IndiaLatest

ആദ്യത്തെ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

“Manju”

ഇറ്റാനഗര്‍: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ആദ്യത്തെ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി. അരുണാചല്‍പ്രദേശിലെ ഇറ്റാനഗറില്‍ നിര്‍മാണം പൂര്‍ത്തിയായ ഡോണി പോളോ വിമാനത്താവളമാണ് പ്രധാനമന്ത്രി നാടിനായി സമര്‍പ്പിച്ചത്. ഇതോടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ എയര്‍പോര്‍ട്ടുകളുടെ എണ്ണം 16 ആയി.

അരുണാചല്‍ പ്രദേശിന്റെ സംസ്‌കാരവും പൈതൃകവും വിളിച്ചോതുന്ന പേരാണ് വിമാനത്താവളത്തിന് നല്‍കിയിരിക്കുന്നത്. ഡോളി പോളോ എന്നാല്‍ സൂര്യനും ചന്ദ്രനുമെന്നാണ് അര്‍ത്ഥം. അരുണാചലിലെ മൂന്നാമത്തെ എയര്‍പോര്‍ട്ടാണ് ഡോണി പോളോ. വിമാനത്താവളം യാഥാര്‍ത്ഥ്യമായതോടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ എല്ലാ തലസ്ഥാന നഗരങ്ങളിലും ഇപ്പോള്‍ എയര്‍പോര്‍ട്ടുകള്‍ ആയി കഴിഞ്ഞു. നേരത്തെ ഇറ്റാനഗറിലുള്ള ജനങ്ങള്‍ 6 മുതല്‍ 10 മണിക്കൂര്‍ വരെ യാത്ര ചെയ്താണ് മറ്റ് വിമാനത്താവളങ്ങളിലേക്ക് എത്തിയിരുന്നത്.

2,300 മീറ്റര്‍ നീളമുള്ള റണ്‍വേയാണ് വിമാനത്താവളത്തില്‍ സജ്ജീകരിച്ചിട്ടുള്ളത്. ബോയിംഗ് 747 ഉള്‍പ്പെടെ വലിയ വിമാനങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഇവിടെ സാധിക്കും. 640 കോടി രൂപ ചിലവില്‍ 690 ഏക്കര്‍ ഭൂമിയിലാണ് വിമാനത്താവളം സ്ഥാപിച്ചിരിക്കുന്നത്. മണിക്കൂറില്‍ 200 യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള സംവിധാനം വിമാനത്താവളത്തിലുണ്ട്.

2019 ഫെബ്രുവരിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയായിരുന്നു വിമാനത്താവള നിര്‍മാണത്തിനായി തറക്കല്ലിട്ടത്. കൊറോണ മഹാമാരിയെ തുടര്‍ന്നുണ്ടായ വെല്ലുവിളികള്‍ക്കിടയിലും വളരെ കുറഞ്ഞ സമയം കൊണ്ട് നിര്‍മാണം പൂര്‍ത്തിയായി. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ യാഥാര്‍ത്ഥ്യമാകുന്ന ഏഴാമത്തെ എയര്‍പോര്‍ട്ടാണിത്.

Related Articles

Back to top button