IndiaKeralaLatestThiruvananthapuram

കെ. എസ്. ചിത്രയ്ക്ക് പത്മഭൂഷണ്‍; എസ്പിബിക്ക് പത്മവിഭൂഷണ്‍; കൈതപ്രത്തിന് പത്മശ്രീ

“Manju”

ന്യൂഡല്‍ഹി : ഗായിക കെ.എസ്. ചിത്രയ്ക്കു പത്മഭൂഷണ്‍. ഗായകന്‍ എസ്.പി. ബാലസുബ്രഹ്മണ്യത്തിനു മരണാനന്തര അംഗീകാരമായി പത്മവിഭൂഷണ്‍ ലഭിച്ചു. കേരളത്തില്‍നിന്നു കവിയും ഗാനരചയിതാവും സംഗീതസംവിധായകനുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി, പി.ടി. ഉഷയുടെ പരിശീലകനായിരുന്ന അത്‌ലറ്റിക് കോച്ച് ഒ.എം. നമ്പ്യാര്‍, തോല്‍പാവക്കൂത്തു കലാകാരന്‍ കെ.കെ. രാമചന്ദ്ര പുലവര്‍, ബാലന്‍ പൂതേരി (സാഹിത്യം), ഡോ. ധനഞ്ജയ് ദിവാകര്‍ സദ്‌ദേവ് (വൈദ്യശാസ്ത്രം) എന്നിവര്‍ക്കും ലക്ഷദ്വീപില്‍നിന്നു സമുദ്രഗവേഷകന്‍ അലി മണിക്ഫാനും പത്മശ്രീ ലഭിച്ചു.

ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ, ഹൃദ്രോഗ വിദഗ്ധന്‍ ഡോ. ബി.എം. ഹെഗ്‌ഡെ, ഇസ്‌ലാമിക പണ്ഡിതന്‍ മൗലാന വഹീദുദ്ദീന്‍ ഖാന്‍ എന്നിവടക്കം 7 പേര്‍ക്കാണു പത്മവിഭൂഷണ്‍. ലോക്‌സഭാ മുന്‍ സ്പീക്കര്‍ സുമിത്ര മഹാജന്‍, കന്നഡ സാഹിത്യകാരന്‍ ചന്ദ്രശേഖര കമ്പാര്‍ എന്നിവരടക്കം 10 പേര്‍ക്കു പത്മഭൂഷണ്‍. അസം മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ്, ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി കേശുഭായ് പട്ടേല്‍, മുന്‍ കേന്ദ്രമന്ത്രി റാം വിലാസ് പാസ്വാന്‍ എന്നിവര്‍ക്കു മരണാനന്തര ബഹുമതിയായി പത്മഭൂഷണ്‍ ലഭിച്ചു.

ചിത്രയ്ക്കു 2005ല്‍ പത്മശ്രീ ലഭിച്ചിരുന്നു. മികച്ച ഗായികയ്ക്കുള്ള ദേശീയ അവാര്‍ഡ് ആറു തവണയും കേരള സംസ്ഥാന അവാര്‍ഡ് 16 തവണയും ലഭിച്ചു. കൈതപ്രം ദാമോദരന്‍ നമ്പൂതിരി (70) നാനൂറിലേറെ സിനിമകള്‍ക്കായി ആയിരത്തിലേറെ ഗാനങ്ങള്‍ രചിച്ചു. ഒ.എം.നമ്പ്യാര്‍ 32 വര്‍ഷം കേരളത്തിന്റെ അത്‌ലറ്റിക് കോച്ചായിരുന്നു. ആദ്യ ദ്രോണാചാര്യ അവാര്‍ഡ് ജേതാവാണ് (1985). പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ ജോലി ഉപേക്ഷിച്ചു തോല്‍പാവക്കൂത്തിനായി ജീവിതം സമര്‍പ്പിച്ച രാമചന്ദ്ര പുലവര്‍ പാലക്കാട് ഷൊര്‍ണൂര്‍ സ്വദേശിയാണ്. മലപ്പുറം കരിപ്പൂര്‍ സ്വദേശിയായ ബാലന്‍ പുതേരി ആദ്യ പുസ്തകമായ ‘ക്ഷേത്രാരാധന’ (1983) മുതല്‍ ഇതുവരെ 214 പുസ്തകങ്ങള്‍ രചിച്ചു. ജന്മനാ കാഴ്ചപരിമിതികളുണ്ടായിരുന്ന അദ്ദേഹം 2001ല്‍ കാഴ്ചശക്തി പൂര്‍ണമായി നഷ്ടപ്പെട്ടശേഷമാണ് നൂറോളം പുസ്തകങ്ങളും എഴുതിയത്. മഹാരാഷ്ട്ര നാഗ്പുര്‍ സ്വദേശിയായ ഡോ. ധനഞ്ജയ് ദിവാകര്‍ സഖ്‌ദേവ് വയനാട്ടിലെ ആദിവാസി മേഖലയില്‍ സേവനമനുഷ്ഠിക്കുന്നു.

ഗായിക ബോംബെ ജയശ്രീ, ഗോവ മുന്‍ ഗവര്‍ണര്‍ മൃദുല സിന്‍ഹ, നാടക സംവിധായകന്‍ പീറ്റര്‍ ബ്രൂക്, ബംഗ്ലദേശില്‍ നിന്നുള്ള ലഫ്. കേണല്‍ ഖ്വാസി സജ്ജാദ് അലി സാഹിര്‍, സ്‌പെയിനിലെ ജസ്വിറ്റ് വൈദികന്‍ ഫാ. കാര്‍ലേസ് ഗോണ്‍സാല്‍വസ് (മരണാനന്തരം), ഗ്രീസില്‍ നിന്ന് ഇന്ത്യയെക്കുറിച്ചു വിഖ്യാത പഠനങ്ങള്‍ നടത്തിയ നിക്കോളാസ് കസാനാസ് എന്നിവരടക്കം 102 പേര്‍ക്കാണു പത്മശ്രീ പുരസ്‌കാരം.

Related Articles

Back to top button