IndiaLatest

ഒരുവര്‍ഷത്തിനുള്ളില്‍ റിലയന്‍സ് ജിയോക്ക് 9.09 കോടി പുതിയ വരിക്കാര്‍

“Manju”

സിന്ധുമോൾ. ആർ

ന്യൂഡല്‍ഹി: രാജ്യത്തെ ടെലികോം സേവനദാതാക്കളുടെ ഒരു വര്‍ഷത്തെ കണക്കുകള്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറത്തുവിട്ടു. ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡും (ബി‌എസ്‌എന്‍‌എല്‍) മാത്രമാണ് 2019 ല്‍ വരിക്കാരുടെ എണ്ണത്തില്‍ വളര്‍ച്ച രേഖപ്പെടുത്തിയതെന്ന് ട്രായിയുടെ വാര്‍ഷിക പ്രകടന റിപ്പോര്‍ട്ടില്‍ പറയുന്നു. മിക്ക കമ്പനികളും വന്‍ പ്രതിസന്ധിയിലൂടെയാണ് പോകുന്നതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 365 ദിവസത്തെ കണക്കുകളില്‍ ഏറ്റവും നഷ്ടം നേരിട്ടത് വോഡഫോണ്‍ ഐഡിയക്ക് തന്നെയാണ്.

ജിയോ 2019 ല്‍ 9.09 കോടി പുതിയ ഉപഭോക്താക്കളെ ചേര്‍ത്തു. ഡിസംബര്‍ അവസാനത്തോടെ ജിയോയുടെ മൊത്തം വരിക്കാരുടെ എണ്ണം 37.11 കോടിയായി ഉയര്‍ന്നു. ബി‌എസ്‌എന്‍‌എല്‍ 1.5 ശതമാനം വളര്‍ച്ച നേടി വരിക്കാരുടെ എണ്ണം 12.77 കോടിയായി. നിലവില്‍, വിപണി ഷെയറില്‍ ഏറ്റവും വലിയ കമ്പനി റിലയന്‍സ് ജിയോ തന്നെയാണ്.

365 ദിവസത്തിനിടെ വോഡഫോണ്‍ ഐഡിയ ലിമിറ്റഡിനാണ് (വി) ഏറ്റവും കൂടുതല്‍ വരിക്കാരെ നഷ്ടപ്പെട്ടത്. പിന്നാലെ ടാറ്റ ടെലി സര്‍വീസസ് ലിമിറ്റഡും ഭാരതി എയര്‍ടെല്‍ ലിമിറ്റഡുമാണ് വരിക്കാരെ നഷ്ടപ്പെട്ടവരുടെ പട്ടികയില്‍. വോഡഫോണ്‍ ഐഡിയയുടെ വരിക്കാരുടെ എണ്ണം 2019 ല്‍ 20.6 ശതമാനം കുറഞ്ഞ് 33.3 കോടിയായി. എയര്‍ടെലിന്റെ 3.7 ശതമാനം കുറഞ്ഞ് 33.16 കോടിയുമായി. കഴിഞ്ഞ വര്‍ഷം വോഡഫോണ്‍ ഐഡിയക്ക് നഷ്ടപ്പെട്ടത് 8.61 കോടി വരിക്കാരെയാണ്. 2018 ഡിസംബറില്‍ വോഡഫോണ്‍ ഐഡിയയുടെ വരിക്കാരുടെ എണ്ണം 41.87 കോടിയായിരുന്നു.

2020 ലും വോഡഫോണ്‍ ഐഡിയ്ക്ക് കോടിക്കണക്കിന് വരിക്കാരെ നഷ്ടപ്പെട്ടു. ആഗസ്റ്റില്‍ തുടര്‍ച്ചയായ പത്താം മാസവും വയര്‍ലെസ് ഉപയോക്താക്കളെ നഷ്ടപ്പെടുന്നത് തുടരുകയാണ്. എന്നിരുന്നാലും, ആഗസ്റ്റിലെ നഷ്ടം മുന്‍ മാസങ്ങളെ അപേക്ഷിച്ച്‌ കുറഞ്ഞിട്ടുണ്ട്. മൊത്തം വോഡഫോണ്‍ ഐഡിയ വരിക്കാരില്‍ 51.8 ശതമാനവും ഗ്രാമപ്രദേശങ്ങളില്‍ നിന്നുള്ളവരാണെന്നും എയര്‍ടെലിന്റേത് ഇത് 43.9 ശതമാനം ആണെന്നും ട്രായ് പറഞ്ഞു. 4 ജി സേവനങ്ങള്‍ മാത്രം നല്‍കുന്ന റിലയന്‍സ് ജിയോയില്‍ 2019 ഡിസംബര്‍ വരെ 41 ശതമാനം ഗ്രാമീണ വരിക്കാരുണ്ടായിരുന്നു.

Related Articles

Back to top button