InternationalLatest

ഡീഗോ.. എക്കാലത്തേയും പ്രിയപ്പെട്ടവനേ, വിട..

“Manju”

അനൂപ് എം സി

വർഷങ്ങൾക്ക് മുൻപ്, ഫുട്ബോൾ ഇതിഹാസങ്ങളായ പെലെയും മറഡോണയും ബ്രസീലിലെ ഒരു ടെലിവിഷൻ ഷോയിൽ വെച്ച് കണ്ടുമുട്ടുകയുണ്ടായി. ‘നമ്പർ പത്തുകാരന്റെ രാത്രി ‘ എന്ന പേരിൽ പെലെ നടത്തുന്ന ഒരു ടാക്ക് ഷോ ആയിരുന്നു അത്.കാനറികളുടെ നാട്ടിലേക്ക് അതിഥിയായി എത്തിയതായിരുന്നു ഡീഗോ .യാദൃശ്ചികമാകാനേ വഴിയുള്ളൂ , കറുത്ത കുപ്പായങ്ങളിലായിരുന്നു അവരിരുവരും എത്തിയത്. വിരുന്നുകാരനായിട്ടും അസ്വസ്ഥനായിരുന്നു മറഡോണ.ഇതിഹാസ താരങ്ങൾക്കിടയിലെ രസക്കുറവ്, അവരുടെ കളിജീവിതം പോലെത്തന്നെ ലോകത്തിനറിയാവുന്നതാണ്. ഒരുറയിൽ രണ്ട് വാളുകൾ ഒരുമിച്ച് കയറില്ല. അത് പ്രകൃതിയുടെ നിയമം.

മയക്കുമരുന്നിന് അടിമപ്പെട്ട പെലെയുടെ മകന് സംഭവിച്ച കുഴപ്പങ്ങളിൽ മറഡോണ അനുകമ്പ പ്രകടിപ്പിച്ചു.. വലതു വിങ്ങിൽ നിന്ന് പാറി വരുന്ന ദിദിയുടെ ഒരു ലോങ്ങ് പാസിനെ പെലെ അപ്പോൾ മനസ്സിൽ കണ്ടോ എന്തോ..? ‘അക്കാര്യത്തിൽ താങ്കളാണ് അവന് മാതൃക’യെന്ന് അയാൾ പൊടുന്നനെ തിരിച്ചടിച്ചു.പെലെയുടെ ചോദ്യങ്ങളെ ആർഭാടപൂർണ്ണമായ മറുപടികളിലൂടെ ഡീഗോ പ്രധിരോധിച്ചു. മികവിന്റെ ത്രാസിൽ തട്ടുകൾ ഒപ്പത്തിനൊപ്പം നിൽക്കണമെന്ന നിർബന്ധമുള്ളതുപോലെയായിരുന്നു അത്. അവസാനത്തെ ചോദ്യത്തിലും അതങ്ങിനെത്തന്നെയായിരുന്നു.
‘ മൈതാനത്ത് ആരാണ് മികച്ചവൻ ‘ എന്നായിരുന്നു ചോദ്യം. പന്തു കിട്ടിയാൽ അതെന്താണ് ചെയ്യേണ്ടത് എന്ന് ആലോചിച്ച് നിൽക്കുക മറഡോണയുടെ ശീലമല്ല. നൈസർഗികത, ഹീമോഗ്ലോബിനെപ്പോലെ അയാളുടെ രക്തത്തിൽ അലിഞ്ഞു ചേർന്നതാണ്. ചിരിച്ചു കൊണ്ട് ,ശാന്തനായി ഡീഗോ പറഞ്ഞു – “എന്റെ അമ്മ അത് ഞാനാണെന്നും പെലെയുടെ അമ്മ പെലെയാണെന്നും പറയുന്നു .. ”
ആ ഉത്തരത്തിലെ മാധുര്യത്തിൽ മതിമറന്ന് പെലെ, ഡീഗോയെ ആലിംഗനം ചെയ്തു. ശൈത്യകാലരാത്രിയുടെ തണുപ്പ് അവരെ സ്നേഹം കൊണ്ട് മൂടി. മികവിന്റെ ത്രാസിലെ തട്ടുകൾ അപ്പോഴും തുല്യമായിത്തന്നെ നിന്നു.ഡീഗോ അർമാന്റൊ മറഡോണ ഫുട്ബോളിലെ ഒരു മിശിഹായാണ്. എഴുതി വെച്ച പാഠങ്ങളെ അയാൾ നിരന്തരമായി അതിലംഘിച്ചു. കളിയെപ്പോലെ ജീവിതത്തിലും ആരോ വെട്ടിയുണ്ടാക്കിയ നിരപ്പായ പാതയിലെ ഒരു അലസ സഞ്ചാരിയായിരുന്നില്ല മറഡോണ.അപകടം നിറഞ്ഞ ചെങ്കുത്തായ കാട്ടുവഴികളിലൂടെ അയാൾ തന്റെ പ്രതിഭയുടെ തേര് തെളിച്ച് മുന്നേറി. ആരും കാണാത്ത അപരിചിത ലോകങ്ങളിലെ ചുകന്ന വെളിച്ചങ്ങൾ അയാളെ ആവേശം കൊള്ളിച്ചിരുന്നോ എന്തോ..? ഒരു പക്ഷേ, ഉണ്ടായിരിക്കാം. മൈതാനത്ത് കൈ കൊണ്ട് ഗോളടിച്ചപ്പോഴും മയക്കുമരുന്നുപയോഗിച്ച് തെരുവിൽ അപരിചിതരായ മനുഷ്യരുമായി വഴക്കുണ്ടാക്കിയപ്പോഴും ലോകം അയാളോട് ക്ഷമിച്ചത് അതുകൊണ്ടായിരിക്കണം. കാലിൽ പന്ത് കിട്ടിയപ്പോഴെല്ലാം ,പൊടുന്നനെ പൂത്ത ഒരു പൂമരച്ചില്ല പോലെ കളം നിറഞ്ഞ് ഡീഗോ നമ്മെ വിസ്മയിപ്പിച്ചു.

