KeralaLatestThrissur

വനഭൂമി പട്ടയം: കേന്ദ്രാനുമതി ലഭിച്ചാലുടൻ പട്ടയവിതരണം സാധ്യമാകും

“Manju”

ബിന്ദുലാൽ തൃശ്ശൂർ

ജില്ലയിലെ പട്ടയങ്ങളിൽ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഒന്നായിരുന്നു വനഭൂമി പട്ടയം. വനഭൂമി പതിവ് നടപടി ത്വരിതപ്പെടുത്താൻ സംസ്ഥാന സർക്കാർ പ്രത്യേകം ഉത്തരവിറക്കിയിരുന്നു.

1977 ജനുവരി ഒന്നിന് മുമ്പ് വനഭൂമി കൈവശം വച്ചിരിക്കുന്നവർക്കാണ് പട്ടയത്തിന് അർഹത. കേന്ദ്രാനുമതി ലഭിച്ച ഭൂമികളിൽ വനം-റവന്യൂ വകുപ്പുകളുടെ സംയുക്ത പരിശോധനാ റിപ്പോർട്ട് ലഭ്യമല്ലാത്ത കേസുകളിലും പട്ടയം നൽകാൻ ഉത്തരവിറക്കി.

ഭൂമിയിലെ മരവില ഒഴിവാക്കിയും പട്ടയം നൽകുന്നതിന് കളക്ടർക്ക് അനുമതി നൽകി 2019 ജൂൺ 22ന് സർക്കാർ ഉത്തരവിറക്കി. ചില കാര്യങ്ങളിൽ വ്യക്തത വരുത്തി 2020 മാർച്ച് 20ന് വീണ്ടും സർക്കാർ ഉത്തരവിറക്കി. കോവിഡ് തീർത്ത പ്രതികൂല സാഹചര്യങ്ങളും അതിജീവിച്ചാണ് ഇപ്പോൾ 333 വനഭൂമി പട്ടയങ്ങൾ നൽകാനായത്.

വനഭൂമി പതിവ് നടപടി ത്വരിതപ്പെടുത്താൻ മന്ത്രി എ സി മൊയ്തീൻ, ഗവ. ചീഫ് വിപ്പ് കെ രാജൻ, മുരളി പെരുനെല്ലി എംഎൽഎ, ജില്ലാ കളക്ടർ എസ് ഷാനവാസ് എന്നിവർ നിരന്തരം ഇടപ്പെട്ടു. രേഖകൾ സമയത്ത് നൽകാത്ത കേസുകൾ തീർപ്പാക്കാൻ 2000ൽപരം അപേക്ഷകർക്കായി വില്ലേജ് തലത്തിൽ അദാലത്തുകൾ നടത്തി രേഖകൾ ഹാജരാക്കാൻ അവസരം നൽകി.

ഇത്തരത്തിൽ 1265 അപേക്ഷകർക്ക് രേഖകൾ ഹാജരാക്കാനും സർവെ നടത്താനും സാധിച്ചു. സർവേ വേഗത്തിലാക്കാൻ 53 ജീവനക്കാരെ പ്രത്യേകം നിയോഗിച്ചു. ഹിയറിങ്, സ്‌കെച്ച്, മഹസർ തുടങ്ങിയ പ്രവർത്തനങ്ങൾക്ക് മറ്റ് ഓഫീസുകളിൽനിന്നും ഡെപ്യൂട്ടി തഹസിൽദാർ, റവന്യൂ ഇൻസ്പെക്ടർമാർ തുടങ്ങിയ ജീവനക്കാരേയും നിയോഗിച്ചു. 12 വാഹനങ്ങളും അഞ്ചു ലക്ഷം രൂപ പ്രത്യേക ഫണ്ടായും അനുവദിച്ചു.

കോവിഡ് ഭീഷണിക്കിടയിലും പട്ടയങ്ങൾ തയ്യാറാക്കാനായി.
സംയുക്ത പരിശോധന പൂർത്തിയാക്കിയ 3000ത്തോളം അപേക്ഷകൾ കേന്ദ്രാനുമതിക്കായി പത്തുവർഷം മുമ്പ് മാനുവലായി അയച്ചിരുന്നു. എന്നാൽ ഇവ വീണ്ടും ഓൺലൈനായി അപേക്ഷിക്കാൻ നിർദ്ദേശിച്ച് കേന്ദ്രം മടക്കിയിരുന്നു. ഇവ വീണ്ടും അപേക്ഷിക്കാൻ ജിപിഎസ് സർവേ നടത്താൻ പത്ത് ജിപിഎസ്(ഗ്ലോബൽ പൊസഷനിങ് സിസ്റ്റം) ഉപകരണങ്ങൾ സർവേ വകുപ്പിന് വാങ്ങി നൽകി. ഇതുപയോഗിച്ച് സർവെ പൂർത്തീകരിച്ചു.

കേന്ദ്രാനുമതി ലഭിച്ചാലുടൻ ഈ പട്ടയവിതരണം സാധ്യമാകും. 2016 ജൂൺ മുതൽ 2020 ആഗസ്റ്റ് വരെ 178 പട്ടയം വിതരണംചെയ്തു. നിലവിൽ 333 പട്ടയം തയ്യാറായി. മൊത്തം 506 വനഭൂമി പട്ടയം നൽകാനായി.

Related Articles

Back to top button