IndiaLatest

നരേന്ദ്രമോദിക്ക് ഹാര്‍ദ്ദവമായ സ്വീകരണം നല്‍കി ബംഗ്ളാദേശ്

“Manju”

രണ്ട് ദിവസം നീണ്ട് നില്‍ക്കുന്ന സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ബംഗ്ലാദേശിലെത്തി. ധാക്ക വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന സ്വാഗതം ചെയ്തു. ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് നരേന്ദ്ര മോദിയെ രാജ്യം സ്വാഗതം ചെയ്തത്. ഇന്നും നാളെയുമായി വിവിധ ചടങ്ങുകളില്‍ അദ്ദേഹം പങ്കെടുക്കും.

കൊവിഡ് വ്യാപനത്തിനു ശേഷം ഇതാദ്യമായിട്ടാണ് അദ്ദേഹം വിദേശ പര്യടനം നടത്തുന്നത്. 15 മാസങ്ങള്‍ക്ക് ശേഷമാണ് മോദി വിദേശ സന്ദര്‍ശനം നടത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. ഇക്കാലമത്രേയും കൊവിഡ് മഹാമാരിയെ പ്രതിരോധിക്കാനുള്ള പദ്ധതിയിലും പ്രവര്‍ത്തനത്തിലുമായിരുന്നു പ്രധാനമന്ത്രി.

ഷെയ്ഖ് ഹസീനയുടെ ക്ഷണം സ്വീകരിച്ചാണ് മോദി അയല്‍രാജ്യം സന്ദര്‍ശിച്ചത്. ബംഗ്ലാദേശിന്‍റെ അന്‍പതാം സ്വാതന്ത്ര്യ വാര്‍ഷികാഘോഷങ്ങളില്‍ പങ്കെടുക്കാനുള്ള പ്രത്യേക ക്ഷണം സ്വീകരിച്ചിരിക്കുകയാണ് അദ്ദേഹം. ഷെയ്ഖ് ഹസീനയുടെ അഭ്യര്‍ത്ഥന പ്രകാരം നരേന്ദ്ര മോദി ചടങ്ങിലെ മുഖ്യാതിഥിയാകും. ഇരുരാജ്യവും തമ്മില്‍ വിവിധ കരാറില്‍ ഏര്‍പ്പെടുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കൊവിഡിനു ശേഷം ആദ്യ യാത്ര ഇന്ത്യയ്ക്ക് ആഴത്തില്‍ സൗഹൃദമുള്ള അയല്‍രാജ്യത്തേക്ക് ആണെന്നത് സന്തോഷം നല്‍കുന്നതാണെന്ന് മോദി യാത്രയ്ക്ക് മുന്‍പ് പ്രതികരിച്ചിരുന്നു. ബംഗ്ലാദേശിന്‍റെ കൊവിഡ് നിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ പിന്തുണ നല്‍കാനും ഈ സന്ദര്‍ശനം പ്രയോജനപ്പെടുത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. ബംഗ്ളാദേശിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ ഒരു താങ്ങായി ഇന്ത്യ എന്നുമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ബംഗ്ലാദേശ് വിദേശകാര്യമന്ത്രിയുമായി മോദി കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രി മോദി ബംഗ്ലാദേശിലെ മാത്വ സമുദായംഗങ്ങളുമായും ഇന്ന് കൂടിക്കാഴ്ച നടത്തും.

Related Articles

Back to top button