KeralaLatest

സ്വർണക്കടത്ത്:  പത്ത് സാക്ഷി വിവരങ്ങൾ അതീവ രഹസ്യം

“Manju”

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ പത്ത് സാക്ഷികളുടെ വിവരങ്ങൾ അതീവ രഹസ്യമാക്കി എൻഐഎ കോടതി. ഇവരുടെ വിശദാംശങ്ങൾ കേസിന്റെ വിധി ന്യായങ്ങളിലും രേഖകളിലും ഉണ്ടാകില്ല. ഉയർന്ന ബന്ധമുള്ള സമ്പന്നരാണ് സ്വർണക്കടത്ത് കേസ് പ്രതികളെന്നും സാക്ഷികളെ ഇവർ ഉപദ്രവിക്കാൻ സാദ്ധ്യതയുണ്ടെന്നും എൻഐഎ കോടതിയിൽ അറിയിച്ചിരുന്നു. എൻഐഎയുടെ ഹർജി അതീവ ഗൗരവമുള്ളതാണെന്ന് ശരിവെച്ച കോടതി പത്ത് പേരെയും സംരക്ഷിത സാക്ഷികളാക്കുകയായിരുന്നു.

സാക്ഷികളുടെ വിവരങ്ങൾ കോടതി പുറത്തുവിടില്ല. കോടതി ഉത്തരവിലും ഉൾപ്പെടുത്തില്ല. കൂടാതെ കേസിലെ പ്രതികൾക്കോ അഭിഭാഷകർക്കോ സാക്ഷികളെ തിരിച്ചറിയാൻ കഴിയുന്ന വിവരങ്ങൾ നൽകില്ല. കോടതിയ്ക്ക് മുന്നിൽ സ്വതന്ത്രമായും വിശ്വസ്തതയോടെയും ഹാജരാകാൻ സാക്ഷികൾക്ക് നിയമത്തിന്റെ പിന്തുണ ആവശ്യമാണെന്ന് എൻഐഎ ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് സംരക്ഷിത സാക്ഷികളാക്കിക്കൊണ്ടുള്ള കോടതി ഉത്തരവ്.

സാക്ഷികളുടെ മൊഴികളും അവരുടെ വ്യക്തിത്വം വെളിപ്പെടുത്താൻ കഴിയുന്ന രേഖകളും കേസുമായി ബന്ധപ്പെട്ട ആർക്കും നൽകില്ലെന്ന് കോടതി ഉത്തരവിട്ടു. വിചാരണ സമയത്ത് സംരക്ഷിത സാക്ഷികളുമായി ബന്ധപ്പെട്ട ഉത്തരവുകൾ പുറപ്പെടുവിക്കുമെന്നും കോടതി പറഞ്ഞു.

2020 ജൂലൈ അഞ്ചിനാണ് തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ചാനൽ വഴി സ്വർണം കടത്തുന്നതായി കസ്റ്റംസ് കണ്ടെത്തിയത്. ഏതാണ്ട് 15 കോടി രൂപ മൂല്യം വരുന്ന സ്വർണമാണ് പിടിച്ചെടുത്തത്. കേസിൽ ആദ്യം അറസ്റ്റിലായത് യുഎഇ കോൺസുലേറ്റിലെ മുൻ പിആർഒ സരിത്താണ്. പിന്നീടാണ് സ്വപ്‌ന സുരേഷ് പിടിയിലായത്. സ്വപ്‌നയ്ക്കും സ്വർണ്ണക്കടത്തുമായി ബന്ധമുണ്ടെന്ന് സരിത്ത് മൊഴി നൽകിയിരുന്നു. കേസിൽ സന്ദീപ് നായരേയും കസ്റ്റഡിയിലെടുത്തു.

കേസിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിന്റെ അറസ്റ്റോടെ സർക്കാർ കൂടുതൽ പ്രതിസന്ധിയിലായിരുന്നു. അഴിമതികൾ ഒന്നൊന്നായി ഉയർന്നതിന് പിന്നാലെ കേന്ദ്ര അന്വേഷണ ഏജൻസികൾ ഒന്നിന് പിറകെ ഒന്നായി കേരളത്തിലേക്കെത്തി. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കസ്റ്റംസും സിബിഐയും എൻഐഎയും ആദായ നികുതി വകുപ്പുമെല്ലാം അന്വേഷണം തുടരുകയാണ്.

Related Articles

Back to top button