Thrissur

ബുദ്ധമയൂരിയെ കാണണോ… തുമ്പൂര്‍മുഴിയിലേക്ക് പോന്നോളൂ

“Manju”

ബിന്ദുലാൽ തൃശ്ശൂർ

തൃശ്ശൂർ : തൂക്കുപാലം,കടവുകള്‍, മണ്ഡപങ്ങള്‍, വൈവിധ്യമാര്‍ന്ന ചെടികള്‍ക്ക് ചുറ്റിലും പാറിക്കളിക്കുന്ന ശലഭങ്ങള്‍, എല്ലാം ചേര്‍ന്ന് സ്വപ്നതുല്യമായ അനുഭവങ്ങള്‍ ഒരുക്കിയാണ് പുതുവര്‍ഷത്തില്‍ തുമ്പൂര്‍മുഴി ശലഭോദ്യാനം സന്ദര്‍ശകരെ കാത്തിരിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി അടച്ചിട്ടിരുന്ന തുമ്പൂര്‍മുഴി ശലഭോദ്യാനം ഇന്ന് (1.1.2021) വീണ്ടും തുറക്കുകയാണ്. സന്ദര്‍ശകര്‍ക്കായി 4.5 കോടിയുടെ നവീകരണ പ്രവര്‍ത്തനങ്ങളാണ് ഉദ്യാനത്തില്‍ നടത്തിയിരിക്കുന്നത്.

വലിയശലഭമായ ‘ഗരുഡ’ യും സംസ്ഥാന ചിത്രശലഭമായ ‘ബുദ്ധമയൂരി’യും തുമ്പൂര്‍മുഴിയിലുണ്ട്. തെളിനീലക്കടുവ, കടുംനീലക്കടുവ, വരയന്‍കടുവ, അരളിശലഭം, എരുക്കുതപ്പി തുടങ്ങിയ ഇനങ്ങളാണ് ഇപ്പോള്‍ തുമ്പൂര്‍മുഴിയില്‍ നിറഞ്ഞിരിക്കുന്നത്. മഴയില്ലെങ്കില്‍ രാവിലെ മുതല്‍ ചിത്രശലഭങ്ങളെ കാണാനാകും. വനത്തോടും പുഴയോടും ചേര്‍ന്നുനില്‍ക്കുന്ന തുമ്പൂര്‍മുഴിയിലെ കാലാവസ്ഥയും ചെടികളും ശലഭങ്ങളെ ആകര്‍ഷിക്കുന്നുണ്ട്. ഇവയെ ആകര്‍ഷിക്കുന്ന കിലുക്കിയിനത്തില്‍പ്പെട്ട ഒട്ടേറെ ചെടികളും ഉദ്യാനത്തിലുണ്ട്.

കോവിഡ് പ്രോട്ടൊക്കോള്‍ അനുസരിച്ചാണ് സഞ്ചാരികള്‍ക്കുള്ള പ്രവേശനം. കൃത്യമായ സാമൂഹിക അകലം,മാസ്‌ക്ക്, സാനിറ്റൈസര്‍ ഉപയോഗിച്ച് അണുവിമുക്തമാക്കല്‍ എന്നിവ കര്‍ശനമാക്കിയിട്ടുണ്ട്. രോഗലക്ഷണമുള്ളവരെ അകത്തേക്ക് പ്രവേശിപ്പിക്കില്ല. 60 വയസ്സിനു മുകളിലും 10 വയസ്സിനു താഴെയുള്ളവര്‍ക്കും പ്രവേശനമില്ല.രാവിലെ 9 മുതല്‍ 5 വരെയാണ് പ്രവേശന സമയം. മുതിര്‍ന്നവര്‍ക്ക് 15, കുട്ടികള്‍ക്ക് 10, വിഡിയോ 200, ക്യാമറ 25 എന്നിങ്ങനെയണ് പ്രവേശന ഫീസ്.കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാന്‍ ആവശ്യമായ എല്ലാവിധ സജ്ജീകരണങ്ങളും ഉദ്യാനത്തില്‍ ഒരുക്കിയിട്ടുണ്ടെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡോ എ കവിത പറഞ്ഞു.

Related Articles

Back to top button