AlappuzhaKeralaLatest

ആലപ്പുഴ ബൈപാസിൽ വിള്ളൽ, ഉന്നത ഉദ്യോഗസ്ഥര്‍ പരിശോധിച്ചു.

“Manju”

ആലപ്പുഴ ∙ ബൈപാസ് തുറന്നതിനു പിന്നാലെ മാളികമുക്കിലെ അടിപ്പാതയ്ക്കു മുകളിൽ കണ്ടെത്തിയ വിള്ളൽ ദേശീയപാത ചീഫ് എൻജിനീയറുടെ നേതൃത്വത്തിൽ പരിശോധിച്ചു. ബൈപാസിനു തകരാറില്ലെന്നാണു ഉന്നത ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. ഇപ്പോഴുള്ള വിള്ളലുകൾ വലുതാകുന്നുണ്ടോ എന്ന് 2 ആഴ്ച നിരീക്ഷിക്കും. പ്രോഫോമീറ്റർ എന്ന ഉപകരണം ഉപയോഗിച്ചുള്ള പരിശോധനയാണ് നടത്തിയത്. ബൈപാസ് തുറക്കുന്നതിനു മുന്നോടിയായി ഭാര പരിശോധന നടത്തിയ ഉദ്യോഗസ്ഥർ തന്നെയാണ് പരിശോധനയ്ക്ക് എത്തിയത്.

വ്യാഴാഴ്ച ഉച്ചയോടെ ആരംഭിച്ച പരിശോധന മൂന്നു മണിക്കൂറോളം നീണ്ടു. 2 പതിറ്റാണ്ട് മുൻപ് ബൈപാസിന്റെ ഒന്നാം ഘട്ടത്തിൽ നിർമിച്ച ഭാഗമാണിത്. മാളികമുക്കിൽ നിർമിച്ച 2 അടിപ്പാതകളിൽ വടക്കേ അടിപ്പാതയുടെ കോൺക്രീറ്റിനു താഴെയാണ് കഴിഞ്ഞ ദിവസം നാട്ടുകാർ വിള്ളൽ കണ്ടത്. അന്നുതന്നെ ദേശീയപാത വിഭാഗം പ്രാഥമിക പരിശോധന നടത്തിയിരുന്നു. പെയിന്റ് ഇളകിയതാണെന്നായിരുന്നു പരിശോധനയ്ക്കുശേഷം ഉദ്യോഗസ്ഥർ പറഞ്ഞത്. നൂൽ പോലുള്ള വിള്ളൽ പിന്നീട് സമീപ ഭാഗങ്ങളിലും കണ്ടെത്തിയതോടെയാണ് ദേശീയപാത വിഭാഗം വിദഗ്ധ പരിശോധന നടത്തിയത്.

തിരുവനന്തപുരത്തുനിന്നെത്തിയ ചീഫ് എൻജിനീയർ എം.അശോക് കുമാർ, ആലപ്പുഴ എക്സിക്യൂട്ടിവ് എൻജിനീയർ ആർ.അനിൽകുമാർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന. 5 മീറ്ററോളം നീളത്തിൽ ഒറ്റ വിള്ളൽ കണ്ടെത്തിയിട്ടുണ്ട്. ചെറുവിള്ളലുകൾ നാലെണ്ണമുണ്ട്. സമൂഹ മാധ്യമങ്ങളിൽ ബൈപാസ് വിള്ളൽ ചർച്ചയാവുകയും പാലാരിവട്ടം പാലവുമായി ബന്ധപ്പെടുത്തി ട്രോളുകൾ വരുകയും ചെയ്തിരുന്നു.

കോൺക്രീറ്റിലെ വിള്ളൽ അതിവേഗത്തിൽ കണ്ടെത്തുന്ന നവീന ഉപകരണമാണ് പ്രോഫോമീറ്റർ. മനുഷ്യശരീരത്തിൽ സ്കാനിങ് നടത്തുന്നതുപോലെ കോൺക്രീറ്റിനുള്ളിലെ പരിശോധനയാണ് ഇതു നടത്തുന്നത്. കോൺക്രീറ്റ് തുരന്നു പരിശോധിക്കുന്ന പഴയ രീതി ഒഴിവാക്കാനാണ് പ്രോഫോമീറ്റർ ഉപയോഗിക്കുന്നത്. ഉള്ളിൽ ഇരുമ്പുകമ്പിയുള്ള ഭാഗവും ഇല്ലാത്ത ഭാഗവും പരിശോധനയിൽ തിരിച്ചറിയാം. കമ്പിയുള്ള ഭാഗത്തെത്തുമ്പോൾ ചുവന്ന ലൈറ്റ് തെളിയും. അവിടം അടയാളപ്പെടുത്തി 2 ആഴ്ച നിരീക്ഷിക്കുമ്പോൾ വിള്ളൽ കൂടുന്നുണ്ടോ എന്നു മനസ്സിലാക്കാം.

Related Articles

Back to top button