IndiaLatestMalappuram

ചില കോണ്‍ഗ്രസ് നേതാക്കള്‍ ബി ജെ പിയുമായി ഒത്തുകളിച്ചു: വി കെ ശ്രീകണ്ഠന്‍

“Manju”

പാലക്കാട്: ജില്ലയില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ കോണ്‍ഗ്രസുമായി ബന്ധം സ്ഥാപിച്ചത് തുറന്ന് പറഞ്ഞ് പാലക്കാട് എം പി വി കെ ശ്രീകണ്ഠന്‍ രംഗത്ത്. പാലക്കാട് നഗരസഭയില്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ ബി ജെ പിയുമായി ഒത്തുകളിച്ചത് തിരിച്ചടിയായെന്ന് ഡി സി സി പ്രസിഡന്റ് കൂടിയായ അദ്ദേഹം പറഞ്ഞു. പാലക്കാട് നഗരസഭയില്‍ ബി ജെ പിയുടെ വിജയം വലിയ ചര്‍ച്ചയാകുന്നതിനിടിയിലാണ് ചില പാര്‍ട്ടി നേതാക്കള്‍ക്ക് ബി ജെ പിയുമായുള്ള ബന്ധം കോണ്‍ഗ്രസ് നേതാവ് തന്നെ വ്യക്തമാക്കിയിരിക്കുന്നത്. കോണ്‍ഗ്രസിന്റെ പാലക്കാട് ബ്ലോക്ക് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി ജെ പിയുമായി കൂട്ടുകച്ചവടം നടത്തുന്നവരെ കോണ്‍ഗ്രസിന്റെ പടി കയറ്റില്ല. മുന്‍ ബി ജെ പി ഭരണസമിതിയുടെ അഴിമതിക്ക് ചൂട്ടുപിടിച്ച ചില കോണ്‍ഗ്രസ് നേതാക്കളുടെ പ്രവര്‍ത്തനം അന്വേഷിക്കും. നിലവില്‍ തിരഞ്ഞെടുക്കപ്പെട്ട കൗണ്‍സിലര്‍മാര്‍ പാര്‍ട്ടിയുടെ നിരീക്ഷണത്തിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട് നഗരസഭയില്‍ ബി ജെ പി അധികാരത്തില്‍ എത്താന്‍ കാരണം എല്‍ ഡി എഫാണെന്ന് യു ഡി എഫ് സൈബര്‍ രംഗത്ത് ആരോപണം ഉന്നയിച്ചിരുന്നു. ലീഗ് നേതാവ് പി കെ ഫിറോസ് അടക്കമുള്ളവര്‍ ഈ ആരോപണം ഏറ്റെടുത്തിരുന്നു. ഈ സാഹചര്യത്തില്‍ പാലക്കാട് എം പിയുടെ വസ്തുത വെളിപ്പെടുത്തല്‍ യു ഡി എഫിനെ വലിയ തോതില്‍ പ്രതിരോധത്തിലാക്കും. അതിനിടെ പാലക്കാട് നഗരസഭിയിലെ തോല്‍വിക്ക് കാരണം വി കെ ശ്രീകണ്ഠനാണെന്ന് കോണ്‍ഗ്രസിലെ മറ്റ് ചില നേതാക്കളും കുറ്റപ്പെടുത്തുന്നു.

Related Articles

Back to top button