എറണാകുളം: ഡിജിറ്റല്‍ റീസര്‍വ്വെ സംബന്ധിച്ച് തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍ക്ക് അവബോധം സൃഷ്ടിക്കുന്നതിനായി ജില്ലാതല ശില്‍പ്പശാല സംഘടിപ്പിക്കുന്നു. മാര്‍ച്ച് 10 വ്യാഴാഴ്ച രാവിലെ 10 മുതല്‍ ഓണ്‍ലൈനായി നടക്കുന്ന ശില്‍പ്പശാല തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദന് ഉദ്ഘാടനം ചെയ്യും. റവന്യൂ മന്ത്രി കെ രാജന് അധ്യക്ഷത വഹിക്കും. വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്, പ്രതിപക്ഷ നേതാവ് വി.ഡി സതീശന് എന്നിവരാണ് മുഖ്യാതിഥികള്‍. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് സ്വാഗതം ആശംസിക്കും.
ശില്‍പ്പശാലയില്‍ സര്‍വ്വെ ആന്റ് ലാന്റ് റെക്കോര്‍ഡ്സ് വിഭാഗം ഡയറക്ടര്‍ സീറാം സാംബശിവ റാവു വിഷയാവതരണം നടത്തും. ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് കൃതജ്ഞത അര്‍പ്പിക്കും. ജില്ലയില്‍ നിന്നുള്ള വിവിധ എം.എല്‍.എമാര്‍, മറ്റു ജനപ്രതിനിധികള്‍ തുടങ്ങിയവരും ശില്‍പ്പശാലയില്‍ പങ്കെടുക്കും.