KeralaLatest

രാജാ രവിവര്‍മ്മ ആര്‍ട്ട് ഗ്യാലറി യാഥാര്‍ത്ഥ്യമാകുന്നു

“Manju”

രാജാ രവിവര്‍മ്മ ആര്‍ട്ട് ഗ്യാലറി യാഥാര്‍ത്ഥ്യമാകുന്നു

ശ്രീജ.എസ്

തിരുവനന്തപുരം: ഭാരതീയ ചിത്രകലയെ വിശ്വപ്രസിദ്ധിയില്‍ എത്തിച്ച രാജാ രവിവര്‍മ്മയുടെ ചിരകാല സ്വപ്നത്തിന് നിറംപകര്‍ന്ന് സ്വന്തം നാട്ടില്‍ പുതിയ ആര്‍ട്ട് ഗ്യാലറി ഉയരുന്നു. തിരുവനന്തപുരം മ്യൂസിയം വളപ്പിലുള്ള ശ്രീചിത്രാ ആര്‍ട്ട് ഗ്യാലറിയോട് ചേര്‍ന്നാണ് രാജാ രവിവര്‍മ്മയുടെ അതുല്യമായ സൃഷ്ടികള്‍ കോര്‍ത്തിണക്കി ആര്‍ട്ട് ഗ്യാലറി ആരംഭിക്കുന്നത്. രാജാ രവിവര്‍മ്മയുടെ ലോക പ്രശസ്തമായ ചിത്രങ്ങള്‍ ശാസ്ത്രീയമായി സംരക്ഷിച്ച്‌ പ്രദര്‍ശിപ്പിക്കുകയാണ് പുതിയ ആര്‍ട്ട് ഗ്യാലറിയുടെ ലക്ഷ്യം.

ശ്രീചിത്രാ ആര്‍ട്ട് ഗ്യാലറിയില്‍ സൂക്ഷിച്ചിരിക്കുന്ന 43 രവിവര്‍മ്മ ചിത്രങ്ങളും രവിവര്‍മ്മ സ്‌കൂള്‍ ഓഫ് ആര്‍ട്‌സിന്റെ ചിത്രങ്ങളുമാണ് അന്താരാഷ്ട്ര നിലവാരത്തില്‍ ആധുനിക സൗകര്യങ്ങളോടുകൂടിയ രാജാ രവിവര്‍മ്മ ആര്‍ട്ട് ഗ്യാലറിയിലേക്ക് മാറ്റുന്നത്. 150 ലേറെ ചിത്രങ്ങളാണ് ആര്‍ട്ട് ഗ്യാലറിയില്‍ പ്രദര്‍ശനത്തിനായി ഒരുക്കുന്നത്.

ഒന്‍പത് കോടി രൂപ ചെലവഴിച്ചാണ് ആര്‍ട്ട് ഗ്യാലറി യാഥാര്‍ത്ഥ്യമാക്കുന്നത്. മ്യൂസിയം വളപ്പിലെ മറ്റു കെട്ടിടങ്ങളുടെ ഘടനയോട് ചേര്‍ന്നു പോകുന്ന രീതിയില്‍ പാരമ്പരാഗത തനിമ നിലനിര്‍ത്തിയാണ് കെട്ടിടം നിര്‍മ്മിക്കുന്നത്. ഇരുനിലകളിലായി 10,056 ചതുരശ്ര അടിയില്‍ നിര്‍മിക്കുന്ന ആര്‍ട്ട് ഗ്യാലറിയില്‍ എക്‌സിബിഷന്‍ ഹാള്‍ കോണ്‍സെര്‍വഷന്‍ ഫെസിലിറ്റി എന്നിവയാണ് സജ്ജീകരിച്ചിക്കുന്നത്.

മെയ് മാസത്തോടു കൂടി നിര്‍മാണം പൂര്‍ത്തിയാക്കും. സര്‍ക്കാര്‍ നോഡല്‍ ഏജന്‍സിയായ കേരളാ മ്യൂസിയമാണ് പദ്ധതി തയ്യാറാക്കിയത്. വര്‍ണങ്ങള്‍ കൊണ്ട് സാമ്രാജ്യം തീര്‍ത്ത് ചിത്രകലയിലൂടെ ജീവിത സാക്ഷത്കാരം കൈവരിച്ച മഹാനായ പ്രതിഭയ്ക്ക് നല്‍കുന്ന ഉചിതമായ സ്മരണാഞ്ജലിയാണ് പുതിയ ആര്‍ട്ട് ഗ്യാലറി.

Related Articles

Back to top button