India

900 വർഷം പഴക്കമുള്ള ബുദ്ധവിഹാരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി

“Manju”

റാഞ്ചി : ഝാർഖണ്ഡിൽ വർഷങ്ങൾ പഴക്കമുള്ള ബുദ്ധവിഹാരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി പുരാവസ്തു വകുപ്പ്. ഹസാഹിബാഗിലെ ബ്രുഹാനി ഗ്രാമത്തിലാണ് ആശ്രമം കണ്ടെത്തിയിരിക്കുന്നത്. ആശ്രമത്തിന് ഏകദേശം 900 വർഷക്കാലത്തെ പഴക്കമുണ്ട്.

ബുദ്ധന്റെയും, താരയുടെയും വിഗ്രഹങ്ങളും, മഹേശ്വരി ദേവിയുടെ ചിത്രം ആലേഖനം ചെയ്ത ഫലകവുമാണ് കണ്ടെത്തിയത്. ബുദ്ധന്റെ 10 വിഗ്രഹങ്ങളും താരാ ദേവിയുടെ നാല് വിഗ്രഹങ്ങളുമാണ് മണ്ണിനടിയിൽ നിന്നും കണ്ടെടുത്തത്. കഴിഞ്ഞ ഡിസംബറിൽ ജുൽജുൽ പഹറിൽ നിന്ന് മൂന്ന് അറകളുള്ള ബുദ്ധ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബ്രുഹാനി ഗ്രാമത്തിൽ നിന്നും വിഗ്രഹങ്ങൾ കണ്ടെത്തുന്നത്.

ബുദ്ധ വിഹാരം കണ്ടെത്തിയതിനെ തുടർന്ന് ജുൽജുൽ പഹറിലെ മലമുകൾ കേന്ദ്രീകരിച്ചായിരുന്നു തങ്ങൾ പരിശോധന നടത്തിയിരുന്നതെന്ന് പുരാവസ്തു വകുപ്പ് പാറ്റ്‌ന ബ്രാഞ്ച് മേധാവി നീരജ് കുമാർ മിശ്ര പറഞ്ഞു. ബുദ്ധന്റെ പ്രബോധനങ്ങളെ സൂചിപ്പിക്കുന്ന മുദ്രകളോട് കൂടിയ വിഗ്രഹങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. വിഗ്രഹങ്ങളുടെ അവശിഷ്ടങ്ങൾ ഇതുവരെ ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചിട്ടില്ല. പാലാ കാലഘട്ടത്തിലെ വിഗ്രഹങ്ങളാണ് കണ്ടെത്തിയിരിക്കുന്നതെന്നാണ് പ്രാഥമിക നിഗമനമെന്നും അദ്ദേഹം വ്യക്തമാക്കി.

ഝാർഖണ്ഡിൽ ബുദ്ധ മതം ശക്തമായി നിലനിന്നിരുന്നതിന്റെ സൂചനകളാണ് വിഗ്രഹങ്ങളിൽ നിന്നും ലഭിക്കുന്നതെന്ന് പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥൻ രാജേന്ദ്ര ദേഹൂരി പ്രതികരിച്ചു.

Related Articles

Back to top button