IndiaKeralaLatest

യുഡിഎഫില്‍ മുഖ്യമന്ത്രിയാകാന്‍ യോഗ്യന്‍‍ ഉമ്മന്‍ചാണ്ടി- സര്‍വ്വേ

“Manju”

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാറിന് ഭരണത്തുടര്‍ച്ച പ്രവചിച്ചുകൊണ്ടാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ ആദ്യ പ്രീ പോള്‍ സര്‍വേ ഫലം അവസാനിച്ചിരിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് മറ്റ് നേതാക്കളെയെല്ലാം ബഹുദൂരം പിന്നിലാക്കി പിണറായി വിജയന്‍ മുന്നിട്ട് നില്‍ക്കുന്നുവെന്നാണ് സര്‍വേ ഫലം വ്യക്തമാക്കുന്നത്. യുഡിഎഫ് നേതാക്കളില്‍ നിന്ന് ആര് മുഖ്യമന്ത്രിയാകണം എന്ന ചോദ്യത്തിന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ആണ് കൂടുതല്‍ പേരും പിന്തുണച്ചിരിക്കുന്നത്. സര്‍വേയില്‍ പങ്കെടുത്തവരില്‍ 42 ശതമാനം പേരുടെ പിന്തുണയാണ് ഉമ്മന്‍ചാണ്ടിക്ക് ലഭിച്ചത്.

ഏറ്റവും കൗതുകകരമായ കാര്യം യുഡിഎഫില്‍ നിന്നും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആര് എന്ന ചോദ്യത്തിന് ഉമ്മന്‍ചാണ്ടിക്ക് പിന്നില്‍ പോലും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇടംപിടിച്ചില്ല എന്നുള്ളത്. 27 ശതമാനം വോട്ടുകള്‍ നേടി ശശി തരൂര്‍ ആണ് ചെന്നിത്തലയെ മറികടന്ന് രണ്ടാംസ്ഥാനത്ത് എത്തിയിരിക്കുന്നത്. മൂന്നാമതുള്ള ചെന്നിത്തലയക്ക് 19 ശതമാനം പേരുടെ പിന്തുണയാണ് ഉള്ളത്. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് ആറ് ശതമാനം വോട്ടുകള്‍ ലഭിച്ചപ്പോള്‍ അത്രതന്നെ ശതമാനം പേര്‍ അറിയില്ല, അല്ലെങ്കില്‍ മറ്റുള്ളവര്‍ വരട്ടെ എന്ന നിലപാട് സ്വീകരിച്ചു.

അതേസമയം, എല്‍ഡിഎഫ് 72 മുതല്‍ 78 സീറ്റ് വരെ നേടി ഭരണം നിലനിര്‍ത്തുമെന്നാണ് സര്‍വേ പറയുന്നത്. യുഡിഎഫിന് 59 മുതല്‍ 65 വരെ സീറ്റുകള്‍ ലഭിച്ചേക്കും. എന്‍ഡിഎയ്ക്ക് വലിയ മുന്നേറ്റമാണ് സര്‍വേ പ്രവചിക്കുന്നത്. നിലവില്‍ ഒരു സീറ്റുള്ള അവര്‍ക്ക് മൂന്ന് മുതല്‍ ഏഴ് വരെ സീറ്റുകള്‍ ലഭിക്കുമെന്നാണ് പ്രീ പോള്‍ സര്‍വെ പ്രവചിക്കുന്നത്. തെക്കന്‍ കേരളത്തിലും വടക്കന്‍ കേരളത്തിലും ഇടതിന് മേധാവിത്വം ലഭിക്കുമ്പോള്‍ യുഡിഎഫിന്റെ മേധാവിത്വം മധ്യകേരളത്തില്‍ ഒതുമെന്നും സര്‍വെ പറയുന്നു.

Related Articles

Back to top button