Sports

പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ, പിടിച്ചുകെട്ടാൻ ഇംഗ്ലണ്ട്; നിർണായകമായ നാലാം ടെസ്റ്റ് നാളെ

“Manju”

അഹമ്മദാബാദ്: ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിലെ നിർണായകമായ നാലാം ടെസ്റ്റ് നാളെ. പരമ്പരയിൽ 2-1ന് മുന്നിട്ട് നിൽക്കുന്ന ഇന്ത്യയ്ക്കും സമനില പിടിക്കാനൊരുങ്ങുന്ന ഇംഗ്ലണ്ടിനും വിജയം നിർണായകമാണ്. നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് മത്സരം നടക്കുക.

പരമ്പരയിലെ ആദ്യ മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും തുടർച്ചയായ രണ്ട് വിജയങ്ങളുമായി ഇന്ത്യ വൻ തിരിച്ചുവരവാണ് നടത്തിയത്. നരേന്ദ്ര മോദി സ്‌റ്റേഡിയത്തിൽ നടന്ന മൂന്നാം ടെസ്റ്റിൽ രണ്ട് ദിവസം പൂർത്തിയാകും മുൻപേ സന്ദർശകർ അടിയറവ് പറഞ്ഞിരുന്നു. ഇതോടെ, പിച്ചിനെ അനുകൂലിച്ചും പ്രതികൂലിച്ചും വിദഗ്ധർ ഉൾപ്പെടെ നിരവധിയാളുകൾ രംഗത്തെത്തി. സ്പിന്നിനെ അകമഴിഞ്ഞ് സഹായിക്കുന്ന പിച്ചിൽ അശ്വിനും അക്ഷറിനും മുന്നിൽ ഇംഗ്ലണ്ട് ബാറ്റ്‌സ്മാൻ കറങ്ങി വീണു. പൊടി നിറഞ്ഞ പിച്ചിൽ പോരായ്മകൾ പരിഹരിച്ച് ഇറങ്ങാൻ ഇംഗ്ലണ്ട് കച്ചകെട്ടുമ്പോൾ ആയുധങ്ങൾക്ക് മൂർച്ചകൂട്ടാനുള്ള ശ്രമത്തിലാണ് ഇന്ത്യൻ ക്യാമ്പ്.

അതേസമയം, ഒന്നാം ടെസ്റ്റിലെ തോൽവി ഇന്ത്യയ്ക്ക് ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ തിരിച്ചടിയായിരുന്നു. എന്നാൽ രണ്ടും മൂന്നും ടെസ്റ്റുകളിലെ മിന്നും വിജയങ്ങളാണ് ഇന്ത്യയെ വീണ്ടും ടെസ്റ്റ് ചാമ്പ്യൻഷിപ്പിലേയ്ക്ക് ശക്തമായി തിരിച്ചുകൊണ്ടുവന്നത്. മൂന്നാം ടെസ്റ്റിൽ 10 വിക്കറ്റിനാണ് ഇന്ത്യ ഇംഗ്ലണ്ടിനെ തകർത്തത്. ഇതോടെ ഇംഗ്ലണ്ടിന്റെ പോയിന്റ് 64.1 ആയി കുറഞ്ഞു.

70 പോയിന്റുമായി ന്യൂസിലൻഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് യോഗ്യത നേടിക്കഴിഞ്ഞു. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ അവസാന മത്സരത്തിൽ ജയമോ സമനിലയോ സ്വന്തമാക്കാനായാൽ ഇന്ത്യ ഫൈനൽ ഉറപ്പിക്കും. ഇന്ത്യ പരാജയപ്പെട്ടാൽ 69.1 പോയിന്റുമായി മൂന്നാമതുള്ള ഓസ്ട്രേലിയ ഫൈനലിലെത്തും. ജൂൺ 18നാണ് ഫൈനൽ നടക്കുക.

Related Articles

Back to top button