IndiaLatest

ഗവര്‍ണര്‍ക്ക്​ വിമാനം നിഷേധിച്ച്‌​ മഹാരാഷ്​ട്ര സര്‍ക്കാര്‍

“Manju”

മുംബൈ: ഗവര്‍ണര്‍ ഭഗത്​ സിങ്​ കോശിയാരിയുമായുള്ള പോര്​ കടുപ്പിച്ച്‌​ മഹാരാഷ്​ട്ര സര്‍ക്കാര്‍. വ്യാഴാഴ്​ച ജന്മനാടായ ഉത്തരഖണ്ഡിലെ ഒരു ചടങ്ങില്‍ പ​ങ്കെടുക്കാന്‍ പോകാന്‍ മുംബൈ വിമാനത്താവളത്തിലെത്തിയ ഗവര്‍ണര്‍ക്ക്​ മഹാരാഷ്​ട്ര സര്‍ക്കാര്‍ വിമാനം വിട്ടുനല്‍കിയില്ല. ആവശ്യമായ അനുമതി സര്‍ക്കാറില്‍ നിന്ന്​ കിട്ടിയിട്ടില്ലെന്ന്​ പൈലറ്റ്​ അറിയിക്കുകയായിരുന്നു. ഉടനെ ബന്ധപ്പെട്ടവരെ ഗവര്‍ണര്‍ ഫോണില്‍ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല.
തുടര്‍ന്ന്​ അദ്ദേഹം യാത്രാ വിമാനത്തില്‍ ടിക്കറ്റ്​ ബുക്ക്​ ചെയ്​ത്​ ഡെറാഡൂണിന്​ പോയെന്ന്​ ഗവര്‍ണറുടെ ഓഫിസില്‍ നിന്ന്​ അറിയിച്ചു. മസൂറിയിലെ ഐ.എ.എസ്​ അക്കാദമിയില്‍ നാളെ നടക്കുന്ന പരിശീലന പരിപാടിയുടെ സമാപന ചടങ്ങില്‍ അധ്യക്ഷത വഹിക്കാനാണ്​ കോശിയാരി ഉത്തരഖണ്ഡിലേക്ക്​ പോകാനൊരുങ്ങിയത്​. അവിടുത്തെ രണ്ടാമത്തെ മുഖ്യമന്ത്രിയായിരുന്നു കോശിയാരി. ആദ്യം ഡെറാഡൂണിലും പിന്നീട്​ മസൂറിയിലും പോകാനായിരുന്നു പദ്ധതി. യാത്രാ വിവരം ഫെബ്രുവരി രണ്ടിന്​ തന്നെ മുഖ്യമന്ത്രിയുടെ ഓഫിസിനെയും ബന്ധപ്പെട്ട അധികൃതരെയും അറിയിച്ചിരുന്നെന്നും ഇന്ന്​ രാവിലെ പത്തിന്​ ഡെറാഡൂണിലേക്ക്​ പോകുന്നതിനായി വിമാനത്താവളത്തില്‍ എത്തിയപ്പോളാണ്​ അനുമതി നിഷേധിച്ചതായി അറിയുന്നതെന്നും ഗവര്‍ണുടെ ഓഫിസ്​ അറിയിച്ചു.
സര്‍ക്കാര്‍ വിമാനം വ്യക്​തിപരമായ ആവശ്യങ്ങള്‍ക്കുള്ളതല്ലെന്നും ഔദ്യോഗിക ആവശ്യത്തിനുള്ളതാണെന്നുമാണ്​ ശിവസേന നേതാവ്​ വിനായക്​ റാവുത്ത് ഈ സംഭവത്തിനോട്​ ​ പ്രതികരിച്ചത്​. അനുമതിയില്ലെന്ന വിവരം ബന്ധപ്പെട്ട ഉദ്യോഗസ്​ഥര്‍ നേരത്തെ ഗവര്‍ണറെ അറിയിക്കണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഗവര്‍ണര്‍ ക്വോട്ടയില്‍ 17 പേരെ നിയമസഭ കൗണ്‍സില്‍ അംഗങ്ങളായി (എം.എല്‍.സി) നിയമിക്കാനാവശ്യപ്പെട്ട്​ ശിവസേന, എന്‍.സി.പി, കോണ്‍ഗ്രസ്​ കൂട്ടുകെട്ടിലെ മഹാ വികാസ്​ അഗാഡി സര്‍ക്കാര്‍ നല്‍കിയ പട്ടിക ഗവര്‍ണര്‍ ഇതുവരെ അംഗീകരിച്ചിട്ടില്ല. ബി.ജെ.പി വിട്ട്​ എന്‍.സി.പിയില്‍ ചേര്‍ന്ന ഏക്​നാഥ്​ ഖഡ്​സെയും സര്‍ക്കാര്‍ നല്‍കിയ പട്ടികയിലുണ്ട്​. ഖഡ്​സെ മന്ത്രിയാകാന്‍ കാത്തുനില്‍ക്കുതിനിടെയാണ്​ ഗവര്‍ണര്‍ സര്‍ക്കാര്‍ പട്ടിക പരിഗണിക്കാതെ മാറ്റിവെച്ചത്​.
മുന്‍ ബി.ജെ.പി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്​നാവിസിന്റെ കടുത്ത എതിരാളിയാണ്​ ഖഡ്​സെ. 2014ല്‍ ബി.ജെ.പി അധികാരത്തിലെത്തിയപ്പോള്‍ മുതിര്‍ന്ന നേതാവായ ഖഡ്​സയെ തഴഞ്ഞാണ്​ ഫഡ്​നാവിസ്​ മുഖ്യമന്ത്രിയായത്​. ഫഡ്​നാവിസ്​ മന്ത്രിസഭയില്‍ ഖഡ്​സെ റവന്യു മന്ത്രിയായെങ്കിലും അഴിമതി ആരോപണത്തിന്റെ പേരില്‍ രാജിവെക്കേണ്ടി വന്നു. പാര്‍ട്ടിയില്‍ ഒറ്റപ്പെട്ടതോടെയാണ്​ എന്‍.സി.പിയില്‍ ചേര്‍ന്നത്​. ഖഡ്​സയുടെ പേരുള്ളതിനാലാണ്​ ഗവര്‍ണര്‍ സര്‍ക്കാര്‍ പട്ടിക പരിഗണിക്കാത്തതെന്നും ഫഡ്​നാവിസിന്റെ ഇഷ്​ടത്തിനൊത്താണ്​ ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നതെന്നും ആരോപണമുണ്ട്​.

Related Articles

Back to top button