KeralaLatestMalappuram

അമ്മയോടൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിച്ച മകന്‍ ടിപ്പര്‍ ലോറിക്കടിയില്‍പ്പെട്ടു മരിച്ചു

“Manju”

അമ്മ ഓടിച്ച സ്‌കൂട്ടറിന് പിറകിലിരുന്ന 13-കാരൻ ലോറിക്കടിയിൽപ്പെട്ടു മരിച്ചു  | 15Dec2020

മലപ്പുറം; അമ്മയോടൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിച്ച മകന്‍ ടിപ്പര്‍ ലോറിക്കടിയില്‍പ്പെട്ടു മരിച്ചു. കോഴിക്കോട് കക്കോടി കോട്ടൂപ്പാടം അത്താഴക്കുന്നുമ്മല്‍ ഷാജിയുടെ 13 വയസുകാരനായ മകന്‍ അര്‍ജുനാണ് മരിച്ചത്. അമ്മ ശ്രീദേവിക്കൊപ്പം കൊട്ടൂക്കരയിലെ വീട്ടിലേക്ക് പോവുന്നതിനിടെയായിരുന്നു അപകടം. സ്കൂട്ടറില്‍ ടിപ്പര്‍ ലോറി ഇടിച്ച ശേഷം റോഡിലേക്ക് വീണ അര്‍ജുന്റെ മേലെ കയറിയിറങ്ങുകയായിരുന്നു.
ചൊവ്വാഴ്ച രാവിലെ 8.50-ഓടെ ദേശീയപാതയില്‍ കൊണ്ടോട്ടി മോയിന്‍കുട്ടി വൈദ്യര്‍ അക്കാദമിക്ക് സമീപമാണ് അപകടമുണ്ടായത്. കെഎസ്‌ആര്‍ടിസി ബസിന് കടന്നുപോകാനായി വേഗം കുറച്ച്‌ റോഡരികിലൂടെ ഓടിയ സ്‌കൂട്ടറില്‍ പിറകില്‍ ലോറി തട്ടി. ലോറിയുടെ മുന്‍ഭാഗം സ്‌കൂട്ടറിനെ മറികടന്ന ശേഷമാണ് സ്‌കൂട്ടറില്‍ തട്ടിയത്. നിയന്ത്രണംവിട്ട സ്‌കൂട്ടറില്‍നിന്ന് ശ്രീദേവി ഇടതുവശത്തേക്കും അര്‍ജുന്‍ റോഡിലേക്കും തെറിച്ചുവീണു. ലോറിയുടെ പിന്‍ചക്രം കയറിയ അര്‍ജുന്‍ അപകടസ്ഥലത്ത് വച്ചുതന്നെ മരിച്ചു. ശ്രീദേവിയെ കൊണ്ടോട്ടിയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കക്കോടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എട്ടാംക്ലാസ് വിദ്യാര്‍ഥിയാണ് അര്‍ജുന്‍. എതിര്‍വശത്തുനിന്ന് വലിയ വാഹനങ്ങള്‍ വരാതിരുന്നിട്ടും ഡ്രൈവര്‍ അനാവശ്യമായി ലോറി റോഡരികിലൂടെ ഓടിച്ചതാണ് അപകടത്തിന് കാരണമായത്. കോഴിക്കോട്ടുനിന്ന് മേല്‍മുറിയിലെ ക്രഷറിലേക്ക് പോവുകയായിരുന്നു ലോറി. ഡ്രൈവര്‍ക്കെതിരേ മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്ത പോലീസ് ലോറി കസ്റ്റഡിയിലെടുത്തു.

Related Articles

Back to top button