KeralaLatest

‘മാണിസാറിനെ കുരിശില്‍ തറച്ചവരുടെ കൂടെപ്പോയി ജോസ് വഞ്ചിച്ചു’; ധര്‍മ്മജന്‍ ബോൾഗാട്ടി

“Manju”

ഞാന്‍ ചെറുപ്പത്തിലേ മുതല്‍ പാര്‍ട്ടിക്കാരനാണ്. അച്ഛന്‍ കോണ്‍ഗ്രസിന്റെ മണ്ഡലം ഭാരവാഹിയായി നടക്കുന്ന സമയത്താണ് മുന്‍ മന്ത്രി എ എല്‍ ജേക്കബിന്റെ അവസാനത്തെ തെരഞ്ഞെടുപ്പ്. ആ തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പ് പ്രചാരണ വണ്ടിയുടെ പുറകെ പോകുന്നത് ഓര്‍മ്മയിലുണ്ട്. ആരെങ്കിലുമൊക്കെ സംസാരിച്ച് വെച്ച മൈക്കിലൂടെ ‘ശ്രീ എ എല്‍ ജേക്കബ്ബിന് കൈപ്പത്തി ചിഹ്നത്തില്‍ വോട്ട് ചെയ്യുക’ എന്ന് പറഞ്ഞതോര്‍മ്മയുണ്ട്. അഞ്ചിലോ ആറിലോ പഠിക്കുന്ന സമയത്താണ്. അതാണ് ആദ്യത്തെ ഇലക്ഷന്‍ അനുഭവം. അതിന് ശേഷം അദ്ദേഹത്തിന്റെ മകന്‍ ലിനോ ജേക്കബിന് വേണ്ടി ചോദിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ചെറുമകന്‍ മനു ജേക്കബ്ബ് ഇപ്പോള്‍ നില്‍ക്കുന്നുണ്ട്. മൂന്ന് തലമുറയായി. സ്‌കൂളില്‍ കെഎസ്‌യുവിന്റെ ലീഡറായിരുന്നു. സൈമണ്‍ ബ്രിട്ടോയുടെ അനിയന്‍ ക്രിസ്റ്റിയായിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥി. ക്രിസ്റ്റിയുടെ അച്ഛന്‍ ആംഗ്ലോ ഇന്ത്യന്‍ എംഎല്‍എയായിരുന്നു. ഞാനാണ് ജയിച്ചത്. അന്ന് കെഎസ്‌യു വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ചു. സ്‌കൂളില്‍ പഠിക്കുമ്പോള്‍ പോലും വലിയ ആളുകള്‍ക്കൊപ്പമാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകാറ്. ചേട്ടന്റെയൊക്കെ ഒപ്പം. പോസ്റ്റര്‍ ഒട്ടിക്കലൊക്കെയാണ് പണി. അനൗണ്‍സ്‌മെന്റില്‍ നല്ല താല്‍പര്യമുണ്ടായിരുന്നു. വലുതായപ്പോഴും അനൗണ്‍സ്‌മെന്റ് എന്റെ കൈയില്‍ തന്നെയായിരുന്നു. നാട്ടില്‍ എ കെ ആന്റണി വന്നാലും കെ കരുണാകരന്‍ വന്നാലും മുന്‍പിലെ പൈലറ്റ് വണ്ടിയില്‍ ഞാനായിരിക്കും. കെ വി തോമസിന്റെ വണ്ടിയായാലും ആന്റണി ഐസക്കിന്റെ വണ്ടിയായാലും ജോര്‍ജ് ഈഡന് വേണ്ടിയാണെങ്കിലും എം ഒ ജോണിന് വേണ്ടിയാണെങ്കിലും എറണാകുളത്ത് മാറി മാറി വന്നിട്ടുള്ള എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും വേണ്ടിയും അനൗണ്‍സ് ചെയ്തിട്ടുണ്ട്. കുറേ ഓര്‍മ്മകളുണ്ട്.

