണാകുളം എടക്കാട്ടുവയലിലെ തേജോമയ ആഫ്റ്റര്‍ കെയര്‍ ഹോമിന്റെ ഉദ്ഘാടനം ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. വിമന്‍ ആന്റ് ചില്‍ഡ്രന്‍ ഹോം താമസക്കാരില്‍ 16 വയസിന് മുകളിലുള്ള ഉപരിപഠനത്തിന് താത്പര്യവും പ്രാപ്തിയും ഇല്ലാത്ത കുട്ടികള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കി വരുമാനദായകമായ തൊഴില്‍ കണ്ടെത്തി കൊടുക്കുന്നതിന് വേണ്ടിയാണ് നിര്‍ഭയ പദ്ധതിയുടെ ഭാഗമായി തേജോമയ ആഫ്റ്റര്‍ കെയര്‍ ഹോം വിഭാവനം ചെയ്തിരിക്കുന്നത്.

ഒരു വര്‍ഷം കൊണ്ട് ഓരോ താമസക്കാര്‍ക്കും പ്രതിമാസം 10,000 രൂപ മുതല്‍ 15,000 രൂപ വരെ വരുമാനം ലഭിക്കുന്ന തരത്തിലാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. വിമന്‍ ആന്റ് ചില്‍ഡ്രന്‍ ഹോമുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 16 കുട്ടികള്‍ക്ക് അവരുടെ അഭിരുചിക്കനുസൃതമായ തൊഴില്‍ മേഖലകളില്‍ പരിശീലനം നല്‍കി പുനരധിവസിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇവര്‍ക്കായി സൗജന്യ താമസം, ജീവിത നൈപുണ്യ വിദ്യാഭ്യാസം, മനശാസ്ത്രപരമായ സമീപനം, തൊഴിലധിഷ്ഠിത നൈപുണ്യവികസനം, യോഗ, വ്യായാമം, ജീവന്‍സുരക്ഷാ സേവനങ്ങള്‍, മാനസിക ഉല്ലാസത്തിന് വേണ്ടിയുള്ള വിവിധ പരിപാടികള്‍ എന്നിവ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇതിനായി 36.40 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

തെരഞ്ഞെടുക്കപ്പെട്ട കുട്ടികളില്‍ നടത്തിയ സ്‌കില്‍ ആന്റ് ആപ്റ്റിറ്റിയൂഡ് അസസ്‌മെന്റിന്റെ അടിസ്ഥാനത്തില്‍ വിവിധ തൊഴില്‍ മേഖലകളിലുള്ള പരിശീലനങ്ങളാണ് നല്‍കുന്നത്. നൈപുണ്യ വികസനത്തിന്റെ ഭാഗമായി പ്രസ്തുത സെന്ററില്‍ ഒരു ‘ഡിസൈന്‍ ബോട്ടിക്’ രൂപകല്‍പന ചെയ്തിട്ടുണ്ട്. എംബ്രോയിഡറി, ഫാബ്രിക്ക് പെയിന്റിംഗ്, ഫുഡ് പ്രൊസസിംഗ്, പോള്‍ട്ടറി ഫാമിംഗ്, അലങ്കാര മത്സ്യകൃഷി തുടങ്ങി വിവിധ മേഖലകളിലും പരിശീലനം നല്‍കുന്നതാണ്.

സ്‌കില്‍ ട്രെയിനിംഗിന്റെ ഭാഗമായി ഹോമിന് പുറത്ത് ജോലി ലഭിക്കുന്ന അംഗങ്ങള്‍ക്ക് ജോലിക്ക് പോകുന്നതിനും സ്വതന്ത്രമായി ജീവിതം നയിക്കുന്നതിനും അവസരം നല്‍കുന്നു. ജില്ലാ വനിത ശിശുവികസന ഓഫീസര്‍ ചെയര്‍മാനായും ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ കണ്‍വീനറായുമുള്ള സമിതി ഹോം മാനേജ്‌മെന്റ് കമ്മിറ്റിയായി പ്രവര്‍ത്തിച്ച് പ്രവര്‍ത്തനം വിലയിരുത്തുന്നതാണ്.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിനുവേണ്ടി സര്‍ക്കാര്‍ നടപ്പാക്കി വരുന്ന പരിപാടിയാണ് നിര്‍ഭയ പദ്ധതി. ലൈംഗീക പീഡനം, ലൈംഗികാതിക്രമം, ലൈംഗിക വൃത്തിക്കുവേണ്ടിയുള്ള മനുഷ്യക്കടത്ത് എന്നിവയ്‌ക്കെതിരായുള്ള ശക്തമായ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഈ പദ്ധതി മുന്‍തൂക്കം നല്‍കുന്നത്. സംസ്ഥാനത്തുടനീളമായി വിവിധ ജില്ലകളിലായി 15 വിമന്‍ ആന്റ് ചില്‍ഡ്രന്‍ ഹോമുകളും ഒരു എസ്.ഒ.എസ്. ഹോമും പ്രവര്‍ത്തിച്ചുവരുന്നു. തൃശൂര്‍ ജില്ലയില്‍ രാമവര്‍മ്മപുരത്ത് 200 കുട്ടികളെ പാര്‍പ്പിക്കാന്‍ ഉദ്ദേശിക്കുന്ന ഒരു മോഡല്‍ വിമന്‍ ആന്റ് ചില്‍ഡ്രന്‍ ഹോം ഉടന്‍ തന്നെ പ്രവര്‍ത്തനം ആരംഭിക്കുന്നതാണ്.

എല്ലാ ഹോമുകളിലുമായി ഏകദേശം 400ലധികം താമസക്കാരുണ്ട്. ഇവര്‍ക്കാവശ്യമായ ഭക്ഷണം, വസ്ത്രം, നിയമനടത്തിപ്പ്, വൈദ്യസഹായം, തൊഴില്‍ പരിശീലനം എന്നിവ ഈ കേന്ദ്രങ്ങളിലൂടെ ലഭ്യമാക്കുന്നു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ അനുമതിയോടെയാണ് കുട്ടികളെ ഹോമില്‍ പ്രവേശിപ്പിക്കുന്നതും വിടുതല്‍ ചെയ്യുന്നതും.

സാമൂഹ്യനീതി, വനിത ശിശുവികസന വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍ സ്വാഗതം ആശംസിച്ച ചടങ്ങില്‍ എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ എ.പി. സുഭാഷ്, വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ ടി.വി. അനുപമ എന്നിവര്‍ ആശംസയും നിര്‍ഭയ സെല്‍ സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ എസ്. സബീന ബീഗം കൃതജ്ഞതയും പറഞ്ഞു.

Related Articles

Back to top button