1986 ലെ മെക്സിക്കോ ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ മറഡോണയുടെ കളി, ലോകം ഒരു കാലത്തും മറക്കില്ല. ആ ദിവസം രാത്രി ഞങ്ങളുടെ നാട്ടിൽ വൈദ്യുതിയില്ലായിരുന്നു.പരൽമീൻ ചാടുന്ന പാടങ്ങൾ നീന്തിയും നാല് കിലോമീറ്റർ ദൂരം നടന്നുമാണ് ഒൻപതാം ക്ലാസ്സുകാരനായ ഞാൻ അന്നാ കളി കണ്ടത്. അവിടെ ചെന്നപ്പോഴാണ് മനസ്സിലായത്, കളിയ്ക്കുന്നതിനേക്കാൾ ത്യാഗം സഹിയ്ക്കണം ചില കളികൾ കാണാനെന്ന്. വാതിൽപ്പടിക്ക് പുറത്ത്, ഒറ്റക്കാലിൽ ഒരു കൊറ്റിയെപ്പോലെ കഷ്ടപ്പെട്ട് നിൽക്കുമ്പോഴായിരുന്നു മൈതാനത്തിന്റെ മധ്യഭാഗത്തായിരുന്ന മറഡോണയുടെ കാലിൽ പന്ത് കുരുങ്ങിയത്.ആദ്യം പീറ്റർ ബിയേഴ്സനലിയെ അലസമായി ഡീഗോ മറികടന്നപ്പോൾ പ്രത്യേകിച്ചൊന്നും തോന്നിയില്ല നമുക്ക്. പിന്നീട് പീറ്റർ റീഡിനെ ഡ്രിബിൾ ചെയ്ത് മുന്നേറിയ മറഡോണ, ഫെൽവിക്കിനേയും കബളിപ്പിച്ച് പെനാൾട്ടി ബോക്സിലേക്ക് കയറിയപ്പോൾ ഗ്യാലറിയിൽ ഒരു സാദ്ധ്യതയുടെ ആരവം മുഴങ്ങി. പിറകേ വന്ന റീഡിനെയും മറികടന്ന് പെനാൾറ്റി ബോക്സിലെത്തിയ വിഖ്യാതനായ ആ പത്താംനമ്പറുകാരനെ കണ്ടപ്പോൾ, പീറ്റർ ഷിൽട്ടന് ഒരു നിമിഷം സമനില തെറ്റിയ പോലെ തോന്നി. പ്രതിഭാശാലിയായ ഗോൾകീപ്പറാണ് ഷിൽട്ടൻ. പക്ഷേ, ഒന്നും ചെയ്യാനുണ്ടായിരുന്നില്ല അയാൾക്ക്.ഡീഗോയുടെ വെടിയുണ്ട പോലത്തെ ഒരു ഇടംകാൽ പ്രയോഗം ഇംഗ്ലണ്ടിന് നാട്ടിലേക്കുള്ള മടക്ക ടിക്കറ്റായി. മിനിട്ടുകൾക്ക് മുൻപ്, തല കൊണ്ട് കിട്ടാഞ്ഞ പന്തിനെ റഫറി കാണാതെ കൈ കൊണ്ട് കുത്തി വലയിലേക്കിട്ട ചെകുത്താൻ, ഫുട്ബോളിന്റെ സമസ്ത സൗന്ദര്യങ്ങളും പ്രദർശിപ്പിച്ച്, ഗ്രീക്ക് ദേവതയായ ജാനസിനെപ്പോലെ തനിക്ക് മുന്നിൽ നിറഞ്ഞാടുന്നത് പീറ്റർ ഷിൽട്ടൻ അത്ഭുതത്തോടെ കൺ നിറഞ്ഞ് കണ്ടു. തോൽക്കയാണെന്നറിഞ്ഞിട്ടും ആനന്ദം അയാളുടെ സിരകളെ പൊതിഞ്ഞു. കാരണം, ഇത് ഫുട്ബോളാണ്. ഇംഗ്ലീഷുകാരനേക്കാളുപരി അവസാനം അയാളൊരു ഫുട്ബോളറാണ്. ആ നിമിഷം, ഡീഗോയുടെ കാലുകളിൽ ഒന്ന് ചുംബിക്കണമെന്ന് തോന്നി അയാൾക്ക്. ഇൻകാ സംസ്കാരത്തിന്റെ പൈതൃകം പേറുന്ന ആസ്ടെക് സ്റ്റേഡിയത്തിലെ ഗോൾ പോസ്റ്റിനരികെ ഇപ്പോൾ ഇങ്ങിനെയൊരു സ്മാരക ഫലകം കാണാം – ‘ഈ ഗോൾ പോസ്റ്റിലാണ് ഡീഗോ അർമാൻഡോ മറഡോണ, നൂറ്റാണ്ടിലെ ഏറ്റവും മികച്ച ഗോൾ നേടിയത്.

