KeralaLatest

തിരഞ്ഞെടുപ്പ് പ്രചാരണം: അമിത് ഷാ ഇന്ന് സംസ്ഥാനത്ത് വിവിധ പരിപാടികളില്‍ പങ്കെടുക്കും

“Manju”

കൊച്ചി: എന്‍ഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് മൂന്ന് പരിപാടികളില്‍ പങ്കെടുക്കും. രാവിലെ പത്തരയ്ക്ക് തൃപ്പൂണിത്തുറയില്‍ റോഡ് ഷോയില്‍ അമിത് ഷാ പങ്കെടുക്കും. പതിനൊന്നരയ്ക്ക് കാഞ്ഞിരപ്പള്ളിയില്‍ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും. ഉച്ചയ്ക്ക് രണ്ടരയ്ക്ക് പുറ്റിങ്ങല്‍ ദേവീ ക്ഷേത്ര മൈതാനത്ത് പൊതുസമ്മേളനത്തില്‍ സംസാരിക്കും. അഞ്ച് മണിയോടെ മലമ്പുഴ മണ്ഡലത്തിലെ കഞ്ചിക്കോട്ട് എത്തുന്ന അമിത് ഷാ, കഞ്ചിക്കോട് മുതല്‍ സത്രപ്പടിവരെ റോഡ് ഷോ നയിക്കും. റോഡ് ഷോയില്‍ പങ്കെടുത്ത ശേഷം തിരഞ്ഞെടുപ്പ് പ്രചാരങ്ങള്‍ക്കായി കോയമ്പത്തൂരേക്ക് മടങ്ങും.

അതേസമയം, ഇന്ന് എന്‍ഡിഎയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറങ്ങും. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ തിരുവനന്തപുരത്താണ് പ്രകടനപത്രിക പ്രകാശനം ചെയ്യുക. ശബരിമല, ലൗ ജിഹാദ് എന്നിവയില്‍ നിയമനിര്‍മാണമാണ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം. ക്ഷേത്രങ്ങളുടെ നടത്തിപ്പ് ദേവസ്വം ബോര്‍ഡുകളില്‍ നിന്നും മാറ്റി വിശ്വാസികള്‍ക്ക് നല്‍കുമെന്നതാകും മറ്റൊരു വാഗ്ദാനം. ഒരു വീട്ടില്‍ ഒരാള്‍ക്ക് ജോലി എന്നതാണ് ബിജെപി പ്രകടനപത്രികയിലെ മറ്റൊരു പ്രധാന വാഗ്ദാനം.

ദേവസ്വം ബോര്‍ഡ് രാഷ്ട്രീയ മുക്തമാക്കുമെന്നതും ക്ഷേത്രഭരണം വിശ്വാസികളെ ഏല്‍പ്പിക്കുന്നതും പ്രകടന പത്രികയില്‍ പരാമര്‍ശിക്കപ്പെട്ടേക്കും. അധികാരത്തില്‍ വന്നാല്‍ ചെയ്യുന്ന കാര്യങ്ങളെ കുറിച്ച്‌ പറയവെ നേരത്തേ ബിജെപിയുടെ തൃശൂര്‍ സ്ഥാനാര്‍ഥി സുരേഷ് ഗോപി ഇക്കാര്യം പരാമര്‍ശിച്ചിരുന്നു. ശബരിമലയില്‍ പന്തളം കൊട്ടാരം, ക്ഷേത്രം തന്ത്രി, ഗുരുസ്വാമിമാര്‍, ഹിന്ദു സംഘടനകള്‍ തുടങ്ങിയവരുള്‍പ്പെട്ട ഭരണസമിതിക്ക് രൂപം നല്‍കും. എല്ലാവര്‍ക്കും വീട്, വൈദ്യുതി, കുടിവെള്ളം എന്നിവ ഉറപ്പു വരുത്തും. ബിപിഎല്‍ കാര്‍ഡുടമകള്‍ക്ക് പ്രതിവര്‍ഷം ആറ് പാചക വാതക സിലണ്ടറുകള്‍ സൗജന്യമായി നല്‍കും.

Related Articles

Back to top button