IndiaLatest

ശുഭ പ്രതീക്ഷയോടെ പുതു വര്‍ഷം ; കൊവിഡ് വാക്സിന് ഉടന്‍ അനുമതിയെന്ന് സൂചന?

“Manju”

ദില്ലി: ഇന്ത്യയില്‍ കൊവിഡ് പ്രതിരോധ വാക്സിന്റെ ഉപയോഗത്തിനുള്ള അന്തിമ അനുമതി ഉടനെ നല്‍കിയേക്കുമെന്ന് സൂചന. ഡ്രഗ് കണ്‍ട്രോള‍ര്‍ ജനറല്‍ ഓഫ് ഇന്ത്യ തലവന്‍ ഡോ. വേണു​ഗോപാല്‍ ജി സോമനി തന്നെയാണ് ഇതുമായി ബന്ധപ്പെട്ട വ്യക്തമായ സൂചന ഇന്നു നല്‍കിയിട്ടുണ്ട്. വാക്സിന്‍ പ്രയോ​ഗത്തിന് ഉടനെ അനുമതി നല്‍കും. പുതുവ‍ര്‍ഷത്തില്‍ പുതുതായി ചിലത് രാജ്യത്തുണ്ടാവും. ഇന്ത്യന്‍ നിയമപ്രകാരം വാക്സിനുകള്‍ക്കും മരുന്നുകള്‍ക്കും അടിയന്തര അനുമതി എന്നൊന്നില്ല. നിയന്ത്രിതമായ ഉപയോ​ഗത്തിന് മാത്രമേ അനുമതി നല്‍കാന്‍ സാധിക്കൂവെന്നും വേണു​ഗോപാല്‍ ജി സോമനി പറഞ്ഞു.

വാക്സിന്‍ അനുമതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി പ്രത്യേക വിദ​ഗ്ദ്ധസമിതിക്ക് നേരത്തെ ഡിസിജിഐ രൂപം നല്‍കിയിരുന്നു. ഈ സമിതി ഇതിനോടകം രണ്ട് തവണ യോ​ഗം ചേര്‍ന്നു. അമേരിക്കന്‍ കമ്ബനികളായ മൊഡേണ, ഫൈസ‍ര്‍, ഒക്സ്ഫഡ് സെറം ഇന്‍സിറ്റിറ്റ്യൂട്ട് എന്നിവ വാക്സിന്‍ അനുമതിക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്. ഇതില്‍ ഓക്സ്ഫഡ് വികസിപ്പിച്ച കൊവിഷില്‍ഡ് വാക്സിന് അനുമതി നല്‍കാനുള്ള നടപടികള്‍ അന്തിമഘട്ടത്തില്‍ എത്തിയിട്ടുണ്ടെന്നാണ് സൂചന. കഴിഞ്ഞ ദിവസം ബ്രിട്ടനും ഈ വാക്സിന് അനുമതി നല്‍കിയിട്ടുണ്ട്. വിദ​ഗ്ദ്ദസമിതിയുടെ മൂന്നാമത്തെ യോ​ഗം നാളെ ദില്ലിയില്‍ ചേരുന്നുണ്ട്. ഇതില്‍ വാക്സിന്‍ പ്രയോ​ഗത്തിന് അനുമതി ലഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്നലെ ചേര്‍ന്ന യോഗത്തില്‍ വാക്സിന്‍ ഉപയോഗത്തിന് അടിയന്തര അനുമതി തേടിയ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിനോട് കൂടുതല്‍ വിവരങ്ങള്‍ തേടിയിരുന്നു. യുകെയില്‍ കൊവിഷീല്‍‍ഡ് വാക്സിന് അനുമതി ലഭിച്ച സാഹചര്യത്തില്‍ ഇന്ത്യയിലും ഉടന്‍ അനുമതി നല്‍കുമെന്നാണ് സൂചന. വാക്സിന്‍ വിതരണത്തിന് മുന്നോടിയായി നാല് സംസ്ഥാനങ്ങളില്‍ ഇതിനോടകം ഡ്രൈറണ്‍ പൂര്‍ത്തിയാക്കിരുന്നു. വാക്സിന്‍ നല്‍കേണ്ടവരുടെ മുന്‍ഗണന പട്ടികയും സംസ്ഥാന്‍ സര്‍ക്കാരുകള്‍ കേന്ദ്രത്തിന് സമര്‍പ്പിച്ചിട്ടുണ്ട്. ഇതിനിടെ രാജ്യത്ത് അതീതീവ്രവൈറസ് ബാധിച്ചവരുടെ എണ്ണം 25 ആയി ഉയര്‍ന്നു. ദില്ലിയില്‍ മാത്രം നാല് പേരില്‍ ജനിതക മാറ്റം വന്ന വകഭേദം സ്ഥിരീകരിച്ചെന്ന് സര്‍ക്കാര്‍ അറിയിച്ചു.

രാജ്യത്ത് കൊവിഡ് പ്രതിരോധസവാക്സിന്‍ ഉടനെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ വ്യക്തമാക്കിയിരുന്നു. വാക്സിന്‍ വിതരണത്തിനുള്ള നടപടികള്‍ അവസാനഘട്ടത്തിലാണെന്നും മോദി പറഞ്ഞു. വാക്സിന്റെ അടിയന്തര അനുമതി നല്‍കുന്നത് സംബന്ധിച്ച്‌ നിര്‍ണ്ണായക യോഗം നാളെ നടക്കും. ദിവസങ്ങള്‍ക്കുള്ളില്‍ രാജ്യത്ത് കൊവിഡ‍് വാക്സിന് അനുമതി നല്‍കുമെന്ന് വ്യക്തമാക്കുന്നതായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകള്‍. തദ്ദേശീയമായി വികസിപ്പിച്ച വാക്സിന്‍ ജനങ്ങള്‍ക്ക് സൗജന്യമായി നല്‍കാനാകുമെന്നാണ് പ്രതീക്ഷ. 2021 പ്രതീക്ഷയുടെ വര്‍ഷമാകും എല്ലാവരിലേക്കും വാക്സിനേഷന്‍ എത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Related Articles

Back to top button