Thiruvananthapuram

ശബരിമല യുവതി പ്രവേശം; ഒന്നും പറയാനില്ലെന്ന് ആവർത്തിച്ച് കടകംപള്ളി

“Manju”

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിക്കാനില്ലെന്ന് ആവർത്തിച്ച് കടകംപള്ളി സുരേന്ദ്രൻ. വിഷയത്തിൽ കൂടുതൽ ഒന്നും പറയാനില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കിയതാണെന്ന് അദ്ദേഹം പറഞ്ഞു. വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം നടത്തിയ പ്രതികരണത്തിനും കടകംപള്ളി മറുപടി പറഞ്ഞില്ല.

ശബരിമല വിഷയത്തിൽ കടകംപള്ളി ഖേദം പ്രകടിപ്പിച്ചത് എന്തിനാണെന്ന് മനസിലായില്ലെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കടകംപള്ളിയെ ഖേദപ്രകടത്തിലേയ്ക്ക് നയിച്ചത് എന്താണെന്ന് പറയാൻ കഴിയില്ലെന്നും വിധിയിൽ പരിശോധിക്കേണ്ട കാര്യങ്ങളുണ്ടെന്ന് സുപ്രീംകോടതിക്ക് തന്നെ തോന്നുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

യുവതി പ്രവേശനം നടക്കാൻ പാടില്ലായിരുന്നു എന്ന ദേവസ്വം മന്ത്രിയുടെ തുറന്നുപറച്ചിലിനോട് പാർട്ടിക്കുള്ളിൽ തന്നെ അഭിപ്രായ ഭിന്നതകൾ ഉടലെടുത്തിരുന്നു. കടകംപള്ളി ഖേദപ്രകടനം നടത്തിയത് എന്തിനാണെന്ന് അറിയില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചതോടെയാണ് തെരഞ്ഞെടുപ്പിൽ ശബരിമല വീണ്ടും സജീവ ചർച്ചയായത്. സിപിഎമ്മിന്റെ ഇരട്ടത്താപ്പ് പകൽപോലെ വ്യക്തമാണെന്ന് ചൂണ്ടിക്കാട്ടി ബിജെപി ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളും എൻഎസ്എസും പരസ്യപ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

Related Articles

Back to top button