IndiaLatest

ജീപ്പും ഓഫ്റോഡിങ്ങുമെല്ലാം നിമിഷയ്ക്ക് ഈസി; ഓഫ് റോഡിങ്ങിലെ വനിതാ ചാമ്പ്യൻ

“Manju”

ഓഫ് റോഡിങ് ചെയ്യുന്ന വനിതകള്‍ ഇപ്പോഴും കേരളത്തില്‍ അപൂര്‍വമാണ്. അധികമാരും കടന്നു ചെന്നിട്ടില്ലാത്ത ഈ സാഹസിക വഴികളിലൂടെയാണ് നിമിഷ മാഞ്ഞൂരാന്‍ വിജയകരമായി ഡ്രൈവ് ചെയ്ത് മുന്നേറുന്നത്. കഴിഞ്ഞ വര്‍ഷം വാഗമണില്‍ നടന്ന മഹീന്ദ്ര ഗ്രേറ്റ് എസ്‌കേപ്പ് 2019ല്‍ നിമിഷ പങ്കെടുത്തിരുന്നു. ആദ്യത്തെ ഓഫ് റോഡിങ് മത്സര അനുഭവം തന്നെ മികച്ചതായിരുന്നു. അതീവ ദുഷ്‌കരമായ പാതകളിലൂടെ വാഹനം ഓടിച്ച് നിശ്ചിത സ്ഥലങ്ങളില്‍ വച്ചിട്ടുള്ള ഫ്ലാഗുകള്‍ മറികടക്കുകയാണ് വെല്ലുവിളി. അന്ന് വനിതാവിഭാഗത്തില്‍ വിജയിയായാണ് നിമിഷ മഹീന്ദ്ര ഗ്രേറ്റ് എസ്‌കേപ്പ് അവസാനിപ്പിച്ചത്.

ഡ്രൈവിങ്ങിനോട് അടങ്ങാത്ത താൽപര്യമുള്ളവര്‍ മാത്രമേ ഓഫ് റോഡിങ് എന്ന ഇഷ്ടത്തെ തിരഞ്ഞെടുക്കാറുള്ളൂ. പ്രത്യേകമായി തയാറാക്കിയ വാഹനങ്ങളാണ് ഇതിനുപയോഗിക്കാറ്. പ്രത്യേകം തയാറാക്കിയ സീറ്റ് ബെല്‍റ്റ് മുതല്‍ റോള്‍കേജുകള്‍ വരെ ഇത്തരം വാഹനങ്ങള്‍ക്കുണ്ടാവാറുണ്ട്. ഒന്നിലേറെ തവണ മറിഞ്ഞാലും ഡ്രൈവര്‍മാരും സഹ ഡ്രൈവര്‍മാരും പരിക്കു പറ്റാതെ സുരക്ഷിതമായി ഇറങ്ങി വരുന്നത് ഈ അധിക സുരക്ഷാസംവിധാനങ്ങള്‍ കൊണ്ടാണ്.

സ്ത്രീകള്‍ ഓഫ് റോഡിങ്ങിലേക്ക് വരാത്തതിന് പല കാരണങ്ങളുണ്ടാകാമെന്ന് നിമിഷ പറയുന്നു. ആവശ്യമായ സൗകര്യങ്ങളോടെ വാഹനം ഓഫ് റോഡിങ്ങിന് സജ്ജമാക്കണമെങ്കില്‍ ലക്ഷങ്ങള്‍ ചിലവു വരും. ഇത് പലപ്പോഴും സ്ത്രീകള്‍ക്ക് കുടുംബത്തിന്റെ പിന്തുണയില്ലാതെ അസാധ്യമാകുന്നു. പണച്ചിലവിനൊപ്പം സുരക്ഷാ പേടിയും കൂടി വരുന്നതോടെയാണ് ഓഫ് റോഡിങ് എന്ന സ്വപ്‌നം പലര്‍ക്കും അപ്രാപ്യമാകുന്നത്.

ഒരിക്കലും ഒറ്റക്ക് പോകരുതെന്നാണ് ഓഫ് റോഡിങ് ഡ്രൈവര്‍മാര്‍ പാലിക്കേണ്ട സുവര്‍ണ നിയമങ്ങളിലൊന്ന്. ഏതൊരു ഓഫ് റോഡ് ഡ്രൈവിങ്ങിലും സഹ ഡ്രൈവറുടെ പ്രാധാന്യം എത്രത്തോളമുണ്ടെന്നതിന്റെ തെളിവാണത്. നിമിഷയുടെ ഓഫ് റോഡിങ് സ്വപ്‌നങ്ങള്‍ക്ക് കരുത്തേക്കുന്നത് ജീവിത പങ്കാളിയായ ആനന്ദ് മാഞ്ഞൂരാന്റെ പിന്തുണ കൂടിയാണ്. ഓഫ് റോഡ് ഡ്രൈവറായ ആനന്ദ് ഓഫ് റോഡര്‍മാരുടെ വലിയ വെല്ലുവിളിയായ ആര്‍എഫ്സി(റെയിന്‍ ഫോറസ്റ്റ് ചലഞ്ച്)യില്‍ കഴിഞ്ഞ വര്‍ഷം റണ്ണറപ്പായിട്ടുണ്ട്.