ഫുട്ബോളിൽ മറഡോണ നേടിയത് വെറും ഗോളുകൾ മാത്രമായിരുന്നില്ല. കളി അയാൾക്ക് കവിതയും കലാപവുമായിരുന്നു. നൃത്തം പോലെയും യുദ്ധം പോലെയും അയാൾ ലോകമാകെ പടർന്നു.അത് കാണാത്തവർ സൗന്ദര്യത്തെ കണ്ടവരല്ല എന്ന് തോന്നിപ്പിയ്ക്കുന്ന പോലെ.

ബ്യൂണസ് അയേഴ്സിലെ വിൽയ ഫിയോ റിറ്റോ എന്ന പ്രാന്തപ്രദേശത്താണ് 1960 ൽ ഡീഗോ ജനിക്കുന്നത്.
കൊറിയന്തസ് പ്രവിശ്യയിൽ നിന്ന് കുടിയേറിയ ഒരു ദരിദ്രകുടുംബമായിരുന്നു അയാളുടേത്.ബോക്കാ ജൂനിയേഴ്സിനും ബാഴ്സലോണയ്ക്കും നാപ്പോളി ക്ലബ്ബിനും വേണ്ടി മറഡോണ പല തവണ ബൂട്ട് കെട്ടി. അപ്പോഴെല്ലാം മൈതാനങ്ങളെ അയാൾ മഴയായും മിന്നലായും മൂടി. പക്ഷേ, ഇതേ കാലത്ത് തന്നെ കൊക്കെയ്ൻ എന്ന മയക്കുമരുന്നിന് അടിമയുമായി മറഡോണ. നിഴലും വെളിച്ചവും കലർന്ന ജീവിതത്തെ അയാൾ എല്ലായ്പ്പോഴും ഓർമ്മിപ്പിച്ചു. അവസാനം കുറച്ചു കാലം പരിശീലകന്റെ കുപ്പായമിട്ടെങ്കിലും അതിലയാൾ വേണ്ടത്ര വിജയിച്ചില്ല.ഒടുവിൽ 1997 ഒക്ടോബർ 30 ന് ഡീഗോ ഫുട്ബോളിൽ നിന്ന് വിരമിച്ചു.

