KeralaLatest

മഴ: ജില്ലയില്‍ 12 ക്യാമ്പുകള്‍; വടകരയിൽ ക്യാമ്പുകളിലായി 118 കുടുംബങ്ങൾ

“Manju”

 

വടകര: മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിലെ വിവിധ സ്ഥലങ്ങളിലായി 12 ക്യാമ്പുകള്‍ തുറന്നു. 176 കുടുംബങ്ങളിലെ 560 പേരാണ് ക്യാമ്പുകളില്‍ കഴിയുന്നത്. 217 പുരുഷന്മാരും 231 സ്ത്രീകളും 112 കുട്ടികളും ക്യാമ്പുകളിലുണ്ട്.

ഉരുള്‍പൊട്ടല്‍ ഭീഷണിയെ തുടര്‍ന്ന് വടകര താലൂക്കില്‍ 7 ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 118 കുടുംബങ്ങളിലെ 355 അംഗങ്ങളാണ് ഇവിടെ താമസിക്കുന്നത്. വിലങ്ങാട് വില്ലേജിലെ മൂന്ന് ക്യാമ്പുകളിലായി 98 കുടുംബങ്ങളിലെ 284 പേര്‍ താമസിക്കുന്നുണ്ട്. കാവിലുംപാറ ക്യാമ്പില്‍ 8 കുടുംബങ്ങളില്‍ നിന്നുള്ള 23 പേരും ചെക്യാട് ക്യാമ്പില്‍ 6 കുടുംബങ്ങളില്‍ നിന്നുള്ള 21 പേരുമുണ്ട്. തിനൂര്‍ വില്ലേജില്‍ ആരംഭിച്ച രണ്ട് ക്യാമ്പുകളില്‍ ആറു കുടുംബങ്ങളില്‍ നിന്നുള്ള 27 അംഗങ്ങളുണ്ട്.വാണിമേല്‍ വില്ലേജിലെ മണ്ണിടിച്ചില്‍ ഭീഷണിയുള്ള പ്രദേശമായ ചിറ്റാരി മേഖലയില്‍ താമസിക്കുന്നവരെ ബന്ധുവീടുകളിലേക്ക് മാറ്റി.

താമരശ്ശേരിയില്‍ കോടഞ്ചേരി വില്ലേജിലെ വെണ്ടേക്കുംപൊയില്‍ കോളനിയിലെ എട്ടു കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.11 കുട്ടികള്‍ ഉള്‍പ്പെടെ 27 പേരെയാണ് വെണ്ടേക്കുംപൊയില്‍ സാംസ്‌കാരിക നിലയത്തിലേക്ക് മാറ്റി താമസിപ്പിച്ചത്.
മഴ മുന്‍കരുതലിന്റെ ഭാഗമായി കൊയിലാണ്ടി താലൂക്കിലെ കൂരാച്ചുണ്ട്, ചക്കിട്ടപ്പാറ പഞ്ചായത്തുകളിലായി നിലവില്‍ നാല് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കരിയാത്തുംപാറയിലെ സെന്റ് ജോസഫ് എല്‍ പി സ്‌കൂളിലും കക്കയത്തെ കെ എച്ച് ഇ പി ജി എല്‍ പി സ്‌കൂളിലുമായി 32 കുടുംബങ്ങളില്‍ നിന്നും 78 പേര്‍ താമസിക്കുന്നുണ്ട്.
ചക്കിട്ടപ്പാറയിലെ നരേന്ദ്രദേവ് കോളനിയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് ക്യാമ്പുകളില്‍ 24 കുടുംബങ്ങളില്‍ നിന്നുള്ള 62 പേരാണുള്ളത്. കൊയിലാണ്ടി താലൂക്കിലെ കീഴരിയൂര്‍ വില്ലേജില്‍ ശക്തമായ മഴയില്‍ ഒരു വീട് ഭാഗികമായി തകര്‍ന്നു. ചെറുവത്ത്മീത്തല്‍ മാധവിയുടെ വീടാണ് തകര്‍ന്നത്.
ജില്ലയിലെ താലൂക്കുകളില്‍ കണ്‍ട്രോള്‍ റൂമുകള്‍ സജ്ജമാണ്. വിവരങ്ങള്‍ക്ക് കോഴിക്കോട് -0495 -2372966, കൊയിലാണ്ടി- 0496 -2620235, വടകര- 0496- 2522361, താമരശ്ശേരി- 0495- 2223088, ജില്ലാ ദുരന്ത നിവാരണ കണ്‍ട്രോള്‍ റൂം- 0495 2371002. ടോള്‍ഫ്രീ നമ്പര്‍ – 1077.
തെക്കന്‍ ആന്ധ്രാപ്രദേശിനും വടക്കന്‍ തമിഴ്‌നാടിനും സമീപത്തായി മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാത ചുഴി നിലനില്‍ക്കുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അറബിക്കടലില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തി പ്രാപിക്കുന്നതിന്റെ ഫലമായി കേരളത്തില്‍ ആഗസ്ത് 8 വരെ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ട്.

വി.എം.സുരേഷ് കുമാർ

Related Articles

Back to top button