KeralaLatest

ലിനിയുടെ ത്യാഗത്തിനു മുന്നില്‍ കേരളം കടപ്പെട്ടിരിക്കുന്നു; മുഖ്യമന്ത്രി

“Manju”

തിരുവനന്തപുരം: കേരളത്തെ ദുരന്തത്തിലാഴ്ത്തിയ നിപ്പ വൈറസ് ബാധിച്ചവരെ ശുശ്രൂഷിക്കുന്നതിനിടെ രോ​ഗം ബാധിച്ച്‌ മരിച്ച സിസ്റ്റര്‍ ലിനിയെ സ്മരിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. ലിനിയുടെ സ്ഥൈര്യത്തിനും ത്യാഗത്തിനും കേരളം ഒന്നടങ്കം കടപ്പെട്ടിരിക്കുന്നു. ലിനിയുടെ ഓര്‍മ്മകള്‍ മുന്‍പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
അസാധാരണമായ പ്രതിസന്ധികളെ മാനവരാശി മറികടക്കുന്നത് മനുഷ്യരുയര്‍ത്തുന്ന അസാമാന്യമായ പോരാട്ടങ്ങളിലൂടെയാണ്. സ്വജീവതത്തേക്കാള്‍ വലുതാണ് തന്റെ നാടിന്റെ സുരക്ഷയും അതിജീവനവുമെന്നു കരുതുന്ന അവരുടെ ത്യാഗോജ്ജ്വലമായ ജീവിതം സമൂഹത്തെ ഒറ്റക്കെട്ടായി നിന്നു പോരാടാന്‍ പ്രചോദിപ്പിക്കും. അതുവരെയില്ലാത്ത ഊര്‍ജ്ജവും ധീരതയും ദിശാബോധവും നമുക്ക് കൈവരും. അത്തരത്തില്‍, നിപ്പാ മഹാമാരിയ്ക്കു മുന്‍പില്‍ ഭയചകിതരായി നിന്ന ഒരു ജനതയ്ക്ക് തന്റെ ത്യാഗത്തിലൂടെ ധൈര്യം പകരുകയാണ് സിസ്റ്റര്‍ ലിനി ചെയ്തത്. പിന്നീട് കേരളം നേരിട്ട ഓരോ ആപല്‍ഘട്ടങ്ങളേയും ഓരോരുത്തരും മറ്റുള്ളവര്‍ക്ക് വേണ്ടി നിലകൊണ്ടുകൊണ്ടാണ് നമ്മള്‍ മറികടന്നത്. ആ ത്യാഗബോധവും ധീരതയും കേരളത്തെ ലോകത്തിനു തന്നെ മാതൃകയാക്കി മാറ്റി.

സിസ്റ്റര്‍ ലിനിയുടെ ഓര്‍മ്മകള്‍ കോവിഡിനെതിരെ നമ്മള്‍ പോരാടുന്ന ഈ കാലത്ത് കൂടുതല്‍ പ്രസക്തമാവുകയാണ്. അനേകായിരങ്ങള്‍ ഈ നാടിനു വേണ്ടി, ഇവിടത്തെ മനുഷ്യരുടെ ജീവനു വേണ്ടി സ്വജീവതത്തേക്കാള്‍ വില നല്‍കി പ്രവര്‍ത്തിക്കുകയാണ്. സിസ്റ്റര്‍ ലിനി ആ പോരാട്ടത്തിന്റെ ഉദാത്തമായ പ്രതീകമാവുകയാണ്. അവരുടെ സ്ഥൈര്യത്തിനും ത്യാഗത്തിനും കേരളം ഒന്നടങ്കം കടപ്പെട്ടിരിക്കുന്നു. ലിനിയുടെ ഓര്‍മ്മകള്‍ മുന്‍പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

Related Articles

Back to top button