KeralaLatest

ശ്രീനിവാസന്റെ കൊലപാതകം ; ബൈക്ക് കഥ അനിത പറയുമ്പോള്‍

“Manju”

പാലക്കാട്: ശ്രീനിവാസന്റെ കൊലപാതകത്തില്‍ പ്രതികള്‍ ഉപയോഗിച്ച ബൈക്കുകളിലൊന്ന് ചിറ്റൂര്‍ പട്ടഞ്ചേരി സ്വദേശി അനിതയുടെ പേരിലുള്ളതെന്ന് കണ്ടെത്തല്‍.
ഈ ബൈക്ക് രണ്ടുവര്‍ഷം മുമ്പ് പണയംവെച്ചതാണെന്നും പാലക്കാട് നഗരത്തിലെ റഷീദ് എന്നയാള്‍ക്കാണ് ബൈക്ക് പണയംവെച്ചതെന്നും അനിത വെളിപ്പെടുത്തി.
രണ്ടുവര്‍ഷം മുമ്ബ് കുഞ്ഞിന് അസുഖം വന്നപ്പോള്‍ 7,000 രൂപയ്ക്കാണ് പണയംവെച്ചത്. അവര്‍ ഇടയ്ക്ക് വിളിച്ചിരുന്നു. ഭര്‍ത്താവിന് ബുദ്ധിമുട്ടായതിനാല്‍ പണയംവെച്ച ബൈക്ക് തിരികെയെടുക്കാന്‍ പറ്റിയില്ല. കഴിഞ്ഞദിവസം പൊലീസ് വന്ന് വണ്ടി എവിടെയാണെന്ന് ചോദിച്ചു. അവരോട് പണയംവെച്ച കാര്യം പറഞ്ഞു. ടെന്‍ഷന്‍ ഒന്നും അടിക്കേണ്ട, നിങ്ങളുടെ വണ്ടി കാണാതായിട്ടുണ്ട് എന്നാണ് പൊലീസുകാര്‍ പറഞ്ഞത്, അനിത പറഞ്ഞു.
പണയംവെച്ച ബൈക്ക് പലരിലേക്കും കൈമാറ്റം ചെയ്യപ്പെട്ടാണ് കൊലയാളി സംഘത്തിലേക്ക് എത്തിയതെന്ന് അനിതയുടെ ഭര്‍ത്താവും പ്രതികരിച്ചു. തിരിച്ചടവിന്റെ മാസത്തവണ തെറ്റിയിരുന്നു. പണയമെടുത്ത ആള്‍ വേറൊരാള്‍ക്ക് വണ്ടി വാടകയ്ക്ക് നല്‍കി. അവിടെനിന്ന് നാലുപേരിലേക്കാണ് വണ്ടി കൈമാറ്റം ചെയ്തതെന്നും ഇദ്ദേഹം പറഞ്ഞു.
ശ്രീനിവാസന്‍ വധക്കേസുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് തിങ്കളാഴ്ച കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ഒരാളുടെ സഹോദരന്‍ അടക്കമുള്ളവരാണ് കസ്റ്റഡിയിലുള്ളതെന്നാണ് സൂചന. എലപ്പുള്ളി സുബൈര്‍ വധക്കേസില്‍ നിലവില്‍ നാലുപേരാണ് കസ്റ്റഡിയിലുള്ളത്.

Related Articles

Back to top button