KeralaKottayamLatest

പട്ടാപ്പകല്‍ തോക്ക് ചൂണ്ടി കവര്‍ച്ച

“Manju”

കോട്ടയം : ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മാത്രം കേട്ട് കേള്‍വിയുള്ള തോക്കു ചൂണ്ടി കവര്‍ച്ച കേരളത്തിലും. കോട്ടയം ചേന്നാമറ്റം പുത്തന്‍‌പുരയ്ക്കല്‍ ലിസമ്മ ജോസ് (65) എന്ന വീട്ടമ്മ പട്ടാപകല്‍ തോക്കുമായി എത്തിയ കള്ളന്റെ ഗണ്‍ പോയിന്റിനല്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴക്ക്. സംഭവം നടന്നിട്ടു മണിക്കൂറുകള്‍ കഴിയുമ്പോഴും നേരിട്ട അനുഭവം വിവരിക്കുമ്പോഴും വീട്ടമ്മയുടെ നടുക്കം മാറിയിരുന്നില്ല. റിട്ട.അധ്യാപകന്‍ ജോസിന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം കവര്‍ച്ച നടന്നത്. 30 വയസില്‍ താഴെ പ്രായം തോന്നിക്കുന്ന യുവാവ് കോവിഡ് വാക്‌സിന്‍ കുത്തിവെയ്പുമായി ബന്ധപ്പെട്ട് എത്തിയതാണെനന്നായിരുന്നു വീട്ടമ്മയോട് പറഞ്ഞത്. ഈ സമയം ലിസമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇതിനിടെ അക്രമി കുടിക്കാന്‍ വെള്ളം ചോദിച്ചപ്പോള്‍ വീട്ടമ്മ വെള്ളം നല്‍കി. കൈയിലുണ്ടായിരുന്ന കുപ്പിയിലും വെള്ളം നിറച്ചു. യുവാവ് അന്‍പത് മീറ്ററോളം വഴിയിലേക്ക് നടന്നുപോകുന്നത് കണ്ടശേഷം മുന്‍വശത്തെ കതക് ചാരിയിട്ട് വീട്ടമ്മ അടുക്കളയിലേക്ക് കയറിപ്പോക്കുകയായിരുന്നു.

എന്നാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ പിന്നാലെ അടുക്കളയിലെത്തിയ യുവാവിനെ കണ്ട് വീട്ടമ്മ സ്തംഭിച്ച ആവസസ്ഥയിലായി. കള്ളനാണെന്നും മോഷ്ടിക്കാനെത്തിയതാണെന്നും അയാള്‍ പറഞ്ഞ് വീട്ടമ്മയുടെ കഴുത്തില്‍ കുത്തിപ്പിടിച്ചു. ഉടന്‍ ബാഗില്‍ കരുതിയിരുന്ന തോക്കെടുത്ത് ചൂണ്ടി മാലയും വളയും ഊരി വാങ്ങുകയും ചെയ്തു. തുടര്‍ന്ന് വീട്ടമ്മയെ മറ്റൊരു മുറിക്കുള്ളിലേക്ക് കൊണ്ടുപോയി തുണി കൊണ്ട് കൈകള്‍ പിന്നില്‍ കെട്ടി വായില്‍ ടൗവ്വല്‍ തിരുകിക്കയറ്റി.

അലമാര തുറപ്പിച്ച്‌ ആഭരണങ്ങള്‍ എടുത്തശേഷം വീട്ടമ്മയെ മുറിയില്‍ പൂട്ടിയിട്ട് പ്രതി രക്ഷപ്പെടുകയായിരുന്നു. വീട്ടമ്മയുടെ കരച്ചില്‍ കേട്ടു ഭര്‍തൃ സഹോദര ഭാര്യ അന്നമ്മ ഓടിയെത്തിയാണ് രക്ഷിച്ചത്. നീല പാന്റും കറുത്ത ഷര്‍ട്ടും ധരിച്ച മെലിഞ്ഞ ആളായിരുന്നു മോഷ്ടാവ് എന്നും അക്രമത്തിനു ഇരയായ ലിസമ്മ പറഞ്ഞു. അതേസമയം സംഭവത്തില്‍ പ്രതിയെക്കുറിച്ച്‌ സൂചന ലഭിച്ചതായി പൊലീസ്. സംഭവം നടന്ന വീടിന് സമീപം സിസിടിവി കാമറകള്‍ ഇല്ലെങ്കിലും അഞ്ചു കിലോമീറ്റര്‍ ചുറ്റളവിലെ കാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ശേഖരിച്ചാണ് പരിശോധന നടക്കുന്നത്.സമാന രീതിയില്‍ കവര്‍ച്ച നടത്തിയവരെക്കുറിച്ചുള്ള അന്വേഷണവും പുരോഗമിക്കുകയാണ്. സംഭവസമയം പ്രദേശത്തുണ്ടായിരുന്ന മൊബൈല്‍ ഫോണുകള്‍ കേന്ദ്രീകരിച്ച്‌ സൈബര്‍ പൊലീസും അന്വേഷണം നടത്തുന്നുണ്ട്. അയര്‍ക്കുന്നം സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ജസ്റ്റിന്‍ ജോണിന്റെ നേതൃത്വത്തില്‍ രണ്ടു സംഘമായി തിരിഞ്ഞാണ് അന്വേഷണം.

Related Articles

Back to top button