ഒരിക്കല്‍ നാട്ടില്‍ ലീഡര്‍ വന്നപ്പോള്‍ പെട്ടെന്നൊരു മീറ്റിങ്ങ് വിളിച്ചുകൂട്ടി. ലീഡര്‍ വലിയൊരു കസേരയില്‍ ഇരിക്കുന്നു. ഞാന്‍ അടുത്ത് നിലത്തിരിക്കുന്നു. ‘ആ എത്ര വോട്ടര്‍മാരുണ്ട്?’ എന്ന് ചോദിച്ചു. ഞാന്‍ കൃത്യമായുള്ള കണക്ക് പറഞ്ഞു. നമ്മളുടേതായി എത്രപേരുണ്ടാകുമെന്ന ചോദ്യത്തിനും മറുപടി പറഞ്ഞു. ചോദിച്ച രണ്ട് മൂന്ന് ചോദ്യങ്ങള്‍ക്കും ഞാന്‍ ചാടി വീണ് കൃത്യമായുള്ള മറുപടി കൊടുത്തു. എന്നെ നോക്കിയിട്ട് ‘മിടുക്കന്‍’ എന്ന് പറഞ്ഞു. അത് അന്നത്തെ വലിയൊരു അവാര്‍ഡായിരുന്നു. ബൂത്തില്‍ എത്ര പേരുണ്ടെന്ന് അറിഞ്ഞിരിക്കേണ്ടത് നമ്മുടെ ആവശ്യമാണ്. നമ്മുടെ ഉറച്ച വോട്ടുകള്‍ എത്രയുണ്ടെന്ന് പറയാനായിട്ടും നമുക്ക് സാധിക്കണം. ഞങ്ങളുടെ നാടിന്റെ വടക്കേ അറ്റത്ത് വെച്ച് ഒരു മണി ടീച്ചറിന്റെ വീട്ടില്‍ വെച്ചായിരുന്നു ആ മീറ്റിങ്ങ്.

കടുത്ത രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്നു. രാഷ്ട്രീയം പറഞ്ഞ് തല്ലുപിടിച്ചിട്ടില്ല. സ്‌കൂളിലാണെങ്കിലും ഇതുവരെയാണെങ്കിലും ആരോടും വഴക്കിട്ടിട്ടില്ല. ആശയപരമായ രാഷ്ട്രീയം മാത്രമേ എനിക്കുണ്ടായിട്ടൂള്ളൂ. നാട്ടില്‍ എല്ലാവരും തമ്മില്‍ തമ്മില്‍ കാണുന്നതാണല്ലോ. അവിടേയും ഉണ്ടായിട്ടില്ല. സെന്റ് ആല്‍ബര്‍ട്‌സ് കോളേജില്‍ പഠിക്കുന്ന സമയത്ത് കെഎസ്‌യുവിന്റെ ജില്ലാ സെക്രട്ടറിയായിരുന്നു. കെ സി രമേശായിരുന്നു ജില്ലാ പ്രസിഡന്റ്. കോളേജില്‍ യൂണിറ്റ് പ്രസിഡന്റായി ചേര്‍ന്നു. അന്ന് സീനിയറായിരുന്നു മുന്‍ മേയര്‍ ടോണി ചമ്മിണി. പിന്നെ ഫ്രാന്‍സിസ് വലിയ പറമ്പനും. കെഎസ്‌യുവിന്റെ ആധിപത്യമുള്ള കോളേജായിരുന്നു സെന്റ് ആല്‍ബര്‍ട്‌സ്. മഹാരാജാസ് എസ്എഫ്‌ഐയുടേതും. എനിക്ക് ആഗ്രഹം കെഎസ്‌യു ശക്തമായുള്ള കോളേജില്‍ പഠിക്കുക എന്നത് എന്റെയൊരു ആഗ്രഹമായിരുന്നു. എല്ലാവരും മഹാരാജാസില്‍ അപേക്ഷ കൊടുത്തപ്പോള്‍ ഞാന്‍ കൊടുത്തില്ല. ഞാന്‍ ആല്‍ബര്‍ട്‌സിലാണ് കൊടുത്തത്. അതിന്റെ പിന്നില്‍ എന്റെ രാഷ്ട്രീയമുണ്ടായിരുന്നു.

