IndiaLatest

ഇഎസ്‌ഐ കാര്‍ഡ് ഉള്ളവര്‍ക്ക് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടാം

“Manju”

ഡല്‍ഹി: ഇഎസ്‌ഐ കാര്‍ഡ് ഉള്ളവര്‍ക്ക് സ്വകാര്യ ആശുപത്രിയിലും ഇനി മുതല്‍ ചികിത്സ തേടാമെന്ന് റിപ്പോര്‍ട്ട്‌. ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഗുണഭോക്താവിന്റെ വീടിന്റെ 10 കിലോമീറ്ററിനുള്ളില്‍ ESIC ആശുപത്രി ഇല്ലെങ്കില്‍ സംസ്ഥാന ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ പാനലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന സ്വകാര്യ ആശുപത്രികളില്‍ ചികിത്സയ്ക്കായി പോകാമെന്നാണ് റിപ്പോര്‍ട്ട്‌.

പുതിയ മന്ത്രാലയങ്ങളിലേക്കും ഇ.എസ്.ഐ പദ്ധതി വ്യാപിപ്പിച്ചതിന്റെ ഫലമായി ഇ.എസ്.ഐ ഗുണഭോക്താക്കളുടെ എണ്ണത്തില്‍ വലിയ വര്‍ധനയുണ്ടായതായി തൊഴില്‍ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു. ഇ.എസ്.ഐ അംഗങ്ങള്‍ക്ക് അവരുടെ വീടുകള്‍ക്ക് ചുറ്റുമുള്ള മെഡിക്കല്‍ സൗകര്യങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനും ശക്തിപ്പെടുത്താനുമാണ് ശ്രമിക്കുന്നത്‌.
‘ഇ.എസ്.ഐ ആശുപത്രി, ഡിസ്പെന്‍സറി, ഇന്‍ഷ്വര്‍ ചെയ്ത മെഡിക്കല്‍ പ്രാക്ടീഷണര്‍ (ഐ.എം.പി) എന്നിവ 10 കിലോമീറ്റര്‍ ചുറ്റളവില്‍ ഇല്ലാത്തതിനാല്‍ ചില മേഖലകളില്‍ ഗുണഭോക്താക്കള്‍ക്ക് മെഡിക്കല്‍ സൗകര്യം ലഭിക്കുന്നത് ബുദ്ധിമുട്ടാണ്. അത്തരമൊരു സാഹചര്യത്തില്‍, രാജ്യത്തെ ഇ.എസ്.ഐ.സിയുടെ എംപാനല്‍ഡ് ആശുപത്രികളില്‍ ആരോഗ്യ പരിരക്ഷാ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള അവസരം ഇ.എസ്.ഐ ഗുണഭോക്താക്കള്‍ക്ക് ഇപ്പോള്‍ നല്‍കിയിട്ടുണ്ട്. ഇതിനായി ഗുണഭോക്താവിന് ഏതെങ്കിലും ESIC ആശുപത്രിയില്‍ നിന്ന് അനുമതി ലഭിക്കേണ്ടതില്ല. ‘

അത്തരം പ്രദേശങ്ങളിലെ ഗുണഭോക്താക്കള്‍ക്ക്‌ ഒപിഡി സേവനങ്ങള്‍ സൗജന്യമായി ലഭിക്കുന്നതിന് അവരുടെ ഇഎസ്‌ഐ തിരിച്ചറിയല്‍ കാര്‍ഡോ ആരോഗ്യ പാസ്ബുക്കോ കാണിക്കേണ്ടതുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. ഇതിനുപുറമെ ആധാര്‍ കാര്‍ഡും ആവശ്യമാണ്. അത്തരം ഗുണഭോക്താവിന് ഒപിഡിയില്‍ ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന മരുന്നുകള്‍ക്കുള്ള പണം പിന്‍വലിക്കാനുള്ള സൗകര്യം ഉണ്ടായിരിക്കും.

Related Articles

Back to top button