Latest

കോവാക്സിനും കോവിഷീല്‍ഡിനും പിന്നാലെ ഇനി സ്പുട്നിക് 5

“Manju”

ന്യൂഡല്‍ഹി: റഷ്യയുടെ സ്പുട്‌നിക് 5 വാക്‌സീന് ഇന്ത്യയില്‍ ചില ഉപാധികളോടെ ഉപയോഗാനുമതി നല്‍കാന്‍ ശുപാര്‍ശ ചെയ്ത് വിദഗ്ധ സമിതി. സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനു കീഴിലുള്ള വിദഗ്ധ സമിതിയാണ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയ്ക്കു (ഡിസിജിഐ) ശുപാര്‍ശ നല്‍കിയത്. ഡിസിജിഐ അനുമതി ലഭിക്കുന്നതോടെ വിതരണം ആരംഭിക്കാം. കോവിഡ് വ്യാപനം രാജ്യത്ത് രൂക്ഷമാകുന്ന സാഹചര്യത്തിലാണ് സ്പുട്നിക് 5 വാക്സിന്‍ ഉപയോഗത്തിനുള്ള ശുപാര്‍ശ നല്‍കിയത്.
91.6 ശതമാനം കാര്യക്ഷമത സ്പുട്നിക് 5 വാക്സിനിനുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. 2020 ഓഗസ്റ്റ് 11ന് റഷ്യ രജിസ്റ്റര്‍ ചെയ്ത സ്പുട്നിക് 5 ലോകത്തിലെ ആദ്യത്തെ കൊറോണ വൈറസ് വാക്സിനാണ്. റഷ്യയിലെ ഗമലേയ നാഷണല്‍ റിസര്‍ച്ച്‌ സെന്റര്‍ ഓഫ് എപ്പിഡെമിയോളജി ആന്‍ഡ് മൈക്രോബയോളജിയാണ് വാക്സിന്‍ വികസിപ്പിച്ചെടുത്തത്. സ്പുട്നിക് വാക്സിന്റെ നിര്‍മ്മാണത്തിനായി റഷ്യന്‍ ഡയറക്‌ട് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ഇന്ത്യയിലെ വിവിധ ഫാര്‍മസ്യൂട്ടിക്കല്‍ കമ്ബനികളുമായി സഹകരിക്കുന്നുണ്ട്.
ഇന്ത്യയില്‍ സ്പുട്‌നിക് വാക്‌സീന്‍ നിര്‍മ്മിക്കുന്ന ഡോ റെഡ്ഡീസ് ലാബറട്ടറീസിന്റെ അപേക്ഷ പരിഗണിച്ചാണ് വിദഗ്ധ സമിതി വാക്‌സീന്റെ സാധ്യത പരിശോധിച്ചത്. ഫെബ്രുവരി 19നാണ് ഡോ. റെഡ്ഡീസ് വാക്‌സീന്റെ അടിയന്തര ഉപയോഗത്തിന് അനുമതി തേടിയത്. ക്ലിനിക്കല്‍ പരിശോധന മൂന്നാം ഘട്ടത്തിലെത്തിയ സമയത്തായിരുന്നു അത്. വാക്‌സീന്റെ പ്രവര്‍ത്തനം എങ്ങനെയാണെന്നു വിശദീകരിക്കാന്‍ വിദഗ്ധ സമിതി ഏപ്രില്‍ ഒന്നിന് ഡോ. റെഡ്ഡീസിനോട് ആവശ്യപ്പെട്ടിരുന്നു. 18നും 99ഉം ഇടയില്‍ പ്രായമുള്ള 1600 പേരിലാണ് ഇതുവരെ സ്പുട്‌നിക് 5 ഇന്ത്യയിലെ പരീക്ഷണം നടത്തിയത്. യുഎഇ, വെനസ്വേല, ബെലാറസ് എന്നീ രാജ്യങ്ങളിലും സ്പുട്‌നിക് പരീക്ഷണം നടത്തുന്നുണ്ട്. ഗമലയ ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് സ്പുട്‌നിക് 5 വാക്‌സീന്‍ വികസിപ്പിച്ചത്. രണ്ട് ഡോസ് വാക്‌സീന് രാജ്യാന്തര വിപണിയില്‍ 10 ഡോളറിലും താഴെയാണു വില.
റഷ്യയില്‍നിന്നായിരിക്കും അടിയന്തര ഉപയോഗത്തിനുള്ള വാക്‌സീന്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുക. റഷ്യയില്‍ 19,866 പേരില്‍ പരീക്ഷിച്ച വാക്‌സീന് 91.6% ഫലപ്രാപ്തിയുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഒക്ടോബറോടെ രണ്ട് പുതിയ വാക്‌സീന്‍ കൂടി ഇന്ത്യയില്‍ ലഭ്യമാകുമെന്നും അധികൃതര്‍ അറിയിച്ചു. കോവിഡ് വാക്സിന്‍ക്ഷാമം പരിഹരിക്കാന്‍ ഒക്ടോബര്‍ അഞ്ചോടെ അഞ്ച് പുതിയ പ്രതിരോധമരുന്നുകള്‍കൂടി ഉപയോഗസജ്ജമാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഓക്സ്ഫഡ് യൂണിവേഴ്സിറ്റി ആസ്ട്രാസെനക്കയുമായി ചേര്‍ന്ന് വികസിപ്പിച്ച കോവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കോവാക്സിന്‍ എന്നിവയാണ് നിലവില്‍ രാജ്യത്ത് ഉപയോഗിക്കുന്ന വാക്സിനുകള്‍. ഇരുപതോളം വാക്സിനുകള്‍ നിര്‍മ്മാണത്തിന്റെയോ പരീക്ഷണത്തിന്റെയോ വിവിധ ഘട്ടത്തിലാണ്. ഇതില്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍, നൊവാവെക്സ്, കാഡില സൈഡസ്, ഭാരത് ബയോടെക് നിര്‍മ്മിക്കുന്ന മൂക്കിലൂടെ നല്‍കുന്ന വാക്സിന്‍ എന്നിവയാണ് ഒക്ടോബറിനുമുമ്ബ് തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നത്.

Related Articles

Back to top button