IdukkiKeralaLatest

ചെറുതോണി ഷട്ടറിനു സമീപം വന്‍മരം ഒഴുകിയെത്തി

“Manju”

ചെറുതോണി: ചെറുതോണി ഷട്ടറിനു സമീപത്തേക്ക് ശനിയാഴ്ച രാത്രി ഒഴുകി എത്തിയത് വന്‍മരം. തടിക്ക് എട്ടടിയിലധികം നീളവുമുണ്ട്.
ശനിയാഴ്ച രാത്രി ഒന്‍പതരയോടെയാണ് സംഭവം. അണക്കെട്ടിന്‍റെ സുരക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരിലൊരാള്‍ വെള്ളത്തിലൂടെ എന്തോ ഒഴുകി വരുന്നത് കണ്ടു. ആന നീന്തുന്നതാണെന്നാണ് ആദ്യം കരുതിയത്.
കൂടുതല്‍ പരിശോധിച്ചപ്പോള്‍ വലിയ മരമാണെന്ന് മനസ്സിലായി. ഉടന്‍ തന്നെ അണക്കെട്ടിലുണ്ടായിരുന്ന കെഎസ്‌ഇബി അസ്സിസ്റ്റന്‍റ് എന്‍ജിനീയര്‍ എം പി സാജുവിനെ അറിയിച്ചു. ഷട്ടര്‍ തുറന്നിരിക്കുന്നതിനാല്‍ ഇതിനിടയില്‍ മരം കുടങ്ങാനുള്ള സാധ്യത ഏറെയായിരുന്നു.
അതിനാല്‍ ഇദ്ദേഹം വേഗം ഡാം സേഫ്റ്റി ചീഫ് എഞ്ചിനീയറെ വിളിച്ചു. ഉടന്‍ ഷട്ടറടയ്ക്കാന്‍ ചീഫ് എന്‍ജിനീയര്‍ നിര്‍ദേശം നല്‍കിയെങ്കിലും ജില്ലാ കളക്ടറുടെ അനുമതി ഇല്ലാതെ അടക്കാനാകില്ല. തുടര്‍ന്ന് ചെയര്‍മാന്‍ ഉള്‍പ്പെടെ ഇടപെട്ട് കളക്ടറെ കാര്യം പറഞ്ഞ് ബോധ്യപ്പെടുത്തി അരമണിക്കൂറിനുള്ളില്‍ ഷട്ടറടച്ചു.
ഈ സമയം മരം ഏതാണ്ട് ഷട്ടറിനടുത്ത് വരെ എത്തിയിരുന്നു. തുടര്‍ന്ന് അഗ്നി രക്ഷാ സേനയുടെ സഹായത്തോടെ ബോട്ടിലെത്തി മരം കെട്ടി വലിച്ച്‌ കരക്കടുപ്പിച്ചു.മരം ഷട്ടറില്‍ ഉടക്കിയാല്‍ ജലനിരപ്പ് 2373 ന് താഴെ എത്തിച്ചാലേ പുറത്തെടുക്കാന്‍ കഴിയൂ. ഇത് വന്‍ നഷ്ടത്തിനും പ്രളയത്തിനും കാരണമായേനെ.

Related Articles

Back to top button