IndiaKeralaLatest

രാജി കത്തുമായി വന്ന തൊഴിലാളിക്ക് മര്‍ദ്ദനം

“Manju”

കരുനാഗപ്പള്ളി: ജോലി രാജി വയ്ക്കാനായി എത്തിയ ആശുപത്രി ജീവനക്കാരനെ ആശുപത്രി ഡയറക്ടറും ആംബുലന്‍സ് ഡ്രൈവറും ചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി. കരുനാഗപ്പള്ളി വലിയത്ത് ആശുപത്രിയിലെ റിസപ്ഷനിസ്റ്റായ കാട്ടില്‍ക്കടവ് ആദിനാട് മീനത്തേരില്‍ രാജേഷി(25)നെയാണ് ആശുപത്രി മാനേജിങ് ഡയറക്ടര്‍ സിനോജ് ഇബ്രാഹിം കുട്ടിയും ആംബുലന്‍സ് ഡ്രൈവര്‍ പ്രവീണും ചേര്‍ന്ന് മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തില്‍ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രാജേഷ് താലൂക്കാശുപത്രിയില്‍ ചികിത്സ തേടി.
ഇന്ന് ഉച്ചയ്ക്ക് 3 മണിയോടെയായിരുന്നു സംഭവം. സ്ഥിരമായി രാത്രി ഡ്യൂട്ടി ചെയ്തു വരികയായിരുന്ന രാജേഷ് ശാരീരിക അസ്വസ്ഥതകള്‍മൂലം ജോലി രാജിവയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇന്ന് ഉച്ചയോടെ രാജിക്കത്തുമായി ആശുപത്രിയിലെത്തിയപ്പോള്‍ ഡയറക്ടര്‍ സിനോജ് മുറിയിലേക്ക് വിളിച്ചു വരുത്തുകയും ഇരുവരും തമ്മില്‍ വാക്കു തര്‍ക്കമുണ്ടാവുകയും രാജേഷിനെ മര്‍ദ്ദിക്കുകയുമായിരുന്നു. അതിക്രൂരമായാണ് മര്‍ദ്ദിച്ചത് എന്ന് കരുനാഗപ്പള്ളി പൊലീസിന് നല്‍കിയ പരാതിയില്‍ രാജേഷ് പറയുന്നു.
കഴിഞ്ഞ ഒരു വര്‍ഷമായി സ്ഥിരമായി രാത്രി ഡ്യൂട്ടി ചെയ്യുകയാണ് രാജേഷ്. 9,000 രൂപയായിരുന്നു ശമ്ബളം. ഇതിനിടയില്‍ ജോലി രാജി വച്ചെങ്കിലും പകരം മറ്റൊരാളെ കിട്ടാതിരുന്നതിനാല്‍ രാജേഷിനെ ശമ്ബളം കൂട്ടി നല്‍കാമെന്ന് പറഞ്ഞ് ജോലിക്കെടുത്തു. ഷിഫ്റ്റ് ഡ്യൂട്ടിയാകും എന്ന് കരുതിയാണ് രാജേഷ് വീണ്ടും ജോലിയില്‍ പ്രവേശിച്ചത്. എന്നാല്‍ തനിച്ചായിരുന്നു ഡ്യൂട്ടി. ആശുപത്രിയിലേക്ക് രാത്രിയില്‍ വരുന്ന ഫോണ്‍കോളുകള്‍ക്ക് മറുപടി പറയണം, രോഗികളുടെ വിവരങ്ങള്‍ ശേഖരിച്ച്‌ കംപ്യൂട്ടറില്‍ രേഖപ്പെടുത്തണം തുടങ്ങി നിന്നു തിരിയാന്‍ പറ്റാത്തത്ര തിരക്ക്. ഇതോടു കൂടി കഴിഞ്ഞ 29ന് ഡ്യൂട്ടി കഴിഞ്ഞപ്പോള്‍ 30ന് കൂടി ജോലിക്ക് എത്തുകയുള്ളൂ എന്ന് പറഞ്ഞിരുന്നു. 31 ന് ജോലിക്കെത്തിയിരുന്നില്ല. അന്ന് രാത്രിയില്‍ ഡ്യൂട്ടിക്ക് ആളെ കിട്ടാതായതോടെ രാജേഷിനെ വിളിച്ചെങ്കിലും പോയില്ല. തുടര്‍ന്നാണ് ഇന്ന് ഉച്ചയോടെ രാജിക്കത്തുമായി എത്തിയത്.
