IndiaKeralaLatest

രണ്ടു സര്‍ക്കാറും തമ്മിലുള്ള വ്യത്യാസമെന്താണ്? വിമര്‍ശനവുമായി ചാമക്കാല

“Manju”

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ പിന്‍വാതില്‍ നിയമനം നടത്തുന്നു എന്നാരോപിച്ച്‌ ഉദ്യോഗാര്‍ത്ഥികള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിയ സമരത്തിലെ ചിത്രം വൈറലാവുകയാണ്. സമരത്തില്‍ പങ്കെടുത്ത ലയ എന്ന ഉദ്യോഗാര്‍ത്ഥി കരയുന്ന ചിത്രമാണ് വൈറലാകുന്നത്. സംഭവത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച്‌ രംഗത്ത് വന്നിരിക്കുകയാണ് ജ്യോതികുമാര്‍ ചാമക്കാല..

ജ്യോതികുമാര്‍ ചാമക്കാലയുടെ കുറിപ്പ്: ” രണ്ടു സര്‍ക്കാറുകള്‍ രണ്ട് സമരങ്ങള്‍, ഏകാധിപത്യ സ്വഭാവമുള്ള രണ്ട് സര്‍ക്കാറുകള്‍ രണ്ട് അവകാശ സമരങ്ങളെ നേരിടുന്ന രീതി താരതമ്യ പഠനത്തിന് വിധേയമാക്കണമെന്ന് തോന്നുന്നു. രാജ്യതലസ്ഥാനത്ത്, ഡല്‍ഹിയുടെ അതിര്‍ത്തിയില്‍ കര്‍ഷക പോരാളികള്‍ സമരം തുടങ്ങിയിട്ട് ഇന്നേക്ക് 75 നാള്‍ പൂര്‍ത്തിയായി. സമരം എന്തിന് ചെയ്യുന്നുവെന്ന് ചോദിച്ച്‌ സമരക്കാരെ പരിഹസിക്കുകയും അവരെ അവഗണിക്കുകയും അവരുടെ ജീവിത പ്രശ്‌നങ്ങളോട് മുഖം തിരിക്കുകയുമാണ് മോദി സര്‍ക്കാര്‍.

ഇന്ന് പാര്‍ലമെന്റില്‍ മോദി നടത്തിയ പ്രസംഗം കേട്ടാല്‍ മനസ്സിലാവും, എത്ര ലാഘവത്തോടെയാണ് അദ്ദേഹം രാജ്യത്തിന്റെ അന്നദാതാക്കളെ നോക്കികാണുന്നതെന്ന്. കൊടും ശൈത്യത്തില്‍ അവര്‍ സമരം തുടരുകയാണ്. ഇനി ഇങ്ങോട്ട് വന്നാലോ. കേരളത്തിന്റെ തെരുവില്‍ വിശിഷ്യാ തലസ്ഥാന നഗരത്തില്‍, സെക്രട്ടറിയേറ്റിന് മുമ്പില്‍ ദിവസങ്ങളായി ഒരുപറ്റം യുവജനങ്ങള്‍ സമരത്തിലാണ്. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ കൊടിയുമേന്തി വന്നവരല്ല അവര്‍.

വര്‍ഷങ്ങളോളം പഠിച്ച്‌ ഒരു സര്‍ക്കാര്‍ ജോലി കിനാവു കാണുന്ന, ഏതെല്ലാമോ കുടുംബങ്ങളുടെ താങ്ങും തണലുമാവേണ്ടവരാണ് അവരെല്ലാം. ഉദ്യോഗാര്‍ത്ഥികളെന്ന, അഭ്യസ്ത വിദ്യരെന്ന് നാം ഓമനപേരിട്ട് വിളിക്കുന്ന ഹതഭാഗ്യര്‍. അവര്‍ സമരം തുടരുമ്പോഴും കേരള സര്‍ക്കാര്‍ തിരിഞ്ഞുനോക്കുന്നില്ല. അനധികൃത നിയമനങ്ങളുടെ മഹാപ്രളയമാണ് കേരളത്തിലെങ്ങും. സ്വന്തക്കാരും ബന്ധുക്കളും ഇഷ്ടക്കാരും സര്‍ക്കാര്‍ സര്‍വീസില്‍ പിന്‍വാതിലിലൂടെ ജോലിയില്‍ കയറിപ്പറ്റുമ്പോള്‍, ആ പാവങ്ങള്‍ തിരുവനന്തപുരത്തെ തെരുവിലിരുന്ന് ഭരണസിരാ കേന്ദ്രത്തിന് മുമ്പില്‍ മുദ്രാവാക്യം വിളിക്കുകയാണ്.

ഇനി നിങ്ങള്‍ പറയൂ, മോദി സര്‍ക്കാറും പിണറായി സര്‍ക്കാറും തമ്മിലുള്ള വ്യത്യാസമെന്താണ്? ഏകാധിപത്യ, ഫാസിസ്റ്റ് മുഖമുള്ള രണ്ട് ഭരണകര്‍ത്താക്കള്‍ നമ്മെ എവിടെക്കൊണ്ടെത്തിക്കും? ഒരു നാടിന്റെ സമ്പത്താണ് അവിടുത്തെ . യുവജനങ്ങളും കര്‍ഷകരും. അത് തിരിച്ചറിയാത്ത ഭരണാധികാരികളോട് നമുക്ക് സഹതപിക്കാം. പക്ഷെ, ഉദ്യോഗാര്‍ത്ഥികള്‍ ഒരു ഗതിയുമില്ലാതെ, ഇന്ന് സംഭവിച്ചതുപോലെ ആത്മഹൂതിക്ക് ശ്രമിക്കുമ്പോള്‍ നമുക്ക് കാഴ്ചക്കാരായി ഇരിക്കാന്‍ പറ്റില്ല. ഏതറ്റം വരെയും അവരുടെ കൂടെ നില്‍ക്കാന്‍ നമ്മളെല്ലാം പ്രതിജ്ഞാബദ്ധരാണ്. ഇന്ന് ആ തെരുവില്‍ വീണ മണ്ണെണ്ണയേക്കാള്‍ തീക്ഷ്ണതയുള്ള കണ്ണൂനീര് മാത്രം മതി ഈ സര്‍ക്കാറിനെ ചാരമാക്കാന്‍”.

Related Articles

Back to top button