KeralaLatest

കേരളത്തിന്റെ നന്മയ്ക്കായ് തോളോട് തോള്‍ ചേര്‍ന്നു 2021-നെ വരവേല്‍ക്കാം; പുതുവത്സരാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

“Manju”

സിന്ധുമോൾ. ആർ

തിരുവനന്തപുരം: കൊവിഡ് ആശങ്കകള്‍ക്കിടെയാണ് ലോകം ഇക്കുറി പുതുവര്‍ഷത്തെ വരവേല്‍ക്കുന്നത്. ആഘോഷത്തിന്റെ വേളയാണെങ്കിലും നിലവിലെ കോവിഡ് വ്യാപനത്തിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ച്‌ എല്ലാവരും സ്വയം നിയന്ത്രിക്കാന്‍ തയ്യാറാകണം എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ പുതുവത്സര ആശംസകള്‍ നേര്‍ന്നു.

ലോകമെങ്ങും പുതുവല്‍സരത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുന്ന സന്ദര്‍ഭമാണിത്. കോവിഡ് മഹാമാരി സൃഷ്ടിച്ച കടുത്ത പ്രതിസന്ധികള്‍ നിറഞ്ഞ ഒരു വര്‍ഷമാണ് ഇപ്പോള്‍ കടന്നു പോയിരിക്കുന്നത്. പ്രിയപ്പെട്ടവരുടെ വേര്‍പാടുകള്‍, സാമ്പത്തിക പ്രയാസങ്ങള്‍, സാമൂഹിക ജീവിതത്തിനേറ്റ വിലക്കുകള്‍ തുടങ്ങി ദുസ്സഹമായ നിരവധി അനുഭവങ്ങളാണ് നമുക്ക് നേരിടേണ്ടി വന്നത്. എന്നിരുന്നാലും, ഇവയെല്ലാം അസാമാന്യമായ ആത്മധൈര്യത്തോടേയും, ഒത്തൊരുമയോടേയും, ഉത്തരവാദിത്വത്തോടെയും മറികടന്ന ഒരു വര്‍ഷം കൂടെയായിരുന്നു ഇത്.

ആ അനുഭവങ്ങള്‍ പകര്‍ന്ന കരുത്ത് ഒരു സമൂഹമെന്ന നിലയില്‍ നമ്മെ കൂടുതല്‍ ദൃഢമാക്കിയിരിക്കുന്നു. വെല്ലുവിളികള്‍ ഏറ്റെടുക്കാനും മുന്നോട്ടുപോകാനുമുള്ള ആത്മവിശ്വാസം ആര്‍ജ്ജിക്കാന്‍ സാധിച്ചു. അതുകൊണ്ടു തന്നെ ശുഭപ്രതീക്ഷയോടെ നമുക്ക് പുതുവര്‍ഷത്തിലേയ്ക്ക് കാലെടുത്തു വയ്ക്കാം. അതോടൊപ്പം, ആഘോഷത്തിന്റെ വേളയാണെങ്കിലും നിലവിലെ കോവിഡ് വ്യാപനത്തിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ച്‌ എല്ലാവരും സ്വയം നിയന്ത്രിക്കാന്‍ തയ്യാറാകണം. ആഘോഷത്തിന്റെ ഭാഗമായി ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടാകുന്നത് ഒഴിവാക്കണം. മാസ്കുകള്‍ ധരിക്കാനും ശാരീരിക അകലം പാലിക്കാനും ശ്രദ്ധിക്കണം. രാത്രി പത്തു മണിക്കുള്ളില്‍ ആഘോഷങ്ങളെല്ലാം നിര്‍ബന്ധമായും പൂര്‍ത്തിയാക്കുകയും വേണം.

ഈ ജാഗ്രത കാണിക്കേണ്ടത് രോഗാതുരത ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലാണെന്ന് എല്ലാവരും മനസ്സിലാക്കണം. ഇതുവരെ നിങ്ങളോരുത്തരും പ്രദര്‍ശിപ്പിച്ച ശ്ലാഘനീയമായ കരുതലും ഉത്തരവാദിത്വബോധവുമാണ് ഈ മഹാമാരിയെ മികച്ച രീതിയില്‍ പ്രതിരോധിക്കാന്‍ കേരളത്തിനു സഹായകരമായത്. അതിനിയും തുടരണം എന്ന് ഓര്‍മ്മിപ്പിക്കട്ടെ. കരുതലോടെ, പ്രതീക്ഷയോടെ, ആത്മവിശ്വാസത്തോടെ നമുക്ക് 2021-നെ വരവേല്‍ക്കാം. കേരളത്തിന്റെ നന്മയ്ക്കായ് തോളോട് തോള്‍ ചേര്‍ന്നു നില്‍ക്കാം. എല്ലാവര്‍ക്കും ഹൃദയപൂര്‍വ്വം നവവല്‍സരാശംസകള്‍ നേരുന്നു.

Related Articles

Back to top button