IndiaKeralaLatest

ദൃശ്യത്തിന്റെ മൂന്നാംഭാഗത്തിന്റെ ഗംഭീര ക്ലൈമാക്സ് റെഡി- ജീത്തു ജോസഫ്

“Manju”

കോട്ടയം: വന്‍ വിജയം നേടിയ ദൃശ്യം സിനിമയുടെ രണ്ടാംഭാഗം ദൃശ്യം 2 ഗംഭീര അഭിപ്രായം നേടി മുന്നേറുകയാണ്. ചിത്രത്തിന്റെ ഗംഭീരവിജയത്തിന് പിന്നാലെ മറ്റ് ഭാഷകളിലേക്കും ദൃശ്യം രണ്ട് റിലീസ് ചെയ്യുമെന്ന് നിര്‍മ്മാതാവ് ആന്റമി പെരുമ്ബാവൂര്‍ അറിയിച്ചിരുന്നു.. ചിത്രത്തിന്റെ മൂന്നാംഭാഗം ഉണ്ടാകുമെന്നും ആന്റണി പെരുമ്ബാവൂര്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ സംവിധായകന്‍ ജീത്തു ദോസഫും മൂന്നാംഭാഗം ഉണ്ടാകും എന്ന കാര്യം സ്ഥിരീകരിച്ചിരിക്കുകയാണ്. മൂന്നാം ഭാഗത്തിന് വേണ്ടിയുള്ള ഗംഭീര ക്ലൈമാക്സ് തന്റെ കയ്യിലുണ്ടെന്ന് കോട്ടയം പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ ജീത്തു വെളിപ്പെടുത്തി. ഇത് മോഹന്‍ലാലുമായും ആന്റണി പെരുമ്ബാവൂരുമായും ചര്‍ച്ച ചെയ്തു. അവര്‍ക്കും ഇഷ്ടപ്പെട്ടു. അതേസമയം ചിത്രം ഉടന്‍ ഉണ്ടാകില്ലെന്നും കുറഞ്ഞത് മൂന്ന് വര്‍ഷമെങ്കിലും കഴിഞ്ഞേ ദൃശ്യം 3 ഉണ്ടാകൂവെന്നും ജീത്തു ജോസഫ് വ്യക്തമാക്കി.
സിനിമയില്‍ ബാക്കി വേണ്ട കാര്യങ്ങളെ കുറിച്ച്‌ ഇനിയും വ്യക്തത വരുത്തേണ്ടതുണ്ട്. പുതിയ കാര്യങ്ങള്‍ കിട്ടിയാല്‍ അതേക്കുറിച്ച്‌ ആലോചിക്കുമെന്നും ജീത്തു ജോസഫ് പറഞ്ഞു.
സിനിമയെക്കുറിച്ച്‌ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ചര്‍ച്ചകളില്‍ തനിക്ക് സന്തോഷമുണ്ടെന്നും ജിത്തു ജോസഫ് പറഞ്ഞു. ഇതുവരെ ചിന്തിക്കാത്ത പലതും ആളുകള്‍ കണ്ടെത്തുന്നുണ്ട്. വിമര്‍ശനങ്ങളെ താന്‍ സ്വാഗതം ചെയ്യുകയാണെന്നും ജീത്തു പറഞ്ഞു.
സിനിമയെക്കുറിച്ച്‌ ഏറ്റവും കൂടുതല്‍ ഉയരുന്ന വിമര്‍ശനം ക്രിമിനല്‍ സാധ്യതയെ പ്രോത്സാഹിപ്പിക്കുമെന്നതാണ്. ഇതിനും കൃത്യമായ മറുപടി ജിത്തു ജോസഫിനുണ്ട്. ‘കുടുംബം എല്ലാവര്‍ക്കും പ്രധാനപ്പെട്ടതാണ്. സിനിമയില്‍ ജോര്‍ജ് കുട്ടിക്കുണ്ടായ പോലൊരു അനുഭവം എനിക്കുണ്ടായാല്‍ ഞാനും കൊല്ലും. ഒരിക്കലും ആഗ്രഹിക്കാത്ത ഒരു കൊലപാതകമാണ് സിനിമയില്‍ നടക്കുന്നത്. അതുകൊണ്ടുതന്നെ ആ കുടുംബത്തെ സംരക്ഷിക്കാന്‍ ജോര്‍ജുകുട്ടി അത്തരത്തില്‍ ബുദ്ധിപരമായ ഇടപെടുന്നതിനെ ഞാന്‍ കുറ്റം പറയില്ല’. ജീത്തു ജോസഫ് പറഞ്ഞു.
സിനിമയില്‍ പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കിയത് ബോധപൂര്‍വ്വമാണ്. മിമിക്രിയില്‍ ഉള്‍പ്പെടെ നിരവധി കഴിവുള്ള കലാകാരന്‍മാര്‍ മലയാളത്തിലുണ്ട്. എന്നാല്‍ ഇവരെ പലരും വേണ്ടവിധത്തില്‍ ഉപയോഗപ്പെടുത്താറില്ല. പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കണമെന്ന നിലപാടാണ് തനിക്ക്. എന്നാല്‍ ഇപ്പോഴും പുതുമുഖങ്ങളെ മാത്രം വെച്ച്‌ ഒരു സിനിമ ഉണ്ടാക്കാനുള്ള ധൈര്യമില്ലെന്നും ജീത്തു ജോസഫ് പറയുന്നു. പുതിയ സിനിമ ന്യൂജനറേഷന്‍ രീതിയില്‍ സംവിധാനം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. എന്നും ക്രൈം ത്രില്ലര്‍ എന്ന നിലയില്‍ പോകാന്‍ താല്‍പര്യമില്ല. ഇതിനായി ബോധപൂര്‍വം നേരത്തെയും ശ്രമം നടത്തിയിട്ടുണ്ട്. മൈ ബോസ്, മമ്മി മി തുടങ്ങിയ സിനിമകള്‍ എടുത്തത് ഇതിന്റെ ഭാഗമാണെന്നും ജീത്തു ജോസഫ് വ്യക്തമാക്കി.

Related Articles

Check Also
Close
Back to top button