മാനേജിങ് ഡയറക്ടറെ കാണാനാണ് നിര്‍ദ്ദേശം നല്‍കിയത്. മാനേജിങ് ഡയറക്ടര്‍ സിനോജിന്റെ മുറിയില്‍ കയറിയപ്പോള്‍ കഴിഞ്ഞ ദിവസം വാരാതിരുന്നതെന്താണ് എന്ന് ചോദിച്ച്‌ കേട്ടാലറക്കുന്ന അസഭ്യം പറയാന്‍ തുടങ്ങി. ചീത്ത വിളിക്കരുതെന്ന് പറഞ്ഞപ്പോള്‍ വിളിച്ചാല്‍ നീ എന്ത് ചെയ്യുമെന്ന് ചോദിച്ച്‌ കഴുത്തിന് പിടിക്കുകയും തല്ലുകയുമായിരുന്നു. പിടിച്ചു തള്ളിയതിന് ശേഷം അപകടത്തില്‍പെട്ട് കമ്ബി ഇട്ടിരുന്ന കാലില്‍ ചവിട്ടുകയും ചെയ്തു. ഈ സമയം അവിടെയുണ്ടായിരുന്ന ആംബുലന്‍സ് ഡ്രൈവര്‍ പ്രവീണ്‍ രാജേഷിനെ അലമാരയോട് ചേര്‍ത്ത് നിര്‍ത്തി അതി ക്രൂരമായി ശരീരമാസകലം മര്‍ദ്ദിക്കുകയായിരുന്നു.
ജോലി ചെയ്ത ശമ്ബളമോ മറ്റാനുകൂല്യമോ തരില്ല എന്നും പറഞ്ഞ് ആശുപത്രിയില്‍ നിന്നും പറഞ്ഞ് വിട്ടു. തുടര്‍ന്നാണ് രാജേഷ് താലൂക്കാശുപത്രിയില്‍ ചികിത്സ തേടിയത്. വൈദ്യ പരിശോധനയില്‍ നടുവിന് ചതവുള്ളതായി എക്സറേയില്‍ കണ്ടെത്തി. തുടര്‍ന്ന് പ്രാഥമിക ചികിത്സ നല്‍കി വിശ്രമിക്കാന്‍ നിര്‍ദ്ദേശം നല്‍കി. മര്‍ദ്ദന വിവരം ചൂണ്ടിക്കാട്ടി കരുനാഗപ്പള്ളി പൊലീസിന് രാജേഷ് പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ആശുപത്രിയിലെത്തി മൊഴി രേഖപ്പെടുത്തി. നാളെ സ്റ്റേഷനിലേക്ക് എത്തണമെന്ന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.
അതേ സമയം രാജേഷിനെ മര്‍ദ്ദിച്ചിട്ടില്ല എന്നാണ് മാനേജിങ് ഡയറക്ടര്‍ സിനോജ് ഇബ്രാഹിം കുട്ടി പറയുന്നത്. രാജിക്കത്തുമായെത്തിയപ്പോള്‍ ചില സംസാരങ്ങള്‍ ഉണ്ടായി. അത് വാക്കു തര്‍ക്കത്തിലേക്കു പോയപ്പോള്‍ തന്നെ രാജേഷ് അസഭ്യം പറഞ്ഞെന്നും അപ്പോള്‍ ചെറിയ ഉന്തും തള്ളും മാത്രമാണ് ഉണ്ടായതെന്നും സിനോജ് പറഞ്ഞു.

Related Articles

Back to top button