ArticleLatest

കല്ലുകളെ പ്രസവിക്കുന്ന അമ്മക്കല്ല്

“Manju”

വടക്കൻ പോർച്ചുഗലിലെ ഫ്രീറ്റ പർവതനിരയിൽ, കാസ്റ്റൻ‌ഹൈറ എന്ന ഗ്രാമത്തിനടുത്തായി ഒരു വലിയ ഗ്രാനൈറ്റ് കല്ലുണ്ട്‌. ഇതിന്‍റെ പ്രത്യേകതയാണ് ഏറെ രസകരം, ജീവനുള്ള സസ്തനികളെപ്പോലെ കുഞ്ഞു പാറകളെ ‘പ്രസവിക്കുന്ന’ കല്ലാണിത്! പ്രാദേശികമായി ‘പെഡ്രാസ് പാരിഡെറാസ്’ അഥവാ “ജന്മം നൽകുന്ന പാറ” എന്നാണ് അപൂർവ ഭൗമശാസ്ത്ര പ്രതിഭാസത്തെ വിളിക്കുന്നത്. ഈ കാഴ്ച നേരിട്ട് കാണുന്നതിനായി നിരവധി സഞ്ചാരികളാണ് ഇവിടെയെത്തുന്നത്.

ഈ ‘അമ്മക്കല്ലി’ന് 1,000 മീറ്റർ നീളവും 600 മീറ്റർ വീതിയും ഉണ്ട്. പാറയുടെ ഉപരിതലത്തിൽ 2 മുതൽ 12 സെന്റിമീറ്റർ വരെ നീളവും ബൈകോണ്‍വെക്സ് ആകൃതിയുമുള്ള കല്ലിന്‍റെ ചെറിയ ഘടനകള്‍ ഉണ്ട്. മണ്ണൊലിപ്പ്, കാലാവസ്ഥാവ്യതിയാനങ്ങള്‍ മുതലായയെല്ലാം മൂലം ഇവ പ്രധാന കല്ലില്‍ നിന്നും വേര്‍പെടുന്നു, ഒരമ്മ കുഞ്ഞിന് ജന്മം നല്‍കുന്ന പോലെ!

ഈ ‘കുഞ്ഞുകല്ലി’ല്‍ പ്രധാന കല്ലിലുള്ള അതേ ധാതു മൂലകങ്ങളും ഏറെക്കുറെ ഒരേ രാസഘടനയുമാണ്‌ ഉള്ളത്. എന്നാല്‍ ഇതിന്‍റെ ഏറ്റവും പുറംഭാഗത്തായി ബയോടൈറ്റ് എന്ന, മൈക്കയുടെ ഒരു സംരക്ഷണ കവചം കാണാം. മഴയോ മഞ്ഞുവീഴ്ചയോ ഉള്ളപ്പോള്‍ ഇതിലെ വിള്ളലുകളിലൂടെ ജലം അകത്തേക്ക് കടക്കുന്നു. തണുപ്പുകാലം ആകുമ്പോള്‍ ഈ വെള്ളം തണുത്തുറയുന്നു. ഐസിന് കൂടുതല്‍ വ്യാപ്തം ഉള്ളതിനാല്‍ വികസിക്കുകയും കാലക്രമേണ പ്രധാന കല്ലും കുഞ്ഞുകല്ലും തമ്മിലുള്ള ബന്ധം പതിയെ പതിയെ വേര്‍പെടുകയും നൂറുകണക്കിന് മഞ്ഞുകാലങ്ങള്‍ കഴിയുമ്പോഴേക്കും അത് പൂര്‍ണമായും സ്വതന്ത്രമാവുകയും ചെയ്യുന്നു.
ഈ കല്ലിനെക്കുറിച്ച് നാട്ടുകാര്‍ക്ക് പല വിശ്വാസങ്ങളും ഉണ്ട്. ഫലഭൂയിഷ്ഠതയുടെ പ്രതീകമായാണ് അവര്‍ ഇതിനെ കാണുന്നത്. ഗർഭിണികളാവാൻ ആഗ്രഹിക്കുന്ന സ്ത്രീകള്‍ ഉറങ്ങുന്ന സമയത്ത് തങ്ങളുടെ തലയിണയ്ക്കടിയിൽ ഈ ചെറിയ പാറകളില്‍ ഒന്ന് സൂക്ഷിച്ചാല്‍ ഗര്‍ഭധാരണത്തിനുള്ള സാധ്യത വർദ്ധിക്കുമെന്ന് അവർ വിശ്വസിക്കുന്നു. അരൂക ജിയോപാര്‍ക്കിന്‍റെ ഭാഗവും യുനെസ്കോയുടെ ഭൂമിശാസ്ത്ര പ്രാധാന്യമുള്ള സ്ഥലങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടതുമായ ഈ സ്ഥലത്ത് നിന്നും പാറകളും മറ്റും എടുക്കുന്നത് നിരോധിച്ചിട്ടുണ്ട്. എന്നിരുന്നാലും ഇവിടെ നിന്നും പാറകളും ബാഗിലാക്കിയാണ് ഇവിടെയെത്തുന്ന സന്ദര്‍ശകര്‍ അടക്കമുള്ളവര്‍ മടങ്ങാറുള്ളത്!

അസാധാരണമായ ജൈവ വൈവിധ്യവും ഈ പ്രദേശത്തിന്‍റെ മറ്റൊരു പ്രത്യേകതയാണ്. ചെസ്റ്റ്നട്ട്, ഓക്ക് മരങ്ങളും വംശനാശ ഭീഷണി നേരിടുന്ന സസ്യജന്തുജാലങ്ങളും മനോഹരങ്ങളായ നിരവധി പർവതനിരകളും ഇവിടെ സഞ്ചാരികളുടെ കണ്ണിന് ഉത്സവമൊരുക്കുന്നു. മെയ് മുതൽ ഒക്ടോബർ വരെയാണ് ഇവിടം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. സുഖകരവും ഊഷ്മളവുമായ കാലാവസ്ഥയാണ് ഈ സമയത്ത്.

Related Articles

Back to top button