KeralaLatest

ഇംഗ്ലീഷ് ഇന്ത്യന്‍ ക്ലേ ലിമിറ്റഡ് തുറക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണം

“Manju”

ഇംഗ്ലീഷ് ഇന്ത്യന്‍ ക്ലേ കമ്പനിയിലെ തൊഴില്‍പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതും മാനേജ്‌മെന്റ് അടച്ചുപൂട്ടിയ വേളി യൂണിറ്റ് തുറന്നു പ്രവര്‍ത്തിപ്പിക്കുന്നതുമായും ബന്ധപ്പെട്ട് മന്ത്രിമാരുടെ സാന്നിധ്യത്തില്‍ മാനേജ്‌മെന്റും ട്രേഡ്‌യൂണിയന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തി. മന്ത്രിമാരായ ഇ പി ജയരാജന്‍, ടി പി രാമകൃഷ്ണന്‍, കടകംപളളി സുരേന്ദ്രന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചര്‍ച്ച. ഫാക്ടറി തുറക്കാനും തൊഴിലാളികള്‍ക്ക് ലേ ഓഫ് നഷ്ടപരിഹാരം നല്‍കാനും ദീര്‍ഘകാല കരാര്‍ നടപ്പാക്കാനും അടിയന്തര നടപടി സ്വീകരിക്കണമെന്ന് മന്ത്രിമാര്‍ നിര്‍ദ്ദേശിച്ചു. ഇതുമായി ബന്ധപ്പെട്ട് ജനുവരി 20ന് വൈകീട്ട് ആറിന് കമ്പനി സിഇഒയുടെ സാന്നിധ്യത്തില്‍ വീണ്ടും ചര്‍ച്ച നടത്തും.
ഫാക്ടറി പ്രവര്‍ത്തനം ഉടന്‍ പുനരാരംഭിക്കണമെന്ന് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ശക്തമായ നിലപാട് സ്വീകരിക്കും. ഇതുസംബന്ധിച്ച് മുമ്പും ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. സ്ഥാപനം തുറന്നു പ്രവര്‍ത്തിപ്പിക്കാനുള്ള നിര്‍ദ്ദേശങ്ങളാണ് സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നത്. തൊഴില്‍പരമായ കാര്യങ്ങള്‍ രമ്യമായി പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. തൊഴില്‍നിയമങ്ങള്‍ പാലിക്കാന്‍ മാനേജ്‌മെന്റ് തയ്യാറാകണം. ഫാക്ടറി തുറന്നുപ്രവര്‍ത്തിപ്പിക്കാനാവശ്യമായ എല്ലാ പിന്തുണയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകും.

കമ്പനിയുടെ സുഗമമായ നടത്തിപ്പിന് മാനേജ്‌മെന്റ് ശ്രമിക്കണമെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു. തൊഴിലാളികളുടെ അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നത് സര്‍ക്കാരിന് അംഗീകരിക്കാനാവില്ലെന്ന് മന്ത്രി വ്യക്തമാക്കി. അടിയന്തരപ്രശ്‌നപരിഹാരത്തിന് മാനേജ്‌മെന്റ് തയ്യാറാകണമെന്ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. സ്ഥാപനം തുറക്കാന്‍ തയ്യാറാകുന്നില്ലെങ്കില്‍ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രിമാര്‍ വ്യക്തമാക്കി. കമ്പനി പ്രതിനിധികളുടെ അഭ്യര്‍ഥനപ്രകാരമാണ് സിഇഒ കൂടി പങ്കെടുത്ത് 20ന് വീണ്ടും ചര്‍ച്ച നടത്താന്‍ തീരുമാനിച്ചത്. 20ന് അന്തിമതീരുമാനം അറിയിക്കണമെന്ന് മന്ത്രിമാര്‍ മാനേജ്‌മെന്റിനോട് നിര്‍ദ്ദേശിച്ചു.
സെക്രട്ടേറിയറ്റില്‍ നടന്ന ചര്‍ച്ചയില്‍ ലേബര്‍ കമ്മീഷണര്‍ പ്രണബ് ജ്യോതിനാഥ് ഐഎഎസ്, അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍മാരായ ശ്രീ ശ്രീലാല്‍ (എന്‍ഫോഴ്സ്മെന്റ് )ശ്രീ സുനില്‍ (ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് )എന്നിവരോടൊപ്പം ട്രേഡ്‌യൂണിയന്‍ പ്രതിനിധികളായി എസ്.എസ്.പോറ്റി ,ഡി. മോഹനന്‍ ,രത്നകുമാര്‍ (സി ഐ ടി യു) , അഡ്വ.എം.എ വാഹിദ് ,യു.രാധാകൃഷ്ണന്‍ ,മണക്കാട് ചന്ദ്രന്‍കുട്ടി (ഐഎന്‍ടിയുസി) ,രാധാകൃഷ്ണന്‍ ,ബൈജു, കെ ജയകുമാര്‍ (ബി എം എസ് ) തുടങ്ങിയവരും പങ്കെടുത്തു.

Related Articles

Back to top button