IndiaLatest

നരേന്ദ്രമോദിയെ നിയന്ത്രിക്കുന്നത് ചില മുതലാളിമാര്‍ ; രാഹുല്‍ ഗാന്ധി

“Manju”

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യയില്‍ ജനാധിപത്യമില്ല. ജനാധിപത്യം ഉണ്ടെന്നത് വെറും ഭാവന മാത്രമാണെന്ന് രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു.
നേരത്തെ കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ രാഷ്ട്രപതി ഭവനിലേക്ക് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ച്‌ തടയുകയും പ്രിയങ്ക ഗാന്ധിയുള്‍പ്പെടെയുള്ളവരെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്‍തു നീക്കിയതിനു പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. രാഹുലിന്‍റെ നേതൃത്വത്തിലുള്ള മാര്‍ച്ചിന് അനുമതിയും നിഷേധിച്ചു.
തന്റെ ചങ്ങാതിമാരായ ചില മുതലാളിമാര്‍ക്ക് വേണ്ടി പണം ഉണ്ടാക്കുന്ന പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. അതിന് എതിരായി സംസാരിക്കുന്നവരെ എല്ലാം ഭീകരവാദികളായി ചിത്രീകരിക്കും. അതിപ്പോള്‍ കര്‍ഷകരാകട്ടെ, തൊഴിലാളികളാകട്ടെ, സാക്ഷാല്‍ മോഹന്‍ ഭഗവത്‍ ആകട്ടെ — അതിരൂക്ഷമായ ഭാഷയില്‍ രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.
ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കത്തില്‍ നരേന്ദ്ര മോദി മൗനം തുടരുന്നതും രാഹുല്‍ ഗാന്ധി ചോദ്യം ചെയ്‍തു. ചൈന ഇപ്പോഴും അതിര്‍ത്തിയില്‍ തുടരുകയാണ്. ഇന്ത്യയുടെ ആയിരക്കണക്കിന് കിലോമീറ്റര്‍ പ്രദേശം ചൈന തട്ടിയെടുത്തു. അതേക്കുറിച്ച്‌ മോദി ഒന്നും മിണ്ടാത്തത് എന്താണ്, എന്താണ് മൗനം തുടരുന്നത് – രാഹുല്‍ ചോദിച്ചു.
ഒന്നിനും കൊള്ളാത്ത ഒരാളാണ് നമ്മളെ ഭരിക്കുന്നത്. അയാള്‍ക്ക് ഒന്നിനെക്കുറിച്ചും ഒന്നും അറിയില്ല പക്ഷേ, എല്ലാം അറിയുന്ന മൂന്നു നാല് പേര്‍ക്ക് വേണ്ടിയാണ് ഇയാള്‍ ഭരിക്കുന്നതെന്നും രാഹുല്‍ വിമര്‍ശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി മുകേഷ് അംബാനിക്കും ഗൗതം ആദാനിക്കും വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത് എന്ന വിമര്‍ശനം രാഹുല്‍ ഗാന്ധി പലപ്പോഴായി നടത്തിയിട്ടുള്ളതാണ്. പുതിയ സാഹചര്യത്തിലും രാഹുല്‍ ലക്ഷ്യമിടുന്നത് ഇത് തന്നെയാണ് എന്നുവേണം അനുമാനിക്കാന്‍.

Related Articles

Back to top button