കളിയിൽ ഗോൾ വലകളേയും ജീവിതത്തിൽ അധികാര കേന്ദ്രങ്ങളേയും മറഡോണ എല്ലായ്പ്പോഴും ലക്ഷ്യം വെച്ചു. മറച്ചു വെയ്ക്കപ്പെടാത്ത ഇടതുപക്ഷ ആശയങ്ങൾ അയാളുടെ ഡ്രിബിളിങ്ങുകളെപ്പോലെത്തന്നെ ലോകത്തെ ഹരം കൊള്ളിച്ചു.2005 ൽ, അർജൻറീനയിലെത്തിയ അമേരിക്കൻ പ്രസിഡണ്ട് ജോർജ് ബുഷിനെതിരെ ആയിരങ്ങൾ അണിനിരന്ന പ്രകടനത്തിന്റെ മുന്നിൽ മദ്ധ്യാഹ്നത്തിലെ സൂര്യനെപ്പോലെ ലോകം മറഡോണയെ കണ്ടു. അയാളുടെ ഇടം കാലിൽ ഒരു പന്തും ചുണ്ടിൽ എരിയുന്ന ഒരു ഹവാനാ ചുരുട്ടും നാം എന്തുകൊണ്ടോ എല്ലായ്പ്പോഴും സങ്കൽപ്പിച്ചു. കണ്ടതിനേക്കാളേറെ മറഡോണയുടെ കാണാത്ത കളികൾക്കായി ലോകം കാത്തു നിന്നു. പന്ത് കയ്യിൽ കിട്ടുന്ന ഓരോ സമയത്തും പുതിയതായി അയാൾ എന്തെങ്കിലും ചെയ്യുമെന്ന് അയാളെ അറിയുന്ന ഓരോരുത്തരും കരുതി. പന്തുമായി അയാൾ ചെയ്യുന്നത് ഒരു നൃത്തമാണ് എന്ന് തോന്നി നമുക്ക്. കാരണം, ഗോളുകൾ മാത്രമായിരുന്നില്ല അയാളുടെ ലക്ഷ്യം. ജീവിതത്തിന്റെ കാമനകളെയത്രയും അയാളൊരു പന്തിലേക്ക് ഉരുക്കിയൊഴിച്ചു.അതു കൊണ്ടായിരിക്കും ഡീഗോയെക്കുറിച്ച് ലോകമെമ്പാടും കവിതകളും നാടകങ്ങളും സിനിമകളും ഓപ്പറുകളുമുണ്ടായി.അർജൻറീനയിലെ റൊസാരിയോ നഗരത്തിൽ ‘ചർച്ച് ഓഫ് മറഡോണ ‘ എന്നൊരു മതം പോലുമുണ്ടായി…!

ഇടം കാലിൽ ഫിഡൽ കാസ്ട്രോ യുടേയും വലം കൈയ്യിൽ ചെ ഗുവേരയുടേയും ചിത്രം പച്ചകുത്തിയ മറഡോണ, ലോകമെമ്പാടുമുള്ള വിമോചന പോരാളികൾക്ക് ഒരിയ്ക്കലും വറ്റാത്ത ഊർജ്ജ സ്രോതസ്സായി. കളിയിൽ മാത്രമല്ല ;പലസ്തീനെതിരെ അക്രമം നടത്തുന്ന ഇസ്രയിലുമായി നേരം പോക്കിനാണെങ്കിലും പന്ത് തട്ടാനില്ലെന്ന് ലയണൽ മെസ്സി ഇന്ന് പറയുമ്പോൾ അയാളിൽ നാം കാണുന്നത് മറഡോണയുടെ ഈ പൈതൃകം കൂടിയാണ്.

വലിയ താരങ്ങളും മഹാന്മാരായ കളിക്കാരും ലോകത്ത് എത്രയെങ്കിലുമുണ്ട്. എന്നാൽ മറഡോണയ്ക്ക് താരതമ്യങ്ങളില്ല. കളി, ജീവിതത്തിന്റെ മറുപാതിയല്ല, ജീവിതം തന്നെയാണ് എന്ന് നിരന്തരമായി ഓർമ്മിപ്പിച്ചു കൊണ്ട്, ഇതിഹാസങ്ങളുടെ ഇതിഹാസമായി, പെലെയ്ക്കും ജെസ്സി ഓവൽസിനും മുഹമ്മദ് അലിയ്ക്കുമെല്ലാമൊപ്പം ഡീഗോ മറഡോണ ഇന്നും ലോകത്തെ പ്രചോദിപ്പിക്കുന്നു. അയാൾ സദാ നമുക്കിടയിലുണ്ട്. എന്നാൽ അയാൾക്കൊപ്പമെത്തുക അത്രമേൽ എളുപ്പവുമല്ല ..

 

Related Articles

Back to top button