കേരളത്തില്‍ ഓഫ് റോഡിങ് രംഗത്തെ സ്ത്രീ സാന്നിധ്യം ഇപ്പോഴും വളരെ കുറവാണ്. കൊച്ചി കാക്കനാട് നടന്ന V12 റേസിംഗില്‍ ആദ്യം വനിതകള്‍ക്ക് അവസരം നല്‍കിയിരുന്നില്ല. അതേക്കുറിച്ച് ഒരുപക്ഷേ സംഘാടകര്‍ പോലും ചിന്തിച്ചിരുന്നില്ലെന്ന് വേണം കരുതാന്‍. ഒടുവില്‍ അവസാന നിമിഷത്തിലാണ് വനിതകള്‍ക്ക് കൂടി അവസരം നല്‍കാന്‍ സംഘാടകര്‍ തീരുമാനിച്ചത്. വനിതകള്‍ക്കുള്ള മത്സരം കഴിഞ്ഞ ശേഷമാണ് നിമിഷ ഇക്കാര്യം അറിയുന്നതു തന്നെ. നേരത്തെ റജിസ്റ്റര്‍ ചെയ്ത കാര്യം ചൂണ്ടിക്കാണിച്ച് പിന്നീട് മത്സരത്തിനിറങ്ങുകയായിരുന്നു.

ഏതാണ്ട് മുപ്പതോളം വാഹനങ്ങള്‍ തലങ്ങും വിലങ്ങും പാഞ്ഞ് നാമാവശേഷമാക്കിയിട്ട ട്രാക്കിലാണ് നിമിഷ ഓടിച്ചത്. ഒപ്പം മത്സരിച്ച എല്ലാവരേക്കാളും മോശം ട്രാക്കില്‍ ഓടിച്ച് രണ്ടാം സ്ഥാനത്തെത്താന്‍ നിമിഷക്കായി. നിമിഷങ്ങളുടെ വ്യത്യാസത്തില്‍ നഷ്ടപ്പെട്ട ഒന്നാംസ്ഥാനത്തേക്കാള്‍ ആവേശം നിറക്കുന്നതായിരുന്നു പൊരുതി നേടിയ ആ രണ്ടാം സ്ഥാനം. ഓഫ് റോഡ് ഡ്രൈവിങ്ങില്‍ ഒരു ഡ്രൈവര്‍ക്ക് ഏറ്റവും വേണ്ട തോല്‍ക്കാന്‍ തയാറല്ലാത്ത മനക്കരുത്തിന് ലഭിച്ച അംഗീകാരമായിരുന്നു അത്.

ഓഫ് റോഡിങ്ങിന് വേണ്ട മാറ്റങ്ങള്‍ വരുത്തിയ മഹീന്ദ്ര ക്ലാസിക്കാണ് നിമിഷ മത്സരങ്ങളില്‍ ഓടിക്കാറ്. ഭാവിയില്‍ സ്വന്തമായി ഒരു ഓഫ് റോഡിങ് വാഹനം ഇഷ്ടത്തിനനുസരിച്ച് പണികഴിപ്പിക്കണമെന്ന ആഗ്രഹവുമുണ്ട്. കോവിഡ് ഒന്ന് ഒതുങ്ങുന്ന മുറയ്ക്ക് കൂടുതല്‍ ഓഫ് റോഡിങ് വേദികള്‍ കേരളത്തില്‍ അടക്കം ഉണരുമെന്നാണ് പ്രതീക്ഷ. സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് വനിതകള്‍ക്കുവേണ്ടി വനിതകള്‍ സംഘടിപ്പിക്കുന്ന ഓഫ് റോഡിങ് മത്സരമെന്ന ആശയവും വൈകാതെ പ്രാവര്‍ത്തികമാകുമെന്ന് നിമിഷ പ്രതീക്ഷിക്കുന്നു.

ഏറ്റവും സുരക്ഷിതമായി ഡ്രൈവിങ്ങിലെ കഴിവുകള്‍ മാറ്റുരച്ചു നോക്കാന്‍ ലഭിക്കുന്ന അവസരമാണ് ഓഫ് റോഡിങ് ഡ്രൈവിങ്. റോഡുകളില്‍ ഒരിക്കലും പരീക്ഷിക്കാനാവാത്ത സാഹസങ്ങള്‍ സുരക്ഷിതമായി ചെയ്യാനുമാകും. ഇനി വണ്ടിയൊന്നു തട്ടിയാലും ‘വണ്ടിയാവുമ്പോ തട്ടേം മുട്ടേമൊക്കെ ചെയ്യുമെന്നേ’ എന്ന് പ്രോത്സാഹിപ്പിക്കുന്ന കുടുംബമാണ് ഓഫ് റോഡിങ്ങില്‍ ഒരു കൈ നോക്കാനുള്ള നിമിഷയുടെ ശ്രമങ്ങളുടെ ഇന്ധനം. ഒപ്പം ജീവിതപങ്കാളിയും എഡ്യുക്കേഷണല്‍ കണ്‍സള്‍ട്ടന്റ് ഗ്രൂപ്പായ മാഞ്ഞൂരാന്‍സിന്റെ സിഇഒ കൂടിയായ ആനന്ദ് മാഞ്ഞൂരാന്റെ പ്രോത്സാഹനവും. മാഞ്ഞൂരാന്‍സ് ഡയറക്ടര്‍ ബോര്‍ഡ് അംഗം കൂടിയാണ് നിമിഷ മാഞ്ഞൂരാന്‍.

Related Articles

Back to top button