ErnakulamKeralaLatest

കാറിന് പിന്നില്‍ നായെ കെട്ടിവലിച്ച സംഭവം; വാഹനത്തിന്റെ പെര്‍മിറ്റും ഡ്രൈവറുടെ ലൈസന്‍സും റദ്ദാക്കും

“Manju”

സിന്ധുമോൾ. ആർ

എറണാകുളം പറവൂരില്‍ നായയെ കാറില്‍ കെട്ടിവലിച്ച സംഭവത്തില്‍ ഡ്രൈവറെ അറസ്റ്റ് ചെയ്തു. കുന്നുകര സൗത്ത് കുത്തിയതോട് സ്വദേശി യൂസഫിനെ ചെങ്ങമനാട് പോലീസാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ടോടെയാണ് യൂസഫിനെ പോലീസ് അറസ്റ്റ് ചെയ്തത്. യൂസഫ് നായയെ കാറില്‍ കെട്ടി വലിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതിനെത്തുടര്‍ന്ന് ചെങ്ങമനാട് പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.

ഇന്നലെയാണ് നായയെ കാറില്‍ കെട്ടിവലിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചത്. മുപ്പത് കിലോമീറ്ററോളം വേഗത്തില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറിന്റെ പിന്നിലായി കഴുത്തില്‍ കുരുക്കിട്ട് കയറില്‍ നായയെ കെട്ടിയിട്ടിരിക്കുകയായിരുന്നു. കാര്‍ ഓടിച്ചിരുന്ന നെടുമ്പേശ്ശേരി പുത്തന്‍വേലിക്കര ചാലാക്ക കോന്നംഹൗസില്‍ യൂസഫിനെതിരെ ഐപിസി 428, 429 വകുപ്പുകള്‍ പ്രകാരവും പ്രിവന്‍ഷന്‍ ഓഫ് ക്രുവല്‍ടി ടു ആനിമല്‍സ് നിയമപ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്.

യൂസഫിനെതിരെ മോട്ടോര്‍ വാഹന വകുപ്പും നടപടി സ്വീകരിക്കുമെന്ന് മന്ത്രി എകെ ശശീന്ദ്രന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിന് മന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതേത്തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പ് വാഹനം പിടിച്ചെടുത്ത് പോലീസിന് കൈമാറിയിട്ടുണ്ട്. രക്ഷപ്പെടാനായി കാറിനൊപ്പം അതിവേഗത്തില്‍ ഓടിയ നായ അവസാനം അവശനായി റോഡില്‍ വീഴുന്നതും പ്രചരിച്ചിരുന്ന ദൃശ്യങ്ങളില്‍ കാണാം. വീണ ശേഷവും വാഹനം നിര്‍ത്താതെ ഇയാള്‍ നായയെ വലിച്ചിഴച്ചുകൊണ്ട് ഓടിച്ചു പോവുകയായിരുന്നു. കാറിനു പുറകില്‍ ബൈക്കില്‍ വന്ന അഖില്‍ എന്ന യുവാവാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. അഖില്‍ കാറിനെ മറികടന്ന് തടഞ്ഞു നിര്‍ത്തുകയായിരുന്നു. സംഭവം ചോദ്യം ചെയ്ത അഖിലിനോട് കയര്‍ത്ത കാര്‍ ഡ്രൈവര്‍ നായയുടെ കെട്ടഴിച്ചു വിട്ട ശേഷം സ്ഥലം വിടുകയായിരുന്നു.

റോഡില്‍ ഉരഞ്ഞ് ശരീരമാസകലം മുറിവേറ്റ നിലയിലായിരുന്നു നായ. ഉച്ചയോടെ സോഷ്യല്‍ മീഡിയയില്‍ വീഡിയോ പ്രചരിക്കപ്പെട്ടതോടെ വ്യാപക പ്രതിഷേധമുയര്‍ന്നു. ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പെട്ട ചെങ്ങമനാട് പോലീസ് കാര്‍ നമ്പര്‍ പരിശോധിച്ച്‌ ഡ്രൈവറെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു. ഇതിനൊടുവിലാണ് കാര്‍ ഓടിച്ചിരുന്ന യൂസഫിനെ കണ്ടെത്തിയത്. ദയ ആനിമല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ പരുക്കേറ്റ നായയെ ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

Related Articles

Back to top button