സിനിമയില്‍ കോണ്‍ഗ്രസ് എന്ന് പറയുന്ന ആളുകള്‍ വളരെ വളരെ കുറവാണ്. കോണ്‍ഗ്രസുകാരുണ്ട് പക്ഷെ, ആരും പറയാറില്ല. വെട്ടിത്തുറന്ന് പറയുന്നത് ഞാന്‍ മാത്രമേയുള്ളൂ. അത്തരത്തില്‍ സൗഹൃദങ്ങളും പിന്തുണയുമുണ്ട്. ഹൈബി ഈഡന്‍, ശശി തരൂര്‍ ഉള്‍പ്പെടെ അങ്ങേയറ്റത്തുള്ള നേതാക്കള്‍ക്ക് വരെ ഞാന്‍ കോണ്‍ഗ്രസ് അനുഭാവിയാണെന്നും സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ളയാളാണെന്നും അറിയാം. നല്ലൊരു കോണ്‍ഗ്രസുകാരനാണെന്ന് അറിയാവുന്നതുകൊണ്ട് ഞാനും വെട്ടിത്തുറന്ന് പറയാറും വിമര്‍ശിക്കാറുമുണ്ട്. നമ്മുടെ ആശയം പറയുന്നതിന് ആരേയും പേടിക്കേണ്ട ആവശ്യമില്ലല്ലോ. അതിന്റെ പേരില്‍ ഭയങ്കര സൈബര്‍ ആക്രമണമൊക്കെയുണ്ട്. ചിലപ്പോള്‍ നമ്മള്‍ പറയുന്ന ആശയം ചില ആളുകള്‍ക്ക് എതിരായിട്ട് തോന്നും. വെള്ളപ്പൊക്കമുണ്ടായപ്പോള്‍ ഞാന്‍ ഒരു അഭിപ്രായം പറഞ്ഞു. നമ്മള്‍ അഭിപ്രായ സ്വാതന്ത്ര്യമുള്ളവരല്ലേ. നമ്മള്‍ അഭിപ്രായം പറയാന്‍ പാടില്ലേ? മുന്‍പ് എനിക്ക് ഇത്രയധികം ശത്രുക്കള്‍ ഉണ്ടായിരുന്നില്ല. ഇപ്പോള്‍ ഞാന്‍ എന്തെങ്കിലും പറഞ്ഞുകഴിഞ്ഞാല്‍ എതിര്‍ ഭാഗത്ത് നിന്ന് ഭയങ്കരമായ സൈബര്‍ ആക്രമണമുണ്ട്.

എന്റെ നിലപാടുകള്‍ മാറ്റിപ്പറയുന്നോ? തിരുത്തിപ്പറയുന്നോ എന്നെല്ലാം ചോദിച്ച് ചിലര്‍ വന്നിരുന്നു. ഞാന്‍ പറഞ്ഞ നിലപാടുകളില്‍ ഇന്നേ വരെ മാറ്റം വരുത്തിയിട്ടില്ല. മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നുമില്ല.

ജോസ് കെ മാണി യുഡിഎഫ് വിട്ട് എല്‍ഡിഎഫ് പോയത് ഒരു നല്ല തീരുമാനമായല്ല എനിക്ക് തോന്നുന്നത്. അത് കെ എം മാണിയോട് ജോസ് കെ മാണി കാണിക്കുന്ന ഒരു തരം വഞ്ചനയാണ്. മാണി സാര്‍ കോണ്‍ഗ്രസിനോട് അത്രയും ഇഴുകിച്ചേര്‍ന്ന നേതാവാണ്. മാണിസാറിനെ ഏറ്റവും കുരിശില്‍ തറച്ച, ബാര്‍ കോഴ കേസില്‍ മാണി സാറിന് മണിയോര്‍ഡര്‍ അയച്ചുകൊടുത്ത പാര്‍ട്ടിയൊടൊപ്പമാണ് ജോസ് കെ മാണി കൂടിച്ചേര്‍ന്നിരിക്കുന്നത്. മാണിസാറിന്റെ ആത്മാവ് വേദനിക്കുന്നുണ്ടാകും എന്ന് തന്നെയാണ് എന്റെ വിചാരം, ധർമ്മജൻ വ്യക്തമാക്കി..

ഏത് പാര്‍ട്ടി വിളിച്ചാലും ഇലക്ഷന്‍ പ്രചരണത്തിന് പോകുന്നയാളല്ല. അങ്ങനെ കുറേ പേര്‍ സമീപിച്ചു. പ്രചരണത്തിന് വരണമെന്നില്ല, ബൈറ്റ് എങ്കിലും തന്നാല്‍ മതിയെന്ന് പറഞ്ഞു. എന്റെ വളരെയടുത്ത സുഹൃത്ത് രണ്ട് പാര്‍ട്ടിയില്‍ നിന്നും മാറി സ്വതന്ത്ര്യനായി നില്‍ക്കാന്‍ തീരുമാനിച്ചിട്ട് എന്നോട് ബൈറ്റ് വേണമെന്ന് ആവശ്യപ്പെട്ടു. ഞാന്‍ തരില്ലാ എന്ന് പറഞ്ഞു. വ്യക്തമായ രാഷ്ട്രീയമുള്ളയാളാണ് ഞാന്‍. അപ്പോളെനിക്ക് സ്വതന്ത്രന് വേണ്ടി അത് കൊടുക്കാന്‍ കഴിയില്ല. വളരെ വേണ്ടപ്പെട്ട സുഹൃത്തായിരുന്നിട്ട് പോലും. എന്ത് സുഹൃത്താണെങ്കിലും ഞാന്‍ എന്റേതായ നിലപാട് മാറ്റില്ല. മുന്‍പും പറഞ്ഞിട്ടുണ്ട്. ഞാന്‍ അന്നും ഇന്നും എന്നും ഒരു കോണ്‍ഗ്രസുകാരനാണ് എന്നുള്ളത്.

Related Articles

Back to top button