KeralaLatest

തെരഞ്ഞെടുപ്പ് പരസ്യങ്ങള്‍: സര്‍ട്ടിഫിക്കേഷന്‍ നിര്‍ബന്ധം

“Manju”

ശ്രീജ.എസ്‌

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു മാധ്യമങ്ങളിലൂടെ നല്‍കുന്ന പരസ്യങ്ങള്‍ക്കു ജില്ലാതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റിയുടെ മുന്‍കൂര്‍ സര്‍ട്ടിഫിക്കേഷന്‍ നിര്‍ബന്ധമാണെന്നു ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ. സര്‍ട്ടിഫിക്കേഷന്‍ ഇല്ലാതെ പരസ്യങ്ങള്‍ പ്രചാരണത്തിന് ഉപയോഗിക്കുന്നതു ചട്ടവിരുദ്ധമാണെന്നും, മാധ്യമങ്ങളിലൂടെയുള്ള തെരഞ്ഞെടുപ്പു പ്രചാരണം കളക്ടറേറ്റിലെ മീഡിയ മോണിറ്ററിങ് സെല്ലില്‍ 24 മണിക്കൂര്‍ നിരീക്ഷണത്തിനു വിധേയമാക്കുന്നുണ്ടെന്നും കളക്ടര്‍ പറഞ്ഞു.
ടെലിവിഷന്‍ ചാനലുകള്‍, പ്രാദേശിക കേബിള്‍ ചാനലുകള്‍, സ്വകാര്യ എഫ്.എം. ചാനലുകള്‍ ഉള്‍പ്പെടെയുള്ള റേഡിയോകള്‍, സിനിമ തീയേറ്ററുകള്‍, പൊതു സ്ഥലങ്ങളിലും സമൂഹ മാധ്യമങ്ങളിലും നല്‍കുന്ന ഓഡിയോ, വിഡിയോ ഡിസ്‌പ്ലേകള്‍, ബള്‍ക്ക് എസ്.എം.എസുകള്‍, വോയ്‌സ് മെസേജുകള്‍, ഇ-പേപ്പറുകള്‍ തുടങ്ങിയവയിലൂടെ നല്‍കുന്ന പരസ്യങ്ങള്‍ക്കു മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാണ്. ഇതിനായി സ്ഥാനാര്‍ഥികളും അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളും അനുബന്ധം – 28ല്‍ മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റിക്ക് സര്‍ട്ടിഫിക്കേഷനായി അപേക്ഷ നല്‍കണം.

ടെലികാസ്റ്റ് ചെയ്യുന്നതിനു മൂന്നു ദിവസം മുന്‍പെങ്കിലും അപേക്ഷ സമര്‍പ്പിച്ചിരിക്കണം. പരസ്യത്തിന്റെ ഇലക്‌ട്രോണിക് പതിപ്പിന്റെ രണ്ടു പകര്‍പ്പുകളും സാക്ഷ്യപ്പെടുത്തിയ ട്രാന്‍സ്‌ക്രിപ്റ്റും സഹിതമാണ് അപേക്ഷിക്കേണ്ടത്. പരസ്യത്തിന്റെ നിര്‍മാണച്ചെലവ്, ടെലികാസ്റ്റ് ചെയ്യുന്നതിനുള്ള ഏകദേശ ചെലവ് എന്നിവ അപേക്ഷയില്‍ വ്യക്തമാക്കണം. പരസ്യം പ്രദര്‍ശിപ്പിക്കുന്നതിനു നല്‍കുന്ന പണം ചെക്കായോ ഡിമാന്‍ഡ് ഡ്രാഫ്റ്റായോ മാത്രമേ നല്‍കൂ എന്ന പ്രസ്താവനയും നല്‍കണം.

തിരുവനന്തപുരം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസിലാണ് ജില്ലയിലെ 14 മണ്ഡലങ്ങളിലേയും തെരഞ്ഞെടുപ്പു പരസ്യങ്ങളുടെ സര്‍ട്ടിഫിക്കേഷനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നത്. ലഭിക്കുന്ന അപേക്ഷകള്‍ കളക്ടര്‍ അധ്യക്ഷയായ ജില്ലാതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി പരിശോധിച്ച്‌ അംഗീകാരം നല്‍കിയ ശേഷം അപേക്ഷകനു സര്‍ട്ടിഫിക്കറ്റ് നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസിന്റെ 0471 2731300 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്നും കളക്ടര്‍ അറിയിച്ചു.

Related Articles

Back to top button