InternationalLatest

യുട്യൂബ് വിഡിയോയ്ക്കായി 25 കോടിയുടെ സൂപ്പർകാറിൽ 17 കാരന്റെ അഭ്യാസം

“Manju”

പിതാവിന്റെ 25 കോടി രൂപ വിലയുള്ള സ്‌പോര്‍ട്‌സ് കാറെടുത്ത് അഭ്യാസം നടത്തുന്നതിനിടെ 17കാരനായ യുട്യൂബറും സുഹൃത്തും അപകടത്തില്‍ പെട്ടു. ലിമിറ്റഡ് എഡിഷനില്‍ പെട്ട പഗാനി ഹുവെയ്‌റ റോഡ്‌സ്റ്ററാണ് കൗമാരക്കാരന്റേയും സുഹൃത്തിന്റേയും പ്രകടനത്തിനിടെ തകര്‍ന്നത്. അപകടത്തില്‍ യുട്യൂബര്‍ ഗോജ് ഗില്ലിയന്റെ കൈ ഒടിഞ്ഞിട്ടുണ്ട്.

അമേരിക്കയിലെ ടെക്‌സാസിലാണ് യുട്യൂബില്‍ ഇടാന്‍ വേണ്ടി വിഡിയോ ചിത്രീകരിക്കാനായി പിതാവിന്റെ കോടികള്‍ വിലയുള്ള കാറുമായി ഗില്ലിയന്‍ സുഹൃത്തിനൊപ്പം ഇറങ്ങിയത്. ഡ്രൈവിങ്ങിനിടെ സുഹൃത്തിന് കാറിന് മേലുള്ള നിയന്ത്രണം നഷ്ടമാവുകയും കാര്‍ റോഡരികിലെ മരത്തില്‍ ഇടിക്കുകയുമായിരുന്നു. അപകടത്തില്‍ ആര്‍ക്കും സാരമായി പരിക്കേറ്റിട്ടില്ല. എന്നാല്‍ കോടികള്‍ വിലയുള്ള ആഡംബര കാര്‍ തവിടുപൊടിയായി.

കാറിന്റെ മുന്‍ഭാഗം തകര്‍ന്ന് ചക്രങ്ങള്‍ കാറില്‍ നിന്നും വേറിട്ട നിലയിലായിരുന്നു. ഡ്രൈവര്‍ ഇരുന്ന ഭാഗത്തെ ഡോര്‍ ഇടിച്ച് കാറില്‍ നിന്നും തെറിച്ചുപോയി. കാറിലെ എല്ലാ എയര്‍ ബാഗുകളും അപകടത്തെ തുടര്‍ന്ന് പുറത്തുവന്നു. ഇതെല്ലാം അപകടം കാറിനെ എത്രത്തോളം തകര്‍ത്തുവെന്നതിന്റെ തെളിവുകളാണ്. ഹുവെയ്‌റയുടെ മറ്റു ആഢംബര കാറുകളെ പോലെ കാര്‍ബണ്‍ ഫൈബര്‍ കൊണ്ടാണ് ഈ കാറും നിർമിച്ചിരിക്കുന്നത്. അപകട ശേഷം ഗില്ലിയന്‍ യുട്യൂബ് ചാനലില്‍ ഒരു വിഡിയോ പോസ്റ്റു ചെയ്തിരുന്നു. കാര്‍ബണ്‍ ഫൈബര്‍ പെട്ടെന്ന് തകരുന്നതുകൊണ്ടാണ് കാറിന് അത്രയേറെ നാശനഷ്ടങ്ങളുണ്ടായതെന്നാണ് കൗമാരക്കാരന്റെ വിശദീകരണം.

തന്റെ കാര്‍ അപകടത്തില്‍ പെട്ട ദൃശ്യങ്ങള്‍ കണ്ട് പ്രതികരിച്ച പലരും തനിക്കെന്തെങ്കിലും പറ്റിയോ എന്നല്ല ഇത്രയും വിലയേറിയ കാര്‍ തകര്‍ത്തതിലാണ് ആശങ്കപ്പെട്ടതെന്നും അദ്ദേഹം പറയുന്നു. കാര്‍ ഇനിയും പൂര്‍വസ്ഥിതിയിലാക്കാമെന്നും തനിക്ക് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കില്‍ അങ്ങനെ സാധ്യമാകണമെന്നില്ലെന്നും കൗമാരക്കാരന്‍ ഓര്‍മിപ്പിക്കുന്നുണ്ട്. പഗാനിയുടെ സൂപ്പര്‍കാര്‍ മികച്ച ശേഷിയുള്ളതാണെന്നും ഇത് കൈകാര്യം ചെയ്യുന്നതില്‍ വന്ന പാളിച്ചയാണ് അപകടമുണ്ടാക്കിയതെന്നും ഗില്ലിയന്‍ പറയുന്നു.

യുട്യൂബറുടെ സുഹൃത്ത് സാക് ആണ് കാര്‍ ഓടിച്ചിരുന്നത്. അപകടത്തില്‍ സാകിന്റെ തോളെല്ലിനും നാവിനുമാണ് പരിക്കേറ്റത്. റോഡിലേക്ക് പുറത്തിറക്കിയ ഉടനെയായിരുന്നു അപകടം. ആക്‌സിലേറ്റര്‍ ആദ്യം കൊടുത്തപ്പോള്‍ തന്നെ നിയന്ത്രിക്കാന്‍ ഡ്രൈവര്‍ക്ക് സാധിച്ചില്ല. അപകടത്തില്‍ പെടുമ്പോള്‍ മണിക്കൂറില്‍ 64 കിലോമീറ്ററായിരുന്നു കാറിന്റെ വേഗം. അപകടത്തെക്കുറിച്ച് സാകും യുട്യൂബില്‍ വിഡിയോ ഇട്ടിട്ടുണ്ട്.

Related Articles

Back to top button