KeralaLatest

പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ നേതാവിന് അനധികൃത സ്ഥാനക്കയറ്റം

“Manju”

തിരുവനന്തപുരം: പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ നേതാവ് അനധികൃതമായി സ്ഥാനക്കയറ്റം നേടിയെന്ന് സേനയിൽ ആരോപണം. ഓഫീസേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി.ആർ ബിജുവിനെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. സിപിഎം ഇടപെടലാണ് മുൻഗണനാ ക്രമം അട്ടിമറിച്ചുള്ള സ്ഥാനക്കയറ്റത്തിന് പിന്നിലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.

മുൻഗണനാ പട്ടികയിൽ തനിക്ക് മുൻപുള്ള നിരവധി ഉദ്യോഗസ്ഥരെ ഒഴിവാക്കിയാണ് സി.ആർ ബിജു എഎസ്‌ഐയിൽ നിന്നും എസ്‌ഐയായി സ്ഥാനക്കയറ്റം നേടിയത്. 29.12.2020ലാണ് സ്ഥാനക്കയറ്റത്തിനുള്ള ഡിപ്പാർട്ട്‌മെന്റൽ പ്രമോഷൻ കമ്മിറ്റി കൂടി സാധ്യതാ പട്ടിക തയ്യാറാക്കിയത്. ഇതിന് ശേഷം കഴിഞ്ഞ 4ന് ഈ പട്ടിക പ്രസിദ്ധീകരിക്കുകയും ചെയ്തു. സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കുന്നതിന് മുൻപായി കഴിഞ്ഞ 2ന് തന്നെ അസോസിയേഷൻ നേതാവിന് സ്ഥാനക്കയറ്റം നൽകിയെന്നാണ് പുറത്തുവരുന്ന രേഖകൾ വ്യക്തമാക്കുന്നത്.

പരാതികൾ തീർക്കാൻ മറ്റുള്ളവർക്ക് അവസരം നൽകാതെ സാധ്യതാ പട്ടിക വൈകിപ്പിച്ചതിന് പിന്നിലും ഈ നീക്കമാണെന്നാണ് ഉയരുന്ന ആരോപണം. ഇതിനായി അസോസിയേഷൻ നേതാവിന് മുൻപുള്ള മൂന്ന് ഉദ്യോഗസ്ഥരുടെ രഹസ്യ റിപ്പോർട്ട് പൂഴ്ത്തിയെന്നും ആരോപണമുണ്ട്. ഇതിനൊപ്പം തന്റെ കൂടെ ജോലിയിൽ പ്രവേശിച്ചവരെക്കാൾ കൂടുതൽ ശമ്പളം സി.ആർ ബിജു കൈപ്പറ്റുന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു.

ഇഡിക്കെതിരായ മൊഴികൾ പോലീസിൽ നിന്ന് പുറത്ത് വന്നതിന് പിന്നിൽ ചില അസോസിയേഷൻ നേതാക്കൾക്ക് ബന്ധമുണ്ടെന്ന് കേന്ദ്ര ഇന്റലിജൻസ് കണ്ടെത്തിയിരുന്നു. ഇതിനിടെയാണ് അസോസിയേഷൻ നേതാവിന് സംസ്ഥാന സർക്കാർ വഴിവിട്ട് സ്ഥാനക്കയറ്റം നൽകിയിരിക്കുന്നത്. എന്നാൽ അനധികൃതമായി താൻ സ്ഥാനക്കയറ്റം നേടിയിട്ടില്ലെന്നാണ് സി.ആർ ബിജുവിന്റെ അവകാശ വാദം.

Related Articles